യു എ ഇ – ഇസ്രായേൽ സമാധാന ഒത്തുതീർപ്പ് കരാർ ഒപ്പ് വെച്ചു

UAE

ഇസ്രയേലുമായുള്ള നയതന്ത്ര ബന്ധം ശക്തമാക്കുന്നതിനായുള്ള രണ്ട് വ്യത്യസ്ത കരാറുകളിൽ യു എ ഇയും ബഹ്‌റൈനും ഒപ്പുവെച്ചു. സെപ്റ്റംബർ 15-ന് വൈറ്റ് ഹൌസിൽ നടന്ന ചടങ്ങിലാണ് ഇരു രാജ്യങ്ങളും ഇസ്രയേലുമായുള്ള സമാധാന കരാറുകളിലേർപ്പെട്ടത്. യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നേതൃത്വത്തിൽ നടന്ന ചർച്ചകളാണ് മൂന്ന് രാജ്യങ്ങളും തമ്മിലുള്ള സമാധാന ഉടമ്പടികളിലേക്ക് നയിച്ചത്.

ചടങ്ങിൽ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും യു എ ഇ വിദേശകാര്യ മന്ത്രി H.H. ഷെയ്ഖ് അബ്ദുല്ലാഹ് ബിൻ സായിദ് അൽ നഹ്യാനും ഇരുരാജ്യങ്ങളും തമ്മിലേർപ്പെടുന്ന സമാധാന ഒത്തുതീര്‍പ്പ് കരാറിൽ ഒപ്പ് വെച്ചു. ഇസ്രയേലുമായി ബഹ്‌റൈൻ ഏർപ്പെടുന്ന സമാധാന പിന്തുണ പ്രഖ്യാപന ഉടമ്പടിയിൽ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും ബഹ്‌റൈൻ വിദേശകാര്യ മന്ത്രി അബ്ദുല്ലതീഫ് അൽ സയാനിയും ഒപ്പ് വെച്ചു. വിവിധ രാജ്യങ്ങളിൽ നിന്നുള്ള 700-ഓളം അതിഥികൾ ഈ ചടങ്ങിൽ പങ്കെടുത്തു.

ചരിത്രത്തിന്റെ ഗതി മാറ്റുന്ന ഒരു സായാഹ്നം എന്നാണ് യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഈ കരാറുകൾ നിലവിൽ വന്ന ചടങ്ങിനെ വിശേഷിപ്പിച്ചത്. ഈ തീരുമാനങ്ങൾ മേഖലയുടെ ആകെ സമാധാനത്തിന് അടിത്തറ പാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ചരിത്രപരമായ നയതന്ത്ര മുന്നേറ്റം എന്നാണ് യു എ ഇ – ഇസ്രായേൽ സമാധാന കരാറിനെ അബ്ദുല്ലാഹ് ബിൻ സായിദ് വിശേഷിപ്പിച്ചത്. കാലങ്ങളായി നിലനിൽക്കുന്ന കലഹങ്ങളും, അവിശ്വാസവും പശ്ചിമേഷ്യന്‍ പ്രദേശങ്ങളുടെ വളർച്ചയെ ബാധിച്ചതായും, ഒരുപാട് തലമുറകളുടെ പ്രതീക്ഷകൾക്ക് പ്രതിബന്ധം സൃഷ്ടിച്ചതായും ബഹ്‌റൈൻ വിദേശകാര്യം മന്ത്രി അഭിപ്രായപ്പെട്ടു. ഈ കരാർ ഇത്തരം പ്രതിബന്ധങ്ങളെ നീക്കുന്നതിനുള്ള അവസരം ഒരുക്കുന്നതായി അദ്ദേഹം കൂട്ടിച്ചേർത്തു.

Cover Photo: WAM