നെയ്മീൻ മുളകിട്ട് വച്ചത്

Fish Non Vegetarian Ruchikoott

നല്ല എരിവും പുളിയും ഉള്ള മുളകിട്ടുവച്ച നെയ്മീൻ കറി എങ്ങനെ ഉണ്ടാക്കാം എന്ന് രുചിക്കൂട്ടിലൂടെ ഇന്ന് നോക്കാം. ചോറിന്റെയും, കപ്പയുടെ കൂടെയും കഴിക്കാൻ പറ്റിയ വളരെ രുചികരമായ കറിയാണിത്.

ഇതിലേക്ക് ആവശ്യമായ ചേരുവകൾ:

കഴുകി വൃത്തിയാക്കിയ നെയ്മീൻ – 3/4 kg
പച്ചമുളക്- 4 എണ്ണം
ഇഞ്ചി- ഒരു വലിയ കഷണം
വെളുത്തുള്ളി- എട്ട് അല്ലി
ചെറിയുള്ളി- 20
കറിവേപ്പില- 2 തണ്ട്
വെളിച്ചെണ്ണ- 4 ടേബിൾ സ്പൂൺ
കടുക്- 1/4 ടീസ്പൂൺ
ഉലുവ- 1/4 ടീസ്പൂൺ
മഞ്ഞൾപൊടി- 1 ടീസ്പൂൺ
മല്ലിപ്പൊടി – ഒന്നര ടേബിൾ സ്പൂൺ
കാശ്മീരി മുളകുപൊടി- 2 ടേബിൾ സ്പൂൺ
സാധാ മുളകുപൊടി- ഒന്നര ടേബിൾ സ്പൂൺ
ഉപ്പ്- ആവശ്യത്തിന്
കുടംപുളി- 6 കഷ്ണം ( പുളിക്ക് ആവശ്യമായത്)
വെള്ളം- 2 ഗ്ലാസ്

ഇനി ഇത് എങ്ങനെ പാകം ചെയ്യാം എന്ന് നോക്കാം:

  • കറി വെക്കുന്നതിന് ആവശ്യമായ പാത്രം അടുപ്പിൽ വെച്ച് ചൂടാക്കുക. (മൺചട്ടിയിൽ പാകം ചെയ്യുന്നതാണ് ഉത്തമം)
  • ചട്ടി ചൂടായി വരുമ്പോൾ അതിലേക്ക് വെളിച്ചെണ്ണ ഒഴിക്കുക. വെളിച്ചെണ്ണ ചൂടാകുമ്പോൾ കടുകിട്ട് പൊട്ടിക്കുക.
  • കടുക് പൊട്ടി വരുമ്പോൾ അതിലേക്ക് ഉലുവ ഇട്ട് കളർ ഒന്നു മാറി വരുമ്പോൾ അതിലേക്ക് ചതച്ചു വച്ചിരിക്കുന്ന ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് ചേർക്കുക. ഒന്ന് വഴന്നു വരുമ്പോൾ അതിലേക്ക് വലുതായി അരിഞ്ഞുവെച്ചിരിക്കുന്ന ചെറിയുള്ളിയും ഇട്ടു വഴറ്റുക.
  • വഴന്നു വരുമ്പോൾ അതിലേക്ക് മഞ്ഞൾപ്പൊടിയും, മല്ലിപ്പൊടിയും ചേർക്കുക ഇത് ചെറുതായി ഒന്ന് മൂത്തുവരുമ്പോൾ കാശ്മീരി മുളകുപൊടി യും, സാധാ മുളകുപൊടിയും ചേർത്ത് ചൂടാക്കി പച്ചമണം മാറുമ്പോൾ, അതിലേക്ക് വെള്ളത്തിൽ ഇട്ട് വെച്ചിരിക്കുന്ന കുടംപുളിയും രണ്ട് ഗ്ലാസ് വെള്ളവും കറിവേപ്പിലയും ചേർത്ത് നന്നായി തിളപ്പിക്കുക.
  • നന്നായി തിളച്ച് ചാറ് ഒന്ന് കുറുകിവരുമ്പോൾ മീൻ കഷണങ്ങൾ ഇടുക. തീ ഏറ്റവും കുറച്ചു വച്ച് വേവിക്കുക. ഇടയ്ക്ക് ഒന്ന് കറി പാത്രം ചുറ്റിച്ചു കൊടുക്കുക.
  • ഏകദേശം 20 മിനിറ്റ് കഴിയുമ്പോൾ ചാർ എല്ലാം കുറുകി മീൻ കഷണങ്ങൾ വെന്ത് കറി റെഡി ആയിട്ടുണ്ടാവും. ഇങ്ങനെ അടിപൊളി മീൻ കറി നമുക്ക് തയ്യാറാക്കാം.

ഓരോരുത്തരുടെയും ഇഷ്ടത്തിനനുസരിച്ച് കറി വറ്റിച്ചോ, നീട്ടിയോ എടുക്കാവുന്നതാണ്. അപ്പോൾ അതിനനുസരിച്ച് വെള്ളത്തിന്റെ അളവ് മാറ്റിയെടുക്കുക.

തയ്യാറാക്കിയത്: ബിനി.C.X, ഇടപ്പള്ളി, കൊച്ചി

Leave a Reply

Your email address will not be published. Required fields are marked *