സൗദി: ഈദുൽ ഫിത്ർ വേളയിൽ കർഫ്യു നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ഇതുവരെ തീരുമാനിച്ചിട്ടില്ലെന്ന് ആരോഗ്യ മന്ത്രാലയം

featured GCC News

റമദാനിലെ അവസാന ദിവസങ്ങളിലും, ഈദുൽ ഫിത്ർ വേളയിലും രാജ്യത്ത് കർഫ്യു നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് സംബന്ധിച്ച് ഇതുവരെ തീരുമാനങ്ങളൊന്നും കൈക്കൊണ്ടിട്ടില്ലെന്ന് സൗദി ആരോഗ്യ മന്ത്രാലയം വക്താവ് ഡോ. മുഹമ്മദ് അൽ-അബ്ദ് അൽ-അലി വ്യക്തമാക്കി. ഇത്തരത്തിലൊരു ശുപാർശ ആരോഗ്യ അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായതായുള്ള തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇത് സംബന്ധിച്ചുള്ള ഊഹാപോഹങ്ങൾ കഴിഞ്ഞ ഏതാനം ദിനങ്ങളിലായി രാജ്യത്ത് പ്രചരിക്കുന്നത് ശ്രദ്ധയിപ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. എന്നാൽ ഇവ തെറ്റാണെന്നും, ഇത്തരത്തിലുള്ള ശുപാർശകളൊന്നും തന്നെ ഇതുവരെ അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു. രാജ്യത്തെ സ്ഥിതിഗതികൾ ആരോഗ്യ വകുപ്പുകളും, COVID-19 പ്രതിരോധ ചുമതലകൾ നിർവഹിക്കുന്ന കമ്മിറ്റികളും തുടർച്ചയായി വിശകലനം ചെയ്തു വരികയാണെന്നും അദ്ദേഹം അറിയിച്ചു.

രോഗവ്യാപനം തടയുന്നതിനായി COVID-19 ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം ചൂണ്ടിക്കാട്ടി. പൊതുജനങ്ങളോട് കൊറോണ വൈറസ് പ്രതിരോധ മാനദണ്ഡങ്ങൾ കർശനമായി തുടരാൻ അദ്ദേഹം ആഹ്വാനം ചെയ്തു.

പൊതുഇടങ്ങളിൽ കൃത്യമായി മാസ്കുകൾ ഉപയോഗിക്കുക, സമൂഹ അകലം ഉറപ്പാക്കുക, വലിയ ആൾക്കൂട്ടങ്ങൾ, ഒത്ത്‌ചേരലുകൾ എന്നിവ ഒഴിവാക്കുക, ഓരോ ഇടത്തും അനുവദനീയമായ അളവിൽ കൂടുതൽ ആളുകൾ കൂടിച്ചേരുന്നത് നിയന്ത്രിക്കുക മുതലായ നിബന്ധനകൾ കർശനമായി പാലിച്ചാൽ കർഫ്യു ഉൾപ്പടെയുള്ള നിയന്ത്രണങ്ങൾ ഒഴിവാക്കാനാകുമെന്നും അദ്ദേഹം ജനങ്ങളെ ഓർമ്മപ്പെടുത്തി. മുഴുവൻ ജനങ്ങളോടും രാജ്യത്തെ COVID-19 വാക്സിനേഷൻ യത്നത്തിന്റെ ഭാഗമാകാനും അദ്ദേഹം ആവശ്യപ്പെട്ടു.