മുട്ട കുഴലപ്പം – രുചികരമായ ഒരു നാലുമണി പലഹാരം

Ruchikoott Snacks

സ്കൂൾ വിട്ടു വരുന്ന കുട്ടികൾക്ക് കൊടുക്കാൻ പറ്റിയ വളരെ രുചികരമായ, എന്നാൽ എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റിയ ഒരു വിഭവമാണ് മുട്ട കുഴലപ്പം. പണ്ടത്തെ അമ്മമാർ വീട്ടിൽ വിരുന്നുകാർ വരുമ്പോൾ പ്രത്യേകമായി തയ്യാറാക്കിയിരുന്ന ഒരു വിഭവമായിരുന്നു ഇത്.

കുട്ടികൾക്കും മുതിർന്നവർക്കും ഏറെ ഇഷ്ടമാകുന്ന മുട്ട കുഴലപ്പം ഉണ്ടാക്കാൻ ആവശ്യമായ ചേരുവകൾ:

മൈദ – ഒന്നര കപ്പ്
മുട്ട- 1
തേങ്ങ – ഒരു ചെറിയ തേങ്ങയുടെ അര മുറി
ശർക്കര- 200 ഗ്രാം
ഏലക്ക – 3 എണ്ണം പൊടിച്ചത്
വെള്ളം ആവശ്യത്തിന്
ഉപ്പ്- ഒരു നുള്ള് ( ശർക്കരയ്ക്ക് ഉപ്പ് ഉള്ളതുകൊണ്ട് ഉപ്പ് മാവിൽ ചേർത്തില്ലെങ്കിലും കുഴപ്പമില്ല)

ഇനി മുട്ട കുഴലപ്പം എങ്ങനെ പാകം ചെയ്യാം എന്ന് നോക്കാം:

  • ആദ്യമേ തന്നെ കാൽ ഗ്ലാസ് വെള്ളത്തിൽ ശർക്കര നന്നായി ഉരുക്കി പാനിയാക്കി അരിച്ചെടുക്കുക.
  • അരിച്ചെടുത്ത ശർക്കര പാനിയും, തേങ്ങയും ചേർത്ത് നന്നായി വിളയിച്ചെടുക്കുക. അതിലേക്ക് പൊടിച്ചു വച്ചിരിക്കുന്ന ഏലക്കാപൊടിയും ചേർത്ത് നന്നായി യോജിപ്പിച്ച് മാറ്റിവെക്കുക.
  • മിക്സിയുടെ ജാറിലേക്ക് മുട്ട പൊട്ടിച്ചിട്ട്, എടുത്തു വച്ചിരിക്കുന്ന മൈദയും, വേണമെങ്കിൽ ഒരു നുള്ള് ഉപ്പും, ആവശ്യത്തിന് വെള്ളവും(വെള്ളം കുറച്ചു കുറച്ചായി ഒഴിച്ചുകൊടുക്കുക) ചേർത്ത് നന്നായി അടിച്ചെടുക്കുക. അധികം കട്ടിയില്ലാതെ ദോശമാവിന്റെ പരുവത്തിൽ, ഒട്ടും കട്ടകെട്ടാതെ കുറച്ച് നേർമയായി വേണം മാവ് അടിച്ചെടുക്കാൻ.
  • പരന്ന ഒരു ഫ്രയിങ് പാൻ അടുപ്പിൽ വെച്ച് ചൂടാകുമ്പോൾ തയ്യാറാക്കിവെച്ചിരിക്കുന്ന മൈദമാവ് ഒരു തവി എടുത്ത് ദോശയുടെ വലിപ്പത്തിൽ വളരെ നേർമയായി മീഡിയം തീയിൽ വെച്ച് വേവിച്ച് എടുക്കുക വളരെ പെട്ടെന്ന് തന്നെ ഇത് വെന്തു കിട്ടും. മറിച്ചിട്ട് വേവിക്കേണ്ട ആവശ്യമില്ല.
  • ഇങ്ങിനെ വേവിച്ചെടുക്കുന്ന മൈദ ദോശകൾ ഒരു പാത്രത്തിലേക്ക് വെച്ച്, അതിനുള്ളിലേക്ക് റെഡിയാക്കി വെച്ചിരിക്കുന്ന ശർക്കരയിൽ വിളയിച്ച തേങ്ങ ഒന്നോ രണ്ടോ സ്പൂൺ വീതം വെച്ച് ദോശ ചുരുട്ടി എടുക്കുക.

അങ്ങനെ വളരെ പെട്ടെന്ന് തയ്യാറാക്കാവുന്ന രുചികരമായ മുട്ട കുഴലപ്പം റെഡിയായി.

എല്ലാവർക്കും വളരെ ഇഷ്ടപ്പെടുന്ന ഈ വിഭവം ചെറിയ ചൂടോടുകൂടെ തന്നെ കഴിക്കുക. മുട്ടയുടെ രുചി ഇഷ്ടമില്ലാത്തവർക്ക്, മുട്ട ചേർക്കാതെയും ഇത് ഉണ്ടാക്കാവുന്നതാണ്.

തയ്യാറാക്കിയത്: ബിനി.C.X, ഇടപ്പള്ളി, കൊച്ചി

Leave a Reply

Your email address will not be published. Required fields are marked *