ബഹ്‌റൈൻ: അധ്യാപകരുൾപ്പടെയുള്ള ജീവനക്കാർ ഒക്ടോബർ 4 മുതൽ പൊതു വിദ്യാലയങ്ങളിലെത്തും

GCC News

പൊതു വിദ്യാലയങ്ങളിലെ അധ്യാപകർ, നടത്തിപ്പുകാർ, മറ്റു ജീവനക്കാർ എന്നിവർ ഒക്ടോബർ 4, ഞായറാഴ്ച്ച മുതൽ ജോലിയിൽ തിരികെ പ്രവേശിക്കുമെന്ന് ബഹ്‌റൈൻ വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. 50 ശതമാനം ജീവനക്കാർ ഊഴമിട്ട് ഓരോ ദിനങ്ങളിലും ജോലിയിൽ ഹാജരാകുന്ന തരത്തിലാണ് വിദ്യാലയങ്ങളുടെ പ്രവർത്തനം ആരംഭിക്കുന്നതെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു. ഒക്ടോബർ 1-ന് രാത്രിയാണ് മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.

നേരത്തെ സെപ്റ്റംബർ 6 മുതൽ ബഹ്‌റൈനിലെ പൊതു വിദ്യാലയങ്ങളിൽ ആരംഭിക്കാനിരുന്ന 2020-2021 അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ രണ്ട് തവണയായി വിദ്യാഭ്യാസ മന്ത്രാലയം നീട്ടി വെച്ചിരുന്നു. പൊതു വിദ്യാലയങ്ങളിലെ മുഴുവൻ ജീവനക്കാർക്കും COVID-19 ടെസ്റ്റിംഗ് നടത്തുന്നതിനായാണ് വിദ്യാലയങ്ങൾ തുറക്കുന്നത് നീട്ടിവെച്ചത്.

വിദ്യാലയങ്ങളിലെ നടത്തിപ്പു ചുമതലയുള്ള ജീവനക്കാർ, അധ്യാപകർ, ഉന്നത വിദ്യാഭ്യാസ വകുപ്പുകളിലെയും, മന്ത്രാലയത്തിന് കീഴിലുള്ള വിവിധ വകുപ്പുകളിലെയും ജീവനക്കാർ എന്നിവർ ഒക്ടോബർ 4 മുതൽ ജോലിയിൽ തിരികെ പ്രവേശിക്കണമെന്ന് അറിയിപ്പിൽ വ്യക്തമാക്കുന്നു. മുഴുവൻ ജീവനക്കാർക്കും നിർബന്ധമാക്കിയിട്ടുള്ള COVID-19 PCR ടെസ്റ്റുകൾക്ക് വിധേയരാകാതിരുന്ന 1 ശതമാനത്തോളം ജീവനക്കാരെ ഒക്ടോബർ 4 മുതൽ തിരികെ പ്രവേശിപ്പിക്കില്ലെന്നും, ഇവർക്കെതിരെ നടപടികൾ ആരംഭിക്കുമെന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്.

പൊതു വിദ്യാലയങ്ങളിലെ വിദ്യാർത്ഥികളുടെ പുതിയ അധ്യയന വർഷം ഒക്ടോബർ 11 മുതൽ ആരംഭിക്കുമെന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്. മുഴുവൻ വിദ്യാർത്ഥികൾക്കും, ഒക്ടോബർ 11 മുതൽ ആദ്യത്തെ 2 ആഴ്ച്ച വിദൂര വിദ്യാഭ്യാസ രീതിയിലായിരിക്കും പഠനം നടപ്പിലാക്കുന്നതെന്നും മന്ത്രാലയം വ്യക്തമാക്കി. തുടർന്ന്, വിദ്യാലയങ്ങളിൽ നേരിട്ടെത്താൻ തീരുമാനിച്ചിട്ടുള്ള വിദ്യാർത്ഥികൾക്ക്, ഒക്ടോബർ 25 മുതൽ വിദ്യാലയങ്ങളിലേക്ക് പ്രവേശനം അനുവദിക്കുമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു. വിദ്യാലയങ്ങളുടെ പ്രവർത്തനം പുനരാരംഭിക്കുന്നതിനുള്ള എല്ലാ മുൻകരുതൽ നടപടികളും നടപ്പിലാക്കിയതായും മന്ത്രാലയം അറിയിച്ചു.