ഒമാൻ: ഉപഭോക്താക്കളുടെ വിവരങ്ങൾ രേഖപ്പെടുത്താൻ വാണിജ്യ സ്ഥാപനങ്ങൾക്ക് നിർദ്ദേശം

Oman

COVID-19 പ്രതിരോധത്തിന്റെ ഭാഗമായി ഒമാനിലെ വാണിജ്യ മേഖലയിൽ നിർദ്ദേശിച്ചിട്ടുള്ള സുരക്ഷാ നിബന്ധനകളും, മുൻകരുതൽ നടപടികളും കർശനമായി പാലിക്കാൻ അധികൃതർ സ്ഥാപനങ്ങളോട് ആഹ്വാനം ചെയ്തു. വാണിജ്യ സ്ഥാപനങ്ങളിലെത്തുന്ന ഉപഭോക്താക്കളുടെ ശരീരോഷ്മാവ് പരിശോധിക്കുന്നതിനും, ഉപഭോക്താക്കളുടെ വിവരങ്ങൾ കൃത്യമായി രേഖപ്പെടുത്തുന്നതിനുമുള്ള സുപ്രീം കമ്മിറ്റിയുടെ നിർദ്ദേശങ്ങളിൽ പല സ്ഥാപനങ്ങളും വീഴ്ച്ച വരുത്തുന്നത് ശ്രദ്ധയിൽപ്പെട്ടതായി അധികൃതർ സൂചിപ്പിച്ചു.

ഭൂരിപക്ഷം സ്ഥാപനങ്ങളിലും മാസ്കുകളുടെ ഉപയോഗം, സാനിറ്റൈസറുകൾ ഏർപ്പെടുത്തൽ എന്നിവ കൃത്യമായി നടപ്പിലാക്കുന്നുണ്ടെങ്കിലും, മറ്റു നിർദ്ദേശങ്ങളിലെ വീഴ്ച്ചകൾ പ്രകടമാണെന്ന് അധികൃതർ ചൂണ്ടിക്കാട്ടി. ഒട്ടുമിക്ക വാണിജ്യ സ്ഥാപനങ്ങളും 12 വയസ്സിൽ താഴെ പ്രായമുള്ള കുട്ടികൾക്ക് പ്രവേശനം അനുവദിക്കുന്നതും അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത്തരം വീഴ്ച്ചകൾ സമൂഹ സുരക്ഷയ്ക്ക് ഭീഷണി ഉയർത്തുന്നതും, രോഗവ്യാപനം തടയാനുള്ള ശ്രമങ്ങൾ നിഷ്ഫലമാക്കുന്നതുമാണ്. ഇവ രോഗവ്യാപനത്തിനിടയാക്കാവുന്നതാണെന്ന് അധികൃതർ ഓർമ്മപ്പെടുത്തി.

ഉപഭോക്താക്കൾ കൂട്ടം കൂടുന്നത് നിയന്ത്രിക്കുക, സമൂഹ അകലം ഉറപ്പാക്കുക, ശരീരോഷ്മാവ് പരിശോധിക്കുക, ഉപഭോക്താക്കളുടെ പേരുവിവരങ്ങൾ, സന്ദർശന സമയം എന്നിവ രേഖപ്പെടുത്തിവെക്കുക മുതലായ നിർദ്ദേശങ്ങൾ സുപ്രീം കമ്മിറ്റിയുടെ ഉത്തരവ് പ്രകാരം ഒമാനിലെ എല്ലാ വാണിജ്യ സ്ഥാപനങ്ങളും പാലിക്കാൻ ബാധ്യസ്ഥരാണ്.