ഒമാൻ: കടലിൽ പോകരുതെന്ന് മുന്നറിയിപ്പ്

Oman

അറബിക്കടലിൽ രൂപപ്പെട്ടിട്ടുള്ള ന്യൂനമർദ്ദത്തിന്റെ സാഹചര്യത്തിൽ ജാഗ്രത പുലർത്താനും, കടലിൽ പോകുന്നത് കഴിയുന്നതും ഒഴിവാക്കാനും ഒമാൻ മിനിസ്ട്രി ഓഫ് ട്രാൻസ്‌പോർട്ട്, കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി ആഹ്വാനം ചെയ്തിട്ടുണ്ട്. 2023 ഒക്ടോബർ 20-ന് ഒമാൻ ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

അറബിക്കടലിൽ രൂപപ്പെട്ടിട്ടുള്ള ന്യൂനമർദ്ദം കൊടുങ്കാറ്റായി മാറാൻ സാധ്യതയുണ്ടെന്ന് ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം കഴിഞ്ഞ ദിവസം രാത്രി അറിയിപ്പ് നൽകിയിരുന്നു. ഈ സാഹചര്യത്തിലാണ് തുറുമുഖ അധികൃതർക്കും, മാരിടൈം കമ്പനികൾക്കും, കപ്പൽ ഉടമകൾക്കും, മീന്‍പിടുത്തക്കാർക്കും, കടലിൽ യാത്ര ചെയ്യുന്ന മറ്റുള്ളവർക്കും മന്ത്രാലയം മുന്നറിയിപ്പ് നൽകിയത്.

ദോഫാർ, അൽ വുസ്ത ഗവർണറേറ്റുകളുടെ തീരമേഖലകളിൽ കടൽ പ്രക്ഷുബ്ദമാകാൻ സാധ്യതയുള്ള സാഹചര്യത്തിൽ ജാഗ്രത പുലർത്താൻ മന്ത്രാലയം നിർദ്ദേശിച്ചിട്ടുണ്ട്.

ഈ ന്യൂനമർദ്ദം പടിഞ്ഞാറൻ-വടക്കുപടിഞ്ഞാറൻ ദിശയിൽ ഒമാനിലെ ദോഫാർ ഗവർണറേറ്റ്, യെമനിലെ അൽ മഹരാ ഗവർണറേറ്റ് എന്നിവ ലക്ഷ്യമാക്കി നീങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും, അടുത്ത 48 മണിക്കൂറിനിടയിൽ ഇത് ഒരു ഉഷ്ണമേഖലാ ചുഴലിക്കാറ്റായി രൂപം പ്രാപിക്കാനിടയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം അറിയിപ്പ് നൽകിയിരുന്നു.

Cover Image: Pixabay.