അൽ ദഫ്‌റ ഫെസ്റ്റിവൽ 2020 നവംബർ 5 മുതൽ ആരംഭിക്കും

UAE

അറേബ്യൻ മരുഭൂമികളിലെ നാടോടി ഗോത്ര ജീവിതരീതിയുടെയും, പരമ്പരാഗത ശൈലിയുടെയും ഏറ്റവും വലിയ മഹോത്സവമായ അൽ ദഫ്‌റ ഫെസ്റ്റിവൽ, 2020 നവംബർ 5 മുതൽ, അൽ ദഫ്‌റയിലെ മദിനത് സായിദിൽ ആരംഭിക്കുമെന്ന് അബുദാബി കൾച്ചറൽ പ്രോഗ്രാംസ് ആൻഡ് ഹെറിറ്റേജ് ഫെസ്റ്റിവൽ കമ്മിറ്റി അറിയിച്ചു. പതിനാലാം വർഷത്തിലേക്ക് കടക്കുന്ന ഈ മേള 2020 നവംബർ 5 മുതൽ 2021 ജനുവരി 29 വരെ നീണ്ടുനിൽക്കും.

മേളയിൽ പങ്കെടുക്കുന്നവരുടെയും, അതിഥികളുടെയും ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള എല്ലാ മുൻകരുതലുകളോടും കൂടിയായിരിക്കും മേള സംഘടിപ്പിക്കുന്നതെന്ന് കമ്മിറ്റി വ്യക്തമാക്കി.

യു എ ഇ സ്ഥാപക പിതാവായ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന്റെ പൈതൃകം എടുത്തുകാട്ടുന്നതാണ് ഈ മേളയെന്ന് കമ്മിറ്റി ചെയർമാൻ മേജർ ജനറൽ ഫാരിസ് അൽ മസ്‌റൂഇ അഭിപ്രായപ്പെട്ടു. രാജ്യത്തിൻറെ സാംസ്‌കാരിക തനിമ, പാരമ്പര്യം, സ്വത്വം എന്നിവ നിലനിർത്തുന്നതിലെ അദ്ദേഹത്തിന്റെ ദർശനങ്ങളെ അൽ ദഫ്‌റ ഫെസ്റ്റിവൽ ഉയർത്തിക്കാട്ടുന്നതായി അൽ മസ്‌റൂഇ ചൂണ്ടിക്കാട്ടി.

ഒട്ടകങ്ങളുടെ വംശപാരമ്പര്യം എടുത്തുകാട്ടുന്ന സൗന്ദര്യ മത്സരം, ഫാൽക്കൺ, സലൂക്കി നായ്ക്കൾ, ആട് എന്നിവയുടെ സൗന്ദര്യ മത്സരം, സലൂക്കി നായ്ക്കളുടെ 2500 മീറ്റർ ഓട്ടമത്സരം, കുതിരകളുടെ മത്സരയോട്ടം, ഷൂട്ടിംഗ് മത്സരം മുതലായവ ഈ വർഷത്തെ മേളയിലെ പ്രധാന ഇനങ്ങളാണെന്ന് കമ്മിറ്റി വൈസ് ചെയർമാൻ ഈസ സൈഫ് അൽ മസ്‌റൂഇ അറിയിച്ചു. എന്നാൽ പൊതുജനങ്ങളുടെ ആരോഗ്യ സുരക്ഷ മുൻനിർത്തി, എല്ലാ വർഷവും മേളയുടെ പ്രധാന ആകർഷണങ്ങളിലൊന്നാകാറുള്ള പരമ്പരാഗത ചന്തയും, അതിനോടനുബന്ധിച്ചുള്ള പരിപാടികളും ഇത്തവണത്തെ മേളയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

മേളയിൽ പങ്കെടുക്കുന്ന മുഴുവൻ ആളുകളുടെയും സംരക്ഷണം ഉറപ്പാക്കുന്നതിനായി ആരോഗ്യ സുരക്ഷാ മുൻകരുതലുകൾ കർശനമായിരിക്കുമെന്നും അദ്ദേഹം അറിയിച്ചു. മേളയിൽ പങ്കെടുക്കുന്നവർ, ജീവനക്കാർ, വിധികർത്താക്കൾ മുതലായവർക്ക് COVID-19 ടെസ്റ്റ് നടത്തിയ നെഗറ്റീവ് റിസൾട്ട് നിർബന്ധമാണ്. മാസ്കുകളുടെ ഉപയോഗം, കയ്യുറകൾ എന്നിവ നിർബന്ധമാണെന്നും, മത്സരയിനങ്ങൾ നടക്കുന്ന സ്ഥലങ്ങൾ ഉൾപ്പടെ അണുവിമുക്തമാക്കുന്നതിനുള്ള നടപടികൾ ഏർപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

WAM