നുറുക്ക് ഗോതമ്പ് പായസം

Dessert Payasam Pudding Ruchikoott

ഇന്നത്തെ രുചിക്കൂട്ടിലൂടെ നമ്മൾ തയ്യാറാക്കാൻ പോകുന്നത് വളരെ രുചികരമായ, എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റുന്ന നുറുക്ക് ഗോതമ്പ് പായസം ആണ്. ഓണസദ്യക്ക് പെട്ടെന്ന് തന്നെ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒരു വിഭവമാണിത്.

നുറുക്ക് ഗോതമ്പ് പായസത്തിലേക്ക് വേണ്ടുന്ന ചേരുവകൾ:

നുറുക്ക് ഗോതമ്പ് -250gr
ശർക്കര- 500 gr
തേങ്ങ- 2
നെയ്യ്- 6 ടേബിൾ സ്പൂൺ
അണ്ടിപ്പരിപ്പ്- ആവശ്യത്തിന്
ഉണക്കമുന്തിരി- ആവശ്യത്തിന്
ഏലക്ക- 6 എണ്ണം
ചുക്ക്- ഒരു ചെറിയ കഷണം

നുറുക്ക് ഗോതമ്പ് പായസം എങ്ങിനെ പാചകം ചെയ്യണം എന്ന് നോക്കാം:

  • ആദ്യം തന്നെ നുറുക്കുഗോതമ്പ് അര മണിക്കൂർ നേരം വെള്ളത്തിൽ കുതിർത്തു വെക്കുക.
  • അര മണിക്കൂറിനു ശേഷം നുറുക്ക് ഗോതമ്പ് നന്നായി കഴുകിയെടുത്ത് ഒരു കുക്കറിലേക്ക് ഇട്ട് ഗോതമ്പിന്റെ മുകളിൽ വെള്ളം നിൽക്കുന്ന രീതിയിൽ വെള്ളം ഒഴിച്ച് രണ്ട് വിസിൽ വരുന്നതുവരെ വേവിച്ചെടുക്കുക.
  • ആ സമയം കൊണ്ട് തേങ്ങ ചിരകി 2 ഗ്ലാസ് ഒന്നാം പാലും, 4 ഗ്ലാസ് രണ്ടാംപാലും തയ്യാറാക്കി വെക്കുക.
  • ഈ തേങ്ങയിൽ നിന്ന് കുറച്ച് കൊത്തി ചെറിയ കഷ്ണങ്ങളായി അരിഞ്ഞു വെക്കുക. (പായസ ത്തിലേക്ക് വറുത്തു ചേർക്കാൻ വേണ്ടിയാണ് )
  • അതുപോലെ തന്നെ എടുത്തു വച്ചിരിക്കുന്ന ശർക്കര ഒരു പാത്രത്തിലേക്ക് ഇട്ട് അതിലേക്ക് ഒന്നര ഗ്ലാസ് വെള്ളവും ഒഴിച്ച് നന്നായി ഉരുക്കി അരിച്ചെടുത്ത് വെക്കുക.
  • ഏലക്കയും ചുക്കും പൊടിച്ചെടുത്ത് കാൽ ഗ്ലാസ് രണ്ടാം പാലിൽ കലക്കി വയ്ക്കുക.
  • ഇനി അടി കട്ടിയുള്ള ഒരു പാത്രം എടുത്തു അതിലേക്ക് മൂന്ന് സ്പൂൺ നെയ്യ് ഒഴിച്ച് ചൂടാകുമ്പോൾ കിസ്മിസും, അണ്ടിപ്പരിപ്പ്, തേങ്ങാക്കൊത്ത് എന്നിവ ഇതിലേക്കിട്ട് വറുത്തു വയ്ക്കുക.
  • ഇനി വേവിച്ചുവെച്ചിരിക്കുന്ന നുറുക്ക് ഗോതമ്പ് അടി കട്ടിയുള്ള നെയ് ഒഴിച്ച് വറുത്തെടുത്ത പാത്രത്തിലേക്ക് മാറ്റുക.
  • ഇനി ഈ നുറുക്കുഗോതമ്പിലേക്ക് അരിച്ചു വച്ചിരിക്കുന്ന ശർക്കരയും ചേർത്ത് കൊടുത്തു നന്നായി ഇളക്കി യോജിപ്പിച്ച് അതിലേക്ക് രണ്ട് സ്പൂൺ നെയ്യും ഒഴിച്ച് കൊടുക്കുക. ഈ ശർക്കര പാനിയിൽ കിടന്നു ഗോതമ്പ് ഒന്നുകൂടി വെന്തു ശർക്കര പാനി കുറച്ച് വറ്റുന്നതുവരെ ഇടയ്ക്ക് ഇളക്കി കൊടുത്തു വേവിച്ചെടുക്കുക.
  • ശർക്കരപ്പാനി കുറുകി വരുമ്പോൾ അതിലേയ്ക്ക് രണ്ടാംപാൽ ഒഴിച്ച് കൊടുക്കുക.
  • ഇത് കുറച്ച് തിളച്ചു കുറുകി വരുമ്പോൾ അതിലേക്ക് കലക്കി വെച്ചിരിക്കുന്ന ഏലക്കാപൊടിയും, ചുക്കുപൊടിയും ചേർത്ത് കൊടുക്കുക.
  • ഇടയ്ക്കിടക്ക് ഇളക്കികൊണ്ടിരിക്കണം.
  • ഇതിലേക്ക് ഒരു നുള്ള് ഉപ്പു പൊടിയും ചേർത്ത് കൊടുക്കുക, മധുരം ബാലൻസ് ചെയ്യുന്നതിനാണ് ഇങ്ങനെ കുറച്ച് ഉപ്പ് ചേർത്തു കൊടുക്കുന്നത്. (ശർക്കരയിൽ ഉപ്പ് രുചി ഉള്ളതുകൊണ്ട് ഇതിലേക്ക് വേറെ ഉപ്പ് ചേർത്ത് കൊടുക്കേണ്ട ആവശ്യമില്ല)
  • നന്നായി തിളച്ച് ഒന്ന് വറ്റി വരുമ്പോൾ അതിലേക്ക് ഒന്നാം പാൽ രണ്ട് ഗ്ലാസ് ചേർത്തു കൊടുക്കുക.
  • ഒന്നാംപാൽ ചേർത്തതിനു ശേഷം അധികംവേവിക്കേണ്ട ആവശ്യമില്ല, ഒരു ചെറിയതിള വന്നാൽമതി.
  • ഈ സമയത്ത് ഒരു സ്പൂൺ നെയ്യും, വറുത്തു വെച്ചിരിക്കുന്ന കിസ്മിസും അണ്ടിപ്പരിപ്പും തേങ്ങാക്കൊത്തും ചേർത്ത് കൊടുക്കാം. അടുപ്പ് ഓഫ് ചെയ്യാവുന്നതാണ്.

മീഡിയം തീയിൽ വെച്ച് വേണം പായസം റെഡി ആക്കാൻ. അങ്ങനെ നമ്മുടെ ഇന്നത്തെ രുചികരമായ നുറുക്ക് ഗോതമ്പ് പായസം റെഡി ആയി. എല്ലാവരും ഇതൊന്നു ഉണ്ടാക്കി നോക്കുക. കുട്ടികൾക്ക് വളരെയധികം ഇഷ്ടപ്പെടുന്നതാണ്.

ശർക്കര എടുക്കുമ്പോൾ നല്ല കളറുള്ള ശർക്കര എടുക്കാൻ ശ്രദ്ധിക്കണം. എന്നാലേ പായസത്തിന് നല്ല നിറം കിട്ടുകയുള്ളൂ.

നുറുക്ക് ഗോതമ്പ് പായസം തയ്യാറാക്കുന്ന വീഡിയോ കാണാം

തയ്യാറാക്കിയത്: ബിനി.C.X, ഇടപ്പള്ളി, കൊച്ചി

Leave a Reply

Your email address will not be published. Required fields are marked *