ഖത്തറിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന റെസിഡൻസി വിസക്കാർക്കും, സന്ദർശകർക്കുമുള്ള പ്രത്യേക എൻട്രി പെർമിറ്റുകളുടെ (Exceptional Entry Permit) കാലാവധി അവസാനിക്കുന്ന സാഹചര്യത്തിൽ, അവയുടെ സാധുത മുപ്പത് ദിവസത്തേക്ക് കൂടി നീട്ടാവുന്നതാണെന്ന് അധികൃതർ വ്യക്തമാക്കി. ഇത്തരം പെർമിറ്റുകൾ ലഭിക്കുന്നതിനായി ഉപയോഗിക്കുന്ന ‘ഖത്തർ പോർട്ടൽ’ വെബ്സൈറ്റിലൂടെ തന്നെ കാലാവധി അവസാനിച്ച പെർമിറ്റുകളുടെ സാധുത നീട്ടുന്നതിനായും അപേക്ഷിക്കാവുന്നതാണ്.
സന്ദർശകർക്കുമുള്ള പ്രത്യേക എൻട്രി പെർമിറ്റുകൾക്ക് മുപ്പത് ദിവസത്തേക്കാണ് സാധുത. ഇവയുടെ കാലാവധി അവസാനിച്ച ശേഷം, സാധുത നീട്ടുന്നതിനായി സമർപ്പിച്ച അപേക്ഷ അംഗീകരിക്കുന്ന തീയ്യതി മുതൽ 30 ദിവസത്തേക്ക് കൂടി പെർമിറ്റിന് സാധുത നീട്ടിക്കിട്ടുന്നതാണ്.
രാജ്യത്തിനു പുറത്തുള്ള റെസിഡൻസ് വിസക്കാർക്ക് തിരികെ മടങ്ങുന്നതിനായുള്ള ‘Exceptional Entry Permit’ എന്ന താത്കാലിക സേവനം ‘ഖത്തർ പോർട്ടൽ’ വെബ്സൈറ്റിലൂടെ ഓഗസ്റ്റ് 1 മുതലാണ് ആരംഭിച്ചത്. ഈ അപേക്ഷകളുടെ ഭാഗമായി പെർമിറ്റ് ലഭിച്ചിട്ടുള്ളവർക്ക് മാത്രമാണ് നിലവിൽ ഖത്തറിലേക്ക് യാത്ര ചെയ്യാൻ അനുവാദമുള്ളത്.