നാടൻ മീൻ വാഴയിലയിൽ പൊള്ളിച്ചത്

Fish Non Vegetarian Ruchikoott

ഇന്നത്തെ രുചിക്കൂട്ടിലൂടെ മീൻ വിഭവങ്ങൾ ഇഷ്ടപ്പെടുന്ന ഒരു വിധം എല്ലാവരുടെയും ഫേവറേറ്റ് ആയ മീൻ വാഴയിലയിൽ പൊള്ളിച്ചത് ആണ്.

നാടൻ മീൻ വാഴയിലയിൽ പൊള്ളിച്ചത് എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം

സ്റ്റെപ് 1

മീൻ -( തിലോപ്പി, കരിമീൻ ഇതിൽ ഏതു വേണമെങ്കിലും ഇതിനായി എടുക്കാം).

  • തിലോപ്പിയ ഏകദേശം ഒരെണ്ണം നല്ല വലിപ്പത്തിൽ ഉള്ളത്( 600 ഗ്രാം) വൃത്തിയാക്കി രണ്ടു വശവും നന്നായി വരഞ്ഞെടുക്കുക.

ചെറുനാരങ്ങാനീര്- ഒരു ടേബിൾസ്പൂൺ
ഇഞ്ചി പേസ്റ്റ് ആക്കിയത്- ഒരു ടേബിൾസ്പൂൺ
വെളുത്തുള്ളി പേസ്റ്റ് ആക്കിയത്- ഒരു ടേബിൾസ്പൂൺ
മഞ്ഞൾപൊടി- അര ടീസ്പൂൺ
സാധാ മുളകുപൊടി- ഒരു ടേബിൾസ്പൂൺ
കാശ്മീരി മുളകുപൊടി-1 ടേബിൾ സ്പൂൺ
ഉപ്പ്- ആവശ്യത്തിന്

  • ആദ്യമേ തന്നെ ഈ ചേരുവകളെല്ലാം കൂടി നന്നായി മിക്സ് ചെയ്തു വരഞ്ഞുവച്ചിരിക്കുന്ന മീൻ ലേക്ക് നന്നായി ചേർത്ത് പിടിപ്പിക്കുക. അതിനുശേഷം മിനിമം ഒരു അര മണിക്കൂർ നേരത്തേക്ക് എങ്കിലും മസാല പിടിക്കുന്നതിനായി മാറ്റിവെക്കുക.

ഈ സമയത്ത് നമുക്ക് മീനിന്റെ ഗ്രേവിക്ക് ആയിട്ടുള്ള ചേരുവകൾ എടുത്തു വയ്ക്കാം

സ്റ്റെപ് 2

കറിവേപ്പില – 3 തണ്ട്
പച്ചമുളക്-3 എണ്ണം
ഇഞ്ചി- 1 ചെറിയ കഷണം
വെളുത്തുള്ളി-10 അല്ലി
തക്കാളി-2 എണ്ണം
ചെറിയുള്ളി -400 ഗ്രാം
വെളിച്ചെണ്ണ, ഉപ്പ് – ആവശ്യത്തിന്
സാധാ മുളകുപൊടി- ഒരു ടേബിൾസ്പൂൺ
കാശ്മീരി മുളകുപൊടി- രണ്ട് ടേബിൾസ്പൂൺ
മഞ്ഞൾപൊടി- കാൽ ടീസ്പൂൺ
കുരുമുളകുപൊടി- കാൽ ടീസ്പൂൺ
പെരുംജീരകപ്പൊടി- കാൽ ടീസ്പൂൺ
വിനാഗിരി – ഒരു ടേബിൾസ്പൂൺ
തേങ്ങാപ്പാൽ – അരഗ്ലാസ്

  • വെളുത്തുള്ളി ഇഞ്ചി ചതച്ചെടുക്കുക.
  • പച്ചമുളക് നീളത്തിൽ അരിഞ്ഞെടുക്കുക.
  • ചെറിയുള്ളി ഒരെണ്ണം മൂന്നാക്കി മുറിച്ചെടുക്കുക.
  • തക്കാളി ചെറുതായി അരിഞ്ഞ് വെക്കുക.
  • പൊടികൾ എല്ലാം കൂടി ഒരുമിച്ച് മിക്സ് ചെയ്തു വെക്കുക.

ഇനി ഇത് പാകം ചെയ്യുന്നത് എങ്ങനെ എന്ന് നോക്കാം

  • മീൻ മസാല പുരട്ടി വെച്ചതിന് അരമണിക്കൂറിനുശേഷം ഒരു പാനിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ അതിലേക്ക് കുറച്ച് കറിവേപ്പില ഇട്ടതിനുശേഷം മീൻ എടുത്തുവെച്ച് രണ്ടുവശവും ഒരു മുക്കാൽ ഭാഗത്തോളം വേവ് ആകുന്നതുവരെ മീഡിയം തീയിൽ വെച്ച് പൊരിച്ചെടുക്കുക( മീനിന്റെ ഒരു ഭാഗം മാത്രം മൂടിക്കിടക്കുന്ന വെളിച്ചെണ്ണ ഒഴിച്ച് കൊടുത്താൽ മതി).
  • രണ്ടു വശവും വറുത്തതിനുശേഷം മീൻ വേറെ ഒരു പാത്രത്തിലേക്ക് മാറ്റിയിട്ട്, പൊരിച്ച പാത്രത്തിൽ തന്നെ വെളിച്ചെണ്ണ ബാക്കിയുണ്ടെങ്കിൽഅതിന്റെ കൂടെ തന്നെ ഗ്രേവിക്ക് വേണ്ട മസാല തയ്യാറാക്കുന്നതിനുള്ള വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക. (ആവശ്യത്തിനുള്ള വെളിച്ചെണ്ണ ഉണ്ടെങ്കിൽ വേറെ ഒഴിച്ചു കൊടുക്കേണ്ട ആവശ്യമില്ല)
  • വെളിച്ചെണ്ണ ചൂടാകുമ്പോൾ അതിലേക്ക് കറിവേപ്പില ഇട്ടു കൊടുക്കുക. അതിനുശേഷം അരിഞ്ഞു വച്ചിരിക്കുന്ന പച്ചമുളക് ചേർത്ത് കൊടുക്കുക അതിന്റെ കൂടെ ചെറിയുള്ളി ചേർത്ത് കുറച്ചൊന്ന് വാട്ടിയെടുക്കുക ഈ സമയത്ത് ഗ്രേവി ലേക്ക് ആവശ്യമായ ഉപ്പും ചേർത്തു കൊടുക്കുക.
  • ഇതൊന്നു ചെറുതായി ഇളക്കി, ഒന്നു വാടി വരുമ്പോൾ അതിലേക്ക് ചതച്ചു വച്ചിരിക്കുന്ന ഇഞ്ചി വെളുത്തുള്ളിയും ചേർക്കുക. ഇതെല്ലാം ഒന്ന് വഴന്നു പച്ചകുത്തൽ മാറി വരുമ്പോൾ ( അധികംമൊരിഞ്ഞു പോകേണ്ട ആവശ്യമില്ല) മസാല പൊടികളെല്ലാം ചേർക്കുക.
  • പൊടികൾ എല്ലാം പച്ച മണം മാറി മൊരിഞ്ഞു വരുമ്പോൾ അതിലേക്ക് ചെറുതായി അരിഞ്ഞു വച്ചിരിക്കുന്ന തക്കാളി ചേർക്കുക അതിനുശേഷം പാത്രം ഒന്നു മൂടിവെച്ച് തക്കാളിയും സവാളയും മസാലയും എല്ലാംകൂടി ഒന്ന് കുഴമ്പുരൂപത്തിൽ ആകുന്നതുവരെ വേവിച്ചെടുക്കുക.
  • എല്ലാം കൂടി നന്നായി വഴന്നു കുഴമ്പുരൂപത്തിൽ ആകുമ്പോൾ അതിലേക്ക് ഒരു ടേബിൾസ്പൂൺ വിനാഗിരി ചേർത്ത് കൊടുക്കുക അതിനുശേഷം എടുത്തു വച്ചിരിക്കുന്ന തേങ്ങാപ്പാൽ ചേർക്കുക.
  • തേങ്ങാപ്പാൽ ചേർത്തതിനുശേഷം അധികം തിളക്കേണ്ട ആവശ്യമില്ല ചെറുതായി ഒരു തിള വരുമ്പോൾ തന്നെഫ്ളയിം ഓഫ് ചെയ്യാവുന്നതാണ്.
  • ഈ സമയത്ത് നമ്മൾ ഒരു വാഴയില എടുത്ത് കഴുകി വൃത്തിയാക്കിയതിനുശേഷം അടുപ്പിന് മുകളിൽ വെച്ച് ഒന്നു വാട്ടിയെടുക്കണം.
  • അതിനുശേഷം തയ്യാറാക്കിയ ഗ്രേവി ഒരു വാഴയില വലുത് ആദ്യം വെച്ചതിനുശേഷം അതിന്റെ മുകളിൽ ഒരു ചെറിയ കഷണം ഇല കൂടി വെക്കുക എന്നിട്ട് അതിന്റെ മുകളിലേക്ക് ഒരു ലയർ ആദ്യം ഗ്രേവി ഇട്ടുകൊടുക്കുക. ഇതിന്റെ മുകളിലേക്ക് വറുത്തു വച്ചിരിക്കുന്ന മീൻ എടുത്തുവച്ചതിനുശേഷം ബാക്കിയുള്ള ഗ്രേവി മീനിന്റെ മുകൾ ഭാഗത്തേക്ക് തേച്ചുപിടിപ്പിക്കുക.
  • ഇങ്ങനെ മീനിന്റെ എല്ലാ ഭാഗത്തേക്കും ഗ്രേവി തേച്ചതിനുശേഷം വാഴയില നാലുഭാഗത്തുനിന്നും മടക്കി നന്നായി പൊതിച്ചോറ് കെട്ടുന്നതുപോലെ വാഴനാര് കൊണ്ടോ അല്ലെങ്കിൽ കട്ടിയുള്ള ഒരു നൂലു കൊണ്ടോ കെട്ടി കൊടുക്കുക.

ഇതിനു ശേഷം ഇത് പൊള്ളിച്ചെടുക്കണം.

  • അതിനായി ഒരു പരന്ന പാത്രം അടുപ്പിൽവെച്ച് അതിലേക്ക് ഒരു ചെറിയ രീതിയിൽ എണ്ണ ഒഴിച്ചു കൊടുക്കുക. ഇങ്ങനെ എണ്ണ ഒഴിച്ച് കൊടുക്കുന്നത്, ഇതിലേക്ക് മീനിന്റെ ഇല പൊതി വെച്ച് കൊടുക്കുമ്പോൾ പെട്ടെന്ന് കരിഞ്ഞുപോകാതിരിക്കാനാണ്.
  • ഇനി ഇതിലേക്ക് മീൻ പൊതിഞ്ഞു വെച്ചിരിക്കുന്നത് വെച്ചു കൊടുക്കുക. മീഡിയം തീയിൽ ഓരോ ഭാഗവും അഞ്ചു മിനിറ്റ് നേരം മറിച്ചും തിരിച്ചും ഇട്ടു പൊള്ളിച്ചിച്ചെടുക്കുക.
  • ഈ സമയം വാഴയിലയും മീനിന്റെ മസാലയും എല്ലാംകൂടി നന്നായിമൊരിഞ്ഞുവരുന്നതിന്റെ മണമെല്ലാം വന്നു തുടങ്ങും.

അങ്ങനെ നമ്മുടെ ഇന്നത്തെ അടിപൊളി വാഴയിലയിൽ പൊതിഞ്ഞ തിലോപ്പിയ പൊള്ളിച്ചത് റെഡിയായി.
എല്ലാവരും ഒരു പ്രാവശ്യമെങ്കിലും ഇത് ഉണ്ടാക്കി നോക്കുക. വളരെ രുചികരമാണ് ഇത് കഴിക്കാൻ.

നാടൻ മീൻ വാഴയിലയിൽ പൊള്ളിച്ചത് – വീഡിയോ കാണാം!

തയ്യാറാക്കിയത്: Bini.C.X , ഇടപ്പള്ളി, കൊച്ചി

Leave a Reply

Your email address will not be published. Required fields are marked *