സൗദി പൗരന്മാരും, പ്രവാസികളുമുൾപ്പടെ ഏതാനം വിഭാഗം യാത്രികർക്ക് രാജ്യത്തേക്ക് പ്രവേശിക്കുന്നതിന് അനുമതി നൽകുന്നതിന്റെ ഭാഗമായി, സെപ്റ്റംബർ 15, ചൊവ്വാഴ്ച്ച മുതൽ സൗദിയിൽ നിന്നുള്ള അന്താരാഷ്ട്ര വിമാനസർവീസുകൾ ഭാഗികമായി പുനരാരംഭിച്ചു. കൊറോണ വൈറസ് വ്യാപന പശ്ചാത്തലത്തിൽ മാർച്ച് മാസം മുതൽ സൗദിയിൽ അന്താരാഷ്ട്ര വ്യോമയാന സേവനങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തിയിരുന്നു. ഏതാണ്ട് ആറു മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇപ്പോൾ രാജ്യത്ത് നിന്നുള്ള അന്താരാഷ്ട്ര വ്യോമയാന സേവനങ്ങൾ പുനരാരംഭിക്കുന്നത്.
രാജ്യത്തെ എല്ലാ അന്താരാഷ്ട്ര വിമാനത്താവളങ്ങളും ആരോഗ്യ മന്ത്രാലയത്തിന്റെ സുരക്ഷാ നിബന്ധനകൾക്ക് വിധേയമായി സേവനങ്ങൾ നൽകുന്നതിന് തയ്യാറായതായി സൗദി സിവിൽ ഏവിയേഷൻ അതോറിറ്റി (GACA) അറിയിച്ചു. ജി സി സി പൗരന്മാർ, സാധുതയുള്ള സൗദി റെസിഡൻസി പെർമിറ്റുള്ള പ്രവാസികൾ, ഇവരുടെ ആശ്രിത വിസകളിലുള്ളവർ, സാധുതയുള്ള വിസിറ്റ് വിസകളിലുള്ളവർ എന്നിവർക്കാണ് യാത്രാനുമതി നൽകിയിട്ടുള്ളത്.
രാജ്യത്തേക്ക് പ്രവേശിക്കുന്ന മുഴുവൻ യാത്രികർക്കും സൗദിയിലേക്ക് പ്രവേശിക്കുന്നതിന് 48 മണിക്കൂറിനുള്ളിൽ ലഭിച്ച COVID-19 നെഗറ്റീവ് പരിശോധനാ ഫലം നിർബന്ധമാണെന്നും GACA വ്യക്തമാക്കി. ഓരോ രാജ്യങ്ങളിലെയും അംഗീകൃത പരിശോധനാ ലാബുകളിൽ നിന്നുള്ള COVID-19 റിസൾട്ട് ഹാജരാക്കുന്ന യാത്രികർക്ക് മാത്രമാണ് വിമാനങ്ങളിൽ ബോർഡിങ്ങ് അനുവദിക്കുന്നത്.
ഇത്തരത്തിൽ സൗദിയിലേക്ക് പ്രവേശിക്കുന്ന യാത്രികർ മൂന്ന് ദിവസം ഹോം ക്വാറന്റീനിൽ തുടരേണ്ടതാണ്. ഇതിനു ശേഷം ഇവർ ഒരു തവണ കൂടി PCR ടെസ്റ്റിംഗ് നടത്തേണ്ടതാണെന്നും GACA അറിയിച്ചിട്ടുണ്ട്. ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങളിൽ വീഴ്ചവരുത്തുന്നവർക്കെതിരെ വ്യോമയാന നിയമ പ്രകാരം നിയമ നടപടികൾ കൈകൊള്ളുന്നതാണെന്നും GACA കൂട്ടിച്ചേർത്തു.
സെപ്റ്റംബർ 15 മുതൽ അന്താരാഷ്ട്ര വ്യോമയാന സേവനങ്ങൾ ഭാഗികമായി പുനരാരംഭിക്കാനും, ഏതാനം വിഭാഗം യാത്രികർക്ക് രാജ്യത്തേക്ക് പ്രവേശിക്കുന്നതിന് അനുമതി നൽകാൻ തീരുമാനിച്ചതായും സൗദി ആഭ്യന്തര മന്ത്രാലയം സെപ്റ്റംബർ 13-ന് അറിയിച്ചിരുന്നു. സൗദി അറേബ്യയിൽ ഏർപ്പെടുത്തിയിട്ടുള്ള COVID-19 പ്രതിരോധത്തിന്റെ ഭാഗമായുള്ള എല്ലാ യാത്രാ വിലക്കുകളും ജനുവരി 1-നു ശേഷം പൂർണ്ണമായി ഒഴിവാക്കുമെന്നും മന്ത്രാലയം പ്രഖ്യാപിച്ചിരുന്നു.