ഓൺലൈനിലൂടെ നേരിടേണ്ടിവരുന്ന അസ്വാഭാവികമായ പെരുമാറ്റങ്ങൾ, ഭീഷണികൾ, സൗഹൃദമെന്ന് തോന്നാവുന്ന സമീപനങ്ങൾ എന്നിവ കുട്ടികൾ തങ്ങളുടെ രക്ഷിതാക്കളുമായി പങ്ക് വെക്കണമെന്ന് റോയൽ ഒമാൻ പോലീസ് (ROP) മുന്നറിയിപ്പ് നൽകി. വിദൂര വിദ്യാഭ്യാസ പഠനരീതികൾക്കായി ദിനവും ഓൺലൈനിൽ കുട്ടികൾ കൂടുതൽ നേരം ചെലവഴിക്കുന്ന സാഹചര്യത്തിലാണ് പോലീസ് ഇത്തരം ഒരു അറിയിപ്പ് നൽകിയത്.
ഓൺലൈനിലൂടെ ഉള്ള ഇത്തരം പെരുമാറ്റങ്ങൾ മറച്ച് വെക്കുന്നത് ഒഴിവാക്കാനും, അവ ഉടൻ തന്നെ രക്ഷിതാക്കളെ അറിയിക്കാനുമുള്ള ശീലം കുട്ടികളിൽ വളർത്തേണ്ടതാണ്. സൗഹൃദ അഭ്യർത്ഥനകൾ, തമ്മിൽ നേരിട്ട് കാണുന്നതിനുള്ള ക്ഷണം, പുതിയ ആശയങ്ങൾ സംബന്ധിച്ച ചർച്ചകൾ തുടങ്ങി ഇൻറ്റർനെറ്റിലൂടെ ലഭിക്കുന്ന ഇത്തരം എല്ലാ സമീപനങ്ങളും അവ സ്വീകരിക്കുന്നതിന് മുൻപായി കുട്ടികൾ തങ്ങളുടെ രക്ഷിതാക്കളെ അറിയിക്കേണ്ടതുണ്ടെന്ന് ROP ഓർമ്മപ്പെടുത്തി.
സമൂഹ മാധ്യമങ്ങളിലൂടെയും മറ്റും നേരിടേണ്ടി വരുന്ന ഭീഷണികൾ, അസ്വാഭാവികമായ പെരുമാറ്റങ്ങൾ എന്നിവ കുട്ടികൾ ഉടൻ തന്നെ മുതിർന്നവരുമായി പങ്ക് വെക്കേണ്ടതാണ്. ഇത്തരം സമീപനങ്ങൾ കൂടുതൽ അപകടങ്ങളിലേക്ക് നയിക്കുന്നത് ഒഴിവാക്കാൻ ഇത് വളരെ പ്രധാനമാണെന്ന് ROP രക്ഷിതാക്കളോട് ചൂണ്ടിക്കാട്ടി.
സമൂഹ മാധ്യമങ്ങളിലൂടെ സ്വകാര്യ വിവരങ്ങൾ, കുടുംബ വിവരങ്ങൾ എന്നിവ പങ്ക് വെക്കുന്നത് ഒഴിവാക്കാൻ കുട്ടികളെ പരിശീലിപ്പിക്കണമെന്നും ROP രക്ഷിതാക്കളോട് നിർദ്ദേശിച്ചു. രാജ്യത്തെ ടെലികമ്യുണിക്കേഷൻ നിയമങ്ങൾ ലംഘിച്ച് ഒരു പെൺകുട്ടിയെ ഓൺലൈനിലൂടെ ഭീഷണിപ്പെടുത്തിയ കുറ്റകൃത്യത്തിന് അൽ ദഹിരാഹ് ഗവർണറേറ്റിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്ത സാഹചര്യത്തിലാണ് ഈ വിഷയത്തിൽ ROP അറിയിപ്പ് പുറത്തിറക്കിയത്.സമൂഹ മാധ്യമങ്ങളിലൂടെ കുട്ടിയുമായി സൗഹൃദം സ്ഥാപിച്ച ശേഷം ഇയാൾ കുട്ടിയുടെ കുടുംബ വിവരങ്ങളും മറ്റും ചോർത്തിയെടുക്കുകയായിരുന്നെന്ന് ROP വ്യക്തമാക്കി.
സമൂഹ മാധ്യമങ്ങളിലും മറ്റും പതിയിരിക്കുന്ന അപകടങ്ങളെക്കുറിച്ച് കുട്ടികളിൽ അവബോധം സൃഷ്ടിക്കാൻ ROP രക്ഷിതാക്കളോട് ആഹ്വാനം ചെയ്തു.