സെപ്റ്റംബർ 15, ചൊവ്വാഴ്ച്ച മുതൽ അന്താരാഷ്ട്ര വ്യോമയാന സേവനങ്ങൾ ഭാഗികമായി പുനരാരംഭിക്കാനും, ഏതാനം വിഭാഗം യാത്രികർക്ക് രാജ്യത്തേക്ക് പ്രവേശിക്കുന്നതിന് അനുമതി നൽകാൻ തീരുമാനിച്ചതായും സൗദി ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചു. സൗദി അറേബ്യയിൽ ഏർപ്പെടുത്തിയിട്ടുള്ള COVID-19 പ്രതിരോധത്തിന്റെ ഭാഗമായുള്ള എല്ലാ യാത്രാ വിലക്കുകളും ജനുവരി 1-നു ശേഷം പൂർണ്ണമായി ഒഴിവാക്കുമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.
ജനുവരി 1-നു ശേഷം രാജ്യത്തിന്റെ എല്ലാ അതിർത്തികളും പൂർണ്ണമായി തുറക്കുമെന്നും, കരയിലൂടെയും, ജലഗതാഗത സംവിധാനങ്ങളിലൂടെയും, വ്യോമയാന മേഖലയിലൂടെയും സൗദിയിലേക്കും, പുറത്തേക്കും യാത്രകൾ അനുവദിക്കുമെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. യാത്രാ നിയന്ത്രണങ്ങൾ പൂർണ്ണമായി ഒഴിവാക്കുന്നതിനുള്ള കൃത്യമായ തീയതി 30 ദിവസങ്ങൾക്ക് മുൻപായി 2020 ഡിസംബറിൽ പ്രഖ്യാപിക്കുമെന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഇത്തരം നിയന്ത്രണങ്ങൾ ഒഴിവാക്കുന്നതോടെ യാത്രകളിൽ പാലിക്കേണ്ട ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ സംബന്ധിച്ച് ആരോഗ്യ മന്ത്രാലയം അറിയിപ്പ് പുറത്തിറക്കുമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചിട്ടുണ്ട്.
ഏതാണ്ട് ആറു മാസത്തെ ഇടവേളയ്ക്ക് ശേഷം സെപ്റ്റംബർ 15 മുതൽ അന്താരാഷ്ട്ര വ്യോമയാന സേവനങ്ങൾ ഭാഗികമായി സൗദി പുനരാരംഭിക്കുന്നതാണ്. ഈ തീരുമാനത്തോടെ ജി സി സി പൗരന്മാർ, സാധുതയുള്ള സൗദി റെസിഡൻസി പെർമിറ്റുള്ള പ്രവാസികൾ, ഇവരുടെ ആശ്രിത വിസകളിലുള്ളവർ, സാധുതയുള്ള വിസിറ്റ് വിസകളിലുള്ളവർ എന്നിവർക്ക് സെപ്റ്റംബർ 15 മുതൽ സൗദിയിലേക്ക് യാത്ര ചെയ്യാവുന്നതാണ്. സൗദിയിലേക്ക് പ്രവേശിക്കുന്നതിന് 48 മണിക്കൂറിനുള്ളിൽ ലഭിച്ച COVID-19 നെഗറ്റീവ് പരിശോധനാ ഫലം ഇത്തരം യാത്രികർക്ക് നിർബന്ധമാക്കിയിട്ടുണ്ട്.
സർക്കാർ ജീവനക്കാർ, സൈനിക ഉദ്യോഗസ്ഥർ, നയതന്ത്രകാര്യാലങ്ങളിലെ ജീവനക്കാർ, ചികിത്സാ ആവശ്യങ്ങൾക്കായി യാത്രകൾ ആവശ്യമുള്ളവർ, സൗദി പൗരന്മാരായ വിദ്യാർഥികൾ എന്നിവർക്കും സെപ്റ്റംബർ 15 മുതൽ സൗദിയിലേക്ക് പ്രവേശിക്കാനും, വിദേശത്തേക്ക് യാത്രചെയ്യുന്നതിനും അനുമതി നൽകിയിട്ടുണ്ട്. ഉംറ തീർത്ഥാടനത്തിനുള്ള വിലക്കുകൾ തുടരുമെന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച തീരുമാനങ്ങൾ പിന്നീട് അറിയിക്കുന്നതാണ്.