ഷാർജയിൽ നിന്നുള്ള ഇന്റർസിറ്റി ബസ് സർവീസുകൾ സെപ്റ്റംബർ 15, ചൊവ്വാഴ്ച്ച മുതൽ പുനരാരംഭിക്കാൻ തീരുമാനിച്ചതായി ഷാർജ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്മന്റ് അതോറിറ്റി അറിയിച്ചു. പരമാവധി ശേഷിയുടെ 50 ശതമാനം യാത്രികരുമായാണ് സർവീസുകൾ പുനരാരംഭിക്കുന്നത്. സെപ്റ്റംബർ 13-നാണ് കമ്മിറ്റി ഈ തീരുമാനം അറിയിച്ചത്.
ജുബൈൽ ബസ് സ്റ്റേഷന്റെ പ്രവർത്തനങ്ങളും ചൊവ്വാഴ്ച്ച മുതൽ പുനരാരംഭിക്കാൻ തീരുമാനിച്ചിട്ടുണ്ട്. COVID-19 പശ്ചാത്തലത്തിൽ ഏപ്രിൽ മുതൽ ജുബൈൽ ബസ് സ്റ്റേഷനും, ഷാർജയിൽ നിന്നുള്ള ഇന്റർസിറ്റി ബസ് സർവീസുകളും നിർത്തിവെച്ചിരിക്കുകയാണ്.
യാത്രികരുടെ സംരക്ഷണം ഉറപ്പാക്കുന്നതിനായി കർശനമായ ആരോഗ്യ സുരക്ഷാ നിബന്ധനകൾക്ക് വിധേയമായാണ് സർവീസുകൾ പുനരാരംഭിക്കാൻ തീരുമാനിച്ചിട്ടുള്ളത്. ബസുകളിലേക്ക് പ്രവേശനം നൽകുന്നതിന് മുൻപായി യാത്രികരുടെ ശരീരോഷ്മാവ് പരിശോധിക്കുമെന്ന് ഷാർജ പോലീസ് സെൻട്രൽ ഓപ്പറേഷൻസ് വിഭാഗം ഡയറക്ടർ ജനറൽ ഡോ. ആഹ്മെദ് സയീദ് അൽ നൗർ വ്യക്തമാക്കി. ബസുകൾ ഓരോ ട്രിപ്പിന് മുൻപായും അണുവിമുക്തമാക്കുമെന്നും, സമൂഹ അകലം ഉറപ്പാക്കുന്നതിനുള്ള അടയാളങ്ങൾ വാഹനങ്ങളിൽ ഏർപ്പെടുത്തിയതായും അദ്ദേഹം കൂട്ടിച്ചേർത്തു. യാത്രികർക്ക് മുഴുവൻ സമയവും മാസ്കുകൾ നിർബന്ധമാണെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്.