കുവൈറ്റ്: വരും ദിനങ്ങളിൽ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ കേന്ദ്രം; വാരാന്ത്യത്തിൽ പൊടിക്കാറ്റിന് സാധ്യത

GCC News

വരും ദിനങ്ങളിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സാമാന്യം ഭേദപ്പെട്ട മഴയ്ക്ക് സാധ്യതയുള്ളതായി കുവൈറ്റ് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. 2022 നവംബർ 16-ന് രാത്രിയാണ് കുവൈറ്റ് ദേശീയ കാലാവസ്ഥാ കേന്ദ്രം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

ബുധനാഴ്ച രാത്രി മുതൽ കുവൈറ്റിന്റെ വിവിധ മേഖലകളിൽ മഴ ലഭിക്കാമെന്നാണ് കാലാവസ്ഥാ കേന്ദ്രം അറിയിച്ചിരിക്കുന്നത്. വ്യാഴാഴ്ച മുതൽ വെള്ളിയാഴ്ച വൈകീട്ട് വരെ മഴ ശക്തി പ്രാപിക്കാനിടയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

മഴയ്ക്ക് ഒപ്പം മണിക്കൂറിൽ അമ്പത് കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം കൂട്ടിച്ചേർത്തു. ഇതിനാൽ ഏതാനം മേഖലകളിൽ അന്തരീക്ഷത്തിൽ പൊടി ഉയരുന്നതിനും, കടലിൽ ആറ് അടിയിൽ കൂടുതൽ ഉയരമുള്ള തിരമാലകൾക്കും സാധ്യതയുണ്ട്.

രാജ്യത്തിന്റെ തെക്കന്‍ മേഖലകളിൽ ശനിയാഴ്ച മുതൽ ചെറിയ രീതിയിൽ മൂടല്‍മഞ്ഞ്‌ അനുഭവപ്പെടാനിടയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്.

Cover Image: Kuwait News Agency.