‘നാളത്തെ കേരളം ലഹരിമുക്ത നവകേരളം’ തീവ്രയജ്ഞ ബോധവത്ക്കരണ പരിപാടിയുടെ ഭാഗമായി രൂപീകരിച്ച ലഹരി വിരുദ്ധ കമ്മിറ്റികൾ മുഖേന 16ന് രാവിലെ 11ന് എല്ലാ സർക്കാർ ഓഫീസുകളിലും ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലും.
എല്ലാ വകുപ്പ് മേധാവികളും ജില്ലാ കളക്ടർമാരും പൊതുമേഖലാ, സ്വയംഭരണ സ്ഥാപനങ്ങളിലെ മേധാവികളും ഓഫീസുകളിൽ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലാനും ഒരു ലഹരി വിരുദ്ധ പരിപാടിയെങ്കിലും സംഘടിപ്പിക്കാനും പൊതുഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി നിർദ്ദേശം നൽകി.
പ്രതിജ്ഞ ചുവടെ:
മയക്കുമരുന്നുകൾ ഉൾപ്പെടെയുള്ള നിയമ വിരുദ്ധ ലഹരി പദാർത്ഥങ്ങൾ സമൂഹത്തെ തകർക്കുന്ന മാരക വിപത്താണ് എന്ന് ഞാൻ തിരിച്ചറിയുന്നു. ലഹരിയോടുള്ള ആസക്തി അത് ഉപയോഗിക്കുന്ന വ്യക്തിയോടൊപ്പം കുടുംബത്തേയും സമൂഹത്തേയും പൂർണ്ണമായും നശിപ്പിക്കുമെന്ന് ഞാൻ മനസ്സിലാക്കുന്നു. നാളത്തെ പൗരൻമാരാവേണ്ട വിദ്യാർത്ഥികളും യുവജനങ്ങളും ലഹരിയുടെ കരാള ഹസ്തങ്ങളിൽ അകപ്പെടാതെ അവരെ സംരക്ഷിക്കുമെന്ന് ഞാൻ പ്രതിജ്ഞയെടുക്കുന്നു. നിയമവിരുദ്ധ ലഹരി പദാർത്ഥങ്ങൾ സൂക്ഷിക്കുകയോ, ഉപയോഗിക്കുകയോ, വിൽക്കുകയോ ഉപയോഗിക്കാൻ മറ്റുള്ളവരെ പ്രേരിപ്പിക്കുകയോ ചെയ്യുകയില്ലെന്നും ലഹരി വിരുദ്ധ പ്രവർത്തനങ്ങളിൽ പങ്കാളിയായി നാടിനോടും ജനങ്ങളോടുമുള്ള എന്റെ കടമ നിറവേറ്റുമെന്നും ഞാൻ പ്രതിജ്ഞ ചെയ്യുന്നു. ജീവിതമാണ് ലഹരി എന്ന ആശയം ജീവിതത്തിൽ പകർത്തി ലഹരി മുക്ത നവകേരളം പടുത്തുയർത്താൻ എന്റെ എല്ലാ കഴിവുകളും വിനിയോഗിച്ച് പ്രവർത്തിക്കുമെന്ന് ഞാൻ പ്രതിജ്ഞ ചെയ്യുന്നു.