ഡ്രാഗൺ ചിക്കൻ ഫ്രൈ

Chicken Non Vegetarian Ruchikoott

ഇന്നത്തെ രുചികൂട്ടിലൂടെ വളരെ ടേസ്റ്റിയായ ഡ്രാഗൺ ചിക്കൻ ഫ്രൈ എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം. വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റുന്ന ഈ ഡിഷ് കുട്ടികൾക്ക് വളരെയധികം ഇഷ്ടപ്പെടും

ഡ്രാഗൺ ചിക്കൻ ഫ്രൈ തയ്യാറാക്കാൻ ആവശ്യമായ ചേരുവകൾ:

ആദ്യമേ തന്നെ ചിക്കൻ മസാല പുരട്ടുന്നതിന് വേണ്ട സാധനങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം..

സ്റ്റെപ്പ് – 1

ബോൺലെസ് ചിക്കൻ നീളത്തിൽ അരിഞ്ഞത് -250 ഗ്രാം
കോൺഫ്ലവർ – 2 ടേബിൾ സ്പൂൺ
മൈദ – 2 ടേബിൾ സ്പൂൺ
കാശ്മീരി ചില്ലി പൗഡർ – 1 ടേബിൾ സ്പൂൺ
കുരുമുളകുപൊടി – 1 ടീസ്പൂൺ
വെളുത്തുള്ളി ഇഞ്ചി പേസ്റ്റ്- 1 ടേബിൾ സ്പൂൺ
സോയാസോസ് -1 ടേബിൾ സ്പൂൺ
മുട്ട -1
ഉപ്പ് ആവശ്യത്തിന്

ഇനി ഗ്രേവിക്ക് ആവശ്യമായ സാധനങ്ങൾ….

സ്റ്റെപ്പ് – 2

സൺ ഫ്ലവർ ഓയിൽ – ആവശ്യത്തിന്
ക്യാഷ്യൂനട്ട് (അണ്ടിപ്പരിപ്പ്) -10 എണ്ണം
ടൊമാറ്റോ സോസ്- 1 ടേബിൾ സ്പൂൺ
ഗ്രീൻ ചില്ലി സോസ്- 1 ടേബിൾ സ്പൂൺ
റെഡ് ചില്ലി സോസ്- ഒന്നര ടേബിൾസ്പൂൺ
ഇഞ്ചി, വെളുത്തുള്ളി ചെറുതായി കൊത്തിയരിഞ്ഞത്- 1 ടേബിൾ സ്പൂൺ
സവാള നീളത്തിൽ അരിഞ്ഞത് – 1
സെല്ലറി – ഒരു ചെറിയ പിടി
ക്യാരറ്റ് നീളത്തിലരിഞ്ഞത് -10 കഷ്ണം
ക്യാപ്സിക്കം നീളത്തിലരിഞ്ഞത് -10 കഷ്ണം
വറ്റൽ മുളക് – 3 എണ്ണം
കോൺഫ്ളവർ – 1 ടേബിൾ സ്പൂൺ
പഞ്ചസാര കാൽ ടീസ്പൂൺ
ചെറുചൂടുവെള്ളം – അരഗ്ലാസ്

ഇനി ഡ്രാഗൺ ചിക്കൻ ഫ്രൈ തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം:

  • ആദ്യമേതന്നെ ഒരു പാത്രത്തിലേക്ക് ഒരു മുട്ട പൊട്ടിച്ച് ഇട്ടതിനു ശേഷം, ചിക്കനിലേക്കുള്ള മസാലയ്ക്ക് വേണ്ടി എടുത്തു വച്ചിരിക്കുന്ന എല്ലാ ചേരുവകളും ചേർത്ത് നന്നായി മിക്സ് ചെയ്തു എടുക്കുക. ഇതിലേക്ക് ചിക്കൻ കഷ്ണങ്ങളും ചേർത്ത് കുഴച്ച് ഒരു അരമണിക്കൂർ നേരം ഫ്രിഡ്ജിൽ വയ്ക്കുക. (പുറത്തു തന്നെ വെച്ചിരുന്നാലും കുഴപ്പമില്ല)
  • അരമണിക്കൂറിനുശേഷം ചിക്കൻ മസാല പുരട്ടിയത് ഫ്രിഡ്ജിൽ നിന്ന് പുറത്തെടുടുക്കുക. അഞ്ചുമിനിറ്റ് തണുപ്പ് മാറിയതിനു ശേഷം വറുത്തെടുക്കാം. ഇതിനായി ഒരു പാൻ അടുപ്പിൽ വെച്ച് ചൂടാകുമ്പോൾ അതിലേക്ക് സൺഫ്ലവർ ഓയിൽ ആവശ്യത്തിന് ഒഴിക്കുക. ഓയിൽ ചൂടായി വരുമ്പോൾ ചിക്കൻ കഷ്ണങ്ങൾ ഇട്ട് മീഡിയം തീയിൽ രണ്ടുവശവും മറിച്ചും തിരിച്ചും ഇട്ടു വറുത്ത് കോരി എടുക്കുക അധികം ഹാർഡ് ആകേണ്ട ആവശ്യമില്ല.
  • ഇങ്ങനെ എല്ലാ ചിക്കനും വറുത്തതിനുശേഷം, ബാക്കിയുള്ള എണ്ണയിൽ ക്യാഷ്യൂനട്ടും വറുത്തെടുക്കുക
  • ഇതിനു ശേഷം ഇതിലേക്കുള്ള ഗ്രേവി തയ്യാറാക്കാം.
  • ഇതിനായി ഒരു പാത്രം അടുപ്പിൽ വെച്ച് ചൂടാകുമ്പോൾ, ചിക്കൻ വറുത്ത എണ്ണയിൽ നിന്ന് 3 ടേബിൾ സ്പൂൺ എണ്ണ ഒഴിക്കുക.
  • എണ്ണ ചൂടാകുമ്പോൾ അതിലേക്ക് അരിഞ്ഞു വച്ചിരിക്കുന്ന ഇഞ്ചി-വെളുത്തുള്ളി കഷ്ണങ്ങൾ ഇട്ടു കൊടുക്കുക. അതൊന്ന് ചെറുതായി മൂത്തു പച്ച മണം മാറി വരുമ്പോൾ സവാള ചേർക്കുക. അധികം മൂത്ത് പോകേണ്ട ആവശ്യമില്ല, ചെറുതായി ഒന്ന് വാടുമ്പോൾ അതിലേക്ക് ചെറുതായി അരിഞ്ഞു വച്ചിരിക്കുന്ന കുറച്ച്സെല്ലറിയും ചേർക്കുക.
  • അതിനുശേഷം നീളത്തിൽ അരിഞ്ഞു വച്ചിരിക്കുന്ന ക്യാരറ്റും, ക്യാപ്സിക്കവും, വറ്റൽമുളകും ഇട്ടുകൊടുക്കുക. ഇത് ഒന്ന് ചെറുതായി ഇളക്കി യോജിപ്പിച്ചതിനുശേഷം, ഇതിലേക്ക് സോയാസോസും, ചില്ലി സോസും, റെഡ് ചില്ലി സോസും ഒഴിച്ചു ഇളക്കികൊടുക്കുക.
  • ഗ്രേവി കുറച്ച് കുറുകി കിട്ടുവാൻ വേണ്ടി അര ഗ്ലാസ് ചെറുചൂടുവെള്ളത്തിൽ ഒരു സ്പൂൺ കോൺഫ്ലവർ ഉം കാൽ ടീസ്പൂൺ പഞ്ചസാരയും ചേർത്ത് യോജിപ്പിച്ച് ഇതിലേക്ക് ചേർക്കുക.
  • ഇതെല്ലാം കൂടി ഒന്ന് ചെറുതായി തിളച്ചുവരുമ്പോൾ അതിലേക്ക് വറുത്തു വെച്ചിരിക്കുന്ന ചിക്കൻ കഷണങ്ങൾ ഇട്ടു കൊടുക്കുക, എന്നിട്ട് എല്ലാം കൂടി നന്നായി കൂട്ടി യോജിപ്പിച്ച് ആവശ്യമുണ്ടെങ്കിൽ ഉപ്പ്ചേർത്തു കൊടുക്കുക. സോസുകൾക്ക് ഉപ്പ് ഉള്ളതുകൊണ്ട് രുചിച്ചു നോക്കിയതിനു ശേഷം ആവശ്യത്തിന് ഉപ്പു ചേർത്ത് കൊടുക്കാം.
  • അവസാനമായി മുകളിലേക്ക് കാഷ്യൂനട്ടും ചേർത്ത് തീഓഫ് ചെയ്യുക.

അങ്ങനെ സ്വാദിഷ്ടമായ ഡ്രാഗൺ ചിക്കൻ ഫ്രൈ തയ്യാറായി.

തയ്യാറാക്കിയത്: ബിനി.C.X, ഇടപ്പള്ളി, കൊച്ചി

Leave a Reply

Your email address will not be published. Required fields are marked *