ഒമാൻ: വിമാനത്താവളങ്ങളും, അതിർത്തികളും തുറക്കുന്നത് സംബന്ധിച്ച തീരുമാനം ഉടനെയില്ല

Oman

രാജ്യത്തിന്റെ അതിർത്തികൾ തുറക്കുന്നതിനെക്കുറിച്ചോ, വിമാനത്താവളങ്ങളുടെ പ്രവർത്തനം സാധാരണ നിലയിൽ ആരംഭിക്കുന്നതിനെക്കുറിച്ചോ ഒമാൻ നിലവിൽ ആലോചിക്കുന്നില്ലെന്ന് ഗതാഗത വകുപ്പ് വ്യക്തമാക്കി. ജൂലൈ 2, വ്യാഴാഴ്ച്ച നടന്ന സുപ്രീം കമ്മിറ്റിയുടെ പ്രത്യേക COVID-19 പത്രസമ്മേളനത്തിലാണ് ഒമാനിലെ ഗതാഗത വകുപ്പ് മന്ത്രി അഹ്‌മദ്‌ അൽ ഫുടൈസി ഇത് അറിയിച്ചത്.

നിലവിലെ സാഹചര്യങ്ങൾ ഇതിനു അനുകൂലമല്ലെന്ന് അറിയിച്ച അദ്ദേഹം, ഒമാൻ പൗരന്മാർക്ക് രാജ്യത്തിനു പുറത്തേക്ക് യാത്ര ചെയ്യുന്നതിന് അനുവാദം നൽകില്ലെന്നും കൂട്ടിച്ചേർത്തു. ഒമാനിലേക്ക് കരയിലൂടെയോ, വ്യോമമാർഗമോ യാത്രകൾ അനുവദിക്കുന്നതിനായി നിലവിലെ സാഹചര്യത്തിൽ രാജ്യത്തിന്റെ അതിർത്തികൾ തുറന്നു കൊടുക്കേണ്ടതില്ല എന്നാണ് സുപ്രീം കമ്മിറ്റി തീരുമാനമെന്ന് അദ്ദേഹം വ്യക്തമാക്കി. രോഗവ്യാപനം കൂടുന്ന സാഹചര്യത്തിൽ, അതിർത്തികൾ അടച്ചിടുന്നത് തുടരാനും, ഒമാനിലേക്ക് പ്രവേശിക്കുന്ന പൗരന്മാർക്ക് ക്വറന്റീൻ നിർബന്ധമാക്കാനും തീരുമാനിച്ചതായി അദ്ദേഹം കൂട്ടിച്ചേർത്തു.