ഉംറ തീർത്ഥാടനത്തിന്റെ മൂന്നാം ഘട്ടത്തിൽ പങ്കെടുക്കുന്നതിനായി വിദേശ രാജ്യങ്ങളിൽ നിന്ന് നവംബർ 1-ന് സൗദിയിലെത്തിയ ആദ്യ സംഘം തീർത്ഥാടകർ, 3 ദിവസത്തെ ക്വാറന്റീൻ കാലാവധി പൂർത്തിയാക്കിയ ശേഷം ഇന്ന് (നവംബർ 4, ബുധനാഴ്ച്ച) മുതൽ ഉംറ അനുഷ്ഠാനങ്ങളിൽ പങ്കെടുക്കാൻ ആരംഭിക്കുന്നതാണ്. ഇന്തോനേഷ്യ, പാകിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുളള വിദേശ തീർത്ഥാടകർ ഞായറാഴ്ച്ച മുതൽ തീർത്ഥാടനത്തിനായി സൗദിയിൽ എത്തിത്തുടങ്ങിയിരുന്നു.
ജിദ്ദയിലെ കിംഗ് അബ്ദുൽ അസീസ് ഇന്റർനാഷണൽ എയർപോർട്ടിലെത്തിയ ഇവർക്ക്, മൂന്ന് ദിവസത്തെ ക്വാറന്റീൻ നടപടികൾക്കായി മക്കയിലെ വിവിധ ഹോട്ടലുകളിൽ താമസ സൗകര്യങ്ങൾ ഒരുക്കിയിരുന്നു. ഏഴു മാസത്തെ ഇടവേളയ്ക്ക് ശേഷം ഉംറ തീർത്ഥാടനത്തിനായി വിദേശത്തു നിന്നെത്തിയ ആദ്യ സംഘം തീർത്ഥാടകരെ സ്വീകരിക്കാൻ സൗദി ഹജ്ജ്, ഉംറ വകുപ്പ് മന്ത്രി ഡോ. മുഹമ്മദ് സാലിഹ് ബിൻ താഹിർ ബെന്തെൻ, മന്ത്രാലയത്തിലെ മറ്റു അധികൃതർ എന്നിവർ വിമാനത്താവളങ്ങളിൽ എത്തിയിരുന്നു..
രോഗസാധ്യത കുറഞ്ഞ രാജ്യങ്ങളിൽ നിന്നെത്തുന്ന വിദേശ തീർത്ഥാടകർക്ക്, സൗദിയിലെ COVID-19 പ്രതിരോധ മുൻകരുതൽ നടപടികളുടെ ഭാഗമായി, മൂന്ന് ദിവസത്തെ ക്വാറന്റീനു ശേഷമാണ് ഉംറ തീർത്ഥാടനത്തിനായുള്ള ചടങ്ങുകളിൽ പങ്കെടുക്കാൻ അനുവദിക്കുന്നത്. ഇത്തരത്തിൽ എത്തുന്ന വിദേശ തീർത്ഥാടകർക്ക് 3 ദിവസത്തെ ക്വാറന്റീൻ ഉൾപ്പടെ, ആകെ പത്ത് ദിവസമാണ് സൗദിയിൽ തങ്ങാൻ അനുവാദം നൽകുന്നത്.
ഉംറ തീർത്ഥാടനത്തിന്റെ മൂന്നാം ഘട്ടത്തിൽ പ്രതിദിനം പരമാവധി 20000 തീർത്ഥാടകർക്കാണ് ഉംറ അനുഷ്ഠിക്കുന്നതിനുള്ള അനുവാദം നൽകുന്നത്. ഇതിനു പുറമെ മക്കയിലെ ഗ്രാൻഡ് മോസ്കിലേക്ക് പ്രാർത്ഥനകൾക്കായി 60000 പേർക്ക് പ്രതിദിനം പ്രവേശനാനുവാദം നൽകുന്നതിനും അധികൃതർ തീരുമാനിച്ചിട്ടുണ്ട്.
വിദേശത്തു നിന്നുള്ള തീർത്ഥാടകർക്ക് സൗദിയിൽ പ്രവേശിക്കുന്നതിന് മുൻപ് 72 മണിക്കൂറിനിടയിൽ ലഭിച്ച COVID-19 PCR നെഗറ്റീവ് ഫലം നിർബന്ധമാണ്. 18-നും, 50-നും ഇടയിൽ പ്രായമുള്ള വിദേശികൾക്കാണ് തീർത്ഥാടനത്തിന് അനുമതി നൽകുന്നത്.