ഒമാനിലേക്ക് യാത്ര ചെയ്യുന്നവർക്കുള്ള ഏറ്റവും പുതിയ യാത്രാ നിർദ്ദേശങ്ങൾ

Oman

ഒമാനിലേക്ക് പ്രവേശിക്കുന്ന യാത്രികരുടെ ക്വാറന്റീൻ കാലാവധി, COVID-19 പരിശോധനകൾ എന്നിവയുമായി ബന്ധപ്പെട്ട് നവംബർ 2 മുതൽ നിലവിൽ വന്നിട്ടുള്ള ഏറ്റവും പുതിയ യാത്രാ മാനദണ്ഡങ്ങൾ ഇവിടെ പങ്ക് വെക്കുന്നു. ഒമാൻ ആഭ്യന്തര വകുപ്പ് മന്ത്രി സയ്യിദ് ഹമൗദ് ബിൻ ഫൈസൽ അൽ ബുസൈദിയുടെ നേതൃത്വത്തിൽ നവംബർ 1, ഞായറാഴ്ച്ച ചേർന്ന സുപ്രീം കമ്മിറ്റി യോഗത്തിൽ ഒമാനിലേക്ക് പ്രവേശിക്കുന്ന യാത്രികർക്കുള്ള യാത്രാ മാർഗ്ഗനിർദ്ദേശങ്ങളിൽ മാറ്റം വരുത്തിയിരുന്നു.

വിദേശത്ത് നിന്ന് ഒമാനിലേക്ക് പ്രവേശിക്കുന്ന യാത്രികരിൽ 75 ശതമാനത്തിൽ പരം ആളുകളിൽ രോഗലക്ഷണങ്ങൾ പ്രകടമാണെന്ന് ഒമാൻ ആരോഗ്യ മന്ത്രാലയം ചൂണ്ടികാട്ടിയതോടെയാണ് സുപ്രീം കമ്മിറ്റി യാത്രാ മാനദണ്ഡങ്ങളിൽ മാറ്റങ്ങൾ വരുത്തിയത്.

യാത്രികരുടെ COVID-19 PCR പരിശോധനകളുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ:

പുതിയ നിർദ്ദേശപ്രകാരം മൂന്ന് തവണയാണ് ഓമനിലേക്കുള്ള യാത്രികർ COVID-19 PCR ടെസ്റ്റ് നടത്തേണ്ടത്. ആരോഗ്യ മന്ത്രാലയത്തിന്റെ മാനദണ്ഡങ്ങൾ അനുസരിച്ചായിരിക്കണം ഇത്തരം PCR പരിശോധനകൾ നടത്തേണ്ടത്.

  • ഒമാനിലേക്ക് യാത്രചെയ്യുന്ന മുഴുവൻ യാത്രികർക്കും രാജ്യത്ത് പ്രവേശിക്കുന്നതിന് മുൻപായി, 96 മണിക്കൂറിനുള്ളിൽ നേടിയ COVID-19 PCR പരിശോധനാ നെഗറ്റീവ് ഫലങ്ങൾ നിർബന്ധമാണ്.
  • ഇത്തരം യാത്രികർ ഒമാനിൽ പ്രവേശിച്ച ഉടൻ തന്നെ വിമാനത്താവളങ്ങളിൽ വെച്ച് വീണ്ടും ഒരു തവണകൂടി PCR ടെസ്റ്റ് നടത്തേണ്ടതാണ്.
  • ഇതിനു ശേഷം, ഇത്തരം യാത്രികർ 7 ദിവസത്തെ ക്വാറന്റീനിൽ തുടരേണ്ടതും, എട്ടാം ദിവസം ഒരു തവണ കൂടി PCR ടെസ്റ്റ് നടത്തേണ്ടതുമാണ്.

ഒമാനിലെ ക്വാറന്റീൻ നടപടികൾ:

ഒമാനിൽ നിലവിൽ മൂന്ന് തരത്തിലുള്ള ക്വാറന്റീൻ നിർദ്ദേശങ്ങളാണ് നടപ്പിലാക്കുന്നതെന്ന് ആരോഗ്യ മന്ത്രാലയത്തിലെ രോഗപ്രതിരോധ വിഭാഗം ഡയറക്ടർ ജനറൽ ഡോ. സൈഫ് ബിൻ സലേം അൽ അബ്‌രി വ്യക്തമാക്കി.

  • വിദേശത്തു നിന്നുള്ള യാത്രികർക്ക് 7 ദിവസത്തെ ക്വാറന്റീൻ.
  • രോഗബാധ സ്ഥിരീകരിച്ചവർക്ക് 10 ദിവസത്തെ ക്വാറന്റീൻ.
  • രോഗബാധിതരുമായി സമ്പർക്കത്തിലേർപ്പെട്ടവർക്ക് 14 ദിവസത്തെ ക്വാറന്റീൻ.

വിദേശത്തു നിന്നുള്ള യാത്രികർക്കുള്ള ക്വാറന്റീൻ നിർദ്ദേശങ്ങൾ:

  • രാജ്യത്ത് പ്രവേശിക്കുന്ന വിദേശത്തുനിന്നുള്ള മുഴുവൻ യാത്രികർക്കും 7 ദിവസത്തെ ക്വാറന്റീൻ നിർബന്ധമാണ്. നേരത്തെ 14 ദിവസമായിരുന്ന ഈ കാലാവധി സുപ്രീം കമ്മിറ്റി പകുതിയാക്കി (7 ദിവസം) കുറയ്ക്കാൻ തീരുമാനിക്കുകയായിരുന്നു.
  • 7 ദിവസത്തെ ക്വാറന്റീൻ പൂർത്തിയാക്കിയ ശേഷം, എട്ടാം ദിവസം ഒരു തവണ കൂടി PCR ടെസ്റ്റ് നടത്തേണ്ടതാണ്. എട്ടാം ദിവസത്തെ പരിശോധനകളിൽ നെഗറ്റീവ് റിസൾട്ട് ലഭിക്കുന്നവർക്ക് ആരോഗ്യ അധികൃതരുമായി ബന്ധപ്പെട്ട ശേഷം ക്വാറന്റീൻ അവസാനിപ്പിക്കാവുന്നതാണ്.