ബഹ്‌റൈൻ: COVID-19 വാക്സിൻ പരീക്ഷണത്തിൽ ഇതുവരെ 5000-ത്തിൽ പരം സന്നദ്ധസേവകർ പങ്കാളികളായതായി ആരോഗ്യ മന്ത്രാലയം

GCC News

രാജ്യത്ത് നടന്നു കൊണ്ടിരിക്കുന്ന COVID-19 വാക്സിൻ മൂന്നാം ഘട്ട പരീക്ഷണങ്ങളിൽ ഇതുവരെ 5000-ത്തിൽ പരം സന്നദ്ധസേവകർ പങ്കാളികളായതായി ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ബഹ്‌റൈൻ ഇന്റർനാഷണൽ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെന്ററിൽ (BIECC) നടന്നു കൊണ്ടിരിക്കുന്ന ഈ വാക്സിൻ പരീക്ഷണങ്ങളിൽ സന്നദ്ധസേവകരായവരിൽ ബഹ്‌റൈൻ പൗരന്മാരും നിവാസികളും ഉൾപ്പെടുന്നു.

വാക്സിൻ പരീക്ഷണങ്ങളിൽ പങ്കാളികളാകുന്നതിൽ പൊതുജനങ്ങൾ പ്രകടമാക്കുന്ന വലിയ താത്പര്യത്തെ ആരോഗ്യ മന്ത്രാലയം പ്രശംസിച്ചു. ഈ വാക്സിൻ പരീക്ഷണങ്ങളിൽ പങ്ക് ചേർന്ന സന്നദ്ധസേവകരുടെ സാമൂഹിക പ്രതിബദ്ധതയും, ഉത്തരവാദിത്വബോധവും ഇത് തെളിയിക്കുന്നതായും മന്ത്രാലയം അഭിപ്രായപ്പെട്ടു. ബഹ്‌റൈൻ കിരീടാവകാശി H.H. പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ അടക്കമുള്ള രാജ്യത്തെ ഏതാനം ഉന്നത പദവികളിലുള്ള ഉദ്യോഗസ്ഥരും ഈ പരീക്ഷണങ്ങളുടെ ഭാഗമായി വാക്സിൻ സ്വീകരിച്ചിരുന്നു.

ചൈനീസ് ഫാർമസ്യൂട്ടിക്കൽ കമ്പനിയായ സിനോഫാം ചൈന നാഷണൽ ബയോടെക് ഗ്രൂപ്പും (CNBG), അബുദാബി ആസ്ഥാനമായുള്ള ആർട്ടിഫിഷ്യൽ ഇന്റലിജൻസ് – ക്ലൗഡ് കമ്പ്യൂട്ടിംഗ് കമ്പനിയായ ഗ്രൂപ്പ് 42-ഉം (G42) തമ്മിൽ സംയുക്തമായി യു എ ഇയിൽ നടപ്പിലാക്കുന്ന നിർജ്ജീവമാക്കിയ COVID-19 വാക്‌സിന്റെ (inactivated COVID-19 vaccine) മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങളാണ് ബഹ്‌റൈനിൽ ഓഗസ്റ്റ് 10 മുതൽ നടന്നുവരുന്നത്. യു എ ഇയുമായി ചേർന്നാണ് ബഹ്‌റൈൻ ആരാഗ്യമന്ത്രാലയം രാജ്യത്ത് ഈ വാക്സിൻ പരീക്ഷണം നടപ്പിലാക്കുന്നത്. ഈ പരീക്ഷണങ്ങൾക്ക് നാഷണൽ ഹെൽത്ത് റെഗുലേറ്ററി അതോറിറ്റിയുടെ (NHRA) അംഗീകാരം ലഭിച്ചതായി ആരോഗ്യ മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു.

ഈ പരീക്ഷണങ്ങളുടെ ഭാഗമായി, കർശനമായ ആരോഗ്യ പരിശോധനകൾക്ക് ശേഷം തിരഞ്ഞെടുക്കുന്ന സന്നദ്ധസേവകർക്ക് വാക്സിൻ കുത്തിവെപ്പ് നൽകുകയും, ശരീരത്തിൽ ഇതിനെത്തുടർന്നുണ്ടാകുന്ന ആന്റിബോഡികളുടെ സാന്നിധ്യം, വൈറസിനോടുള്ള പ്രതിരോധ ശേഷി എന്നിവ ആരോഗ്യ വിദഗ്‌ധർ വിശകലനം നടത്തുകയും ചെയ്യുന്നതാണ്. ക്ലിനിക്കൽ ട്രയലിന്റെ ഭാഗമായി രാജ്യത്തെ പൗരന്മാരിൽ നിന്നും, നിവാസികളിൽ നിന്നും തിരഞ്ഞെടുക്കുന്ന 18 വയസിനു മുകളിൽ പ്രായമുള്ള 6000 സന്നദ്ധസേവകർക്കാണ് വാക്സിൻ നൽകാൻ ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം തീരുമാനിച്ചിട്ടുള്ളത്.

വിട്ടുമാറാത്ത ആരോഗ്യ പ്രശ്നങ്ങൾ ഒന്നും ഇല്ലാത്തവരിൽ നിന്നാണ് സന്നദ്ധസേവകരെ തിരഞ്ഞെടുക്കുന്നത്. സന്നദ്ധസേവകരാകാൻ താത്‌പര്യമുള്ളവർക്ക് രാവിലെ 8 മുതൽ വൈകീട്ട് 8 വരെ BIECC-ൽ നേരിട്ടെത്തി വാക്സിൻ സ്വീകരിക്കുന്നതിനുള്ള സന്നദ്ധത അറിയിക്കാവുന്നതാണ്.

Cover Photo: Bahrain Ministry of Health – ബഹ്‌റൈൻ മിനിസ്ട്രി ഓഫ് ഫിനാൻസിലെ ഉന്നത ഉദ്യോഗസ്ഥനായ ഒസാമ സലേഹ് അൽ അലാവി മൂന്നാം ഘട്ട പരീക്ഷണങ്ങളുടെ ഭാഗമായി വാക്സിൻ കുത്തിവെപ്പ് സ്വീകരിക്കുന്നു.