സുപ്രീം കമ്മിറ്റിയുടെ സുരക്ഷാ നിർദ്ദേശങ്ങൾ ലംഘിച്ച 7 പേരുടെ വിവരങ്ങൾ ഒമാൻ പബ്ലിക് പ്രോസിക്യൂഷൻ പുറത്തുവിട്ടു

GCC News

ഒമാനിലെ സുപ്രീം കമ്മിറ്റി നിർദ്ദേശിച്ചിട്ടുള്ള COVID-19 മുൻകരുതൽ നിർദ്ദേശങ്ങൾ ലംഘിച്ച 7 പേരുടെ വിവരങ്ങൾ, ഫോട്ടോ സഹിതം പബ്ലിക് പ്രോസിക്യൂഷൻ പുറത്തുവിട്ടു. ഒക്ടോബർ 28, ബുധനാഴ്ച്ച വൈകീട്ടാണ് പബ്ലിക് പ്രോസിക്യൂഷൻ ഇവരുടെ വിവരങ്ങൾ പുറത്ത് വിട്ടത്.

ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങളിൽ വീഴ്ചവരുത്തിയ ഇവർക്കെതിരെ കോടതി ശിക്ഷാ നടപടികൾ കൈക്കൊണ്ട ശേഷമാണ് പ്രോസിക്യൂഷൻ ഇവരുടെ പേരും, മറ്റു വിവരങ്ങളും പങ്ക് വെച്ചത്. ഇതിൽ അഞ്ച് പേർ ഒമാൻ പൗരന്മാരും, 2 പേർ പ്രവാസികളുമാണ്.

ഒമാനിലെ രാത്രികാല യാത്രാ നിയന്ത്രണങ്ങളുടെ ലംഘനം, മാസ്കുകൾ ഉപയോഗിക്കുന്നതിലെ വീഴ്ച്ച, ഹോം ക്വാറന്റീൻ നിർദ്ദേശങ്ങളിലെ വീഴ്ച്ചകൾ തുടങ്ങിയ വിവിധ നിയമലംഘനങ്ങൾക്കാണ് ഇവരെ പോലീസ് അറസ്റ്റ് ചെയ്‌തതെന്ന്‌ അധികൃതർ വ്യക്തമാക്കി. ഇവർക്ക് 1000 റിയാൽ പിഴയും, ആറ് മാസത്തെ തടവും ഉൾപ്പടെയുള്ള ശിക്ഷകൾ വിധിച്ചിട്ടുണ്ട്. ഇത്തരം ലംഘനങ്ങൾക്കായി പിടിക്കപ്പെടുന്ന പ്രവാസികളെ നാടുകടത്തുമെന്നും പബ്ലിക് പ്രോസിക്യൂഷൻ അറിയിപ്പിൽ വ്യക്തമാക്കുന്നു.