അനധികൃതമായി മരങ്ങളും, ചെടികളും മുറിച്ച് നീക്കുന്നവർക്ക് 10 വർഷത്തെ തടവും, 30 ദശലക്ഷം റിയാൽ വരെ പിഴയും ശിക്ഷയായി ലഭിക്കാമെന്ന് സൗദി പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി. രാജ്യത്തെ പരിസ്ഥിതി സംരക്ഷണ നിയമങ്ങൾ പ്രകാരമാണ് ഇത്തരം പ്രവർത്തനങ്ങൾ നടത്തുന്നവർക്കെതിരെ നിയമനടപടികൾ കൈക്കൊള്ളുന്നത്.
തടവോ, പിഴയോ, രണ്ടും ഒരുമിച്ചോ ശിക്ഷയായി ലഭിക്കാവുന്നതാണ്. മരങ്ങൾ, ചെടികൾ, കുറ്റിച്ചെടികൾ, മറ്റു സസ്യങ്ങൾ എന്നിവ മുറിച്ച് മാറ്റുക, പിഴുതു കളയുക, അവയുടെ ഇലകൾ, തൊലി മുതലായവ നശിപ്പിക്കുക, അവ നിൽക്കുന്ന പ്രദേശങ്ങളിലെ മണ്ണ് നീക്കം ചെയ്യുക തുടങ്ങിയ എല്ലാ പ്രവർത്തനങ്ങളും ഇത്തരത്തിൽ ശിക്ഷ ലഭിക്കാവുന്ന നിയമലംഘനങ്ങളായി കണക്കാക്കുമെന്ന് പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കി.
രാജ്യത്ത് ഇത്തരം പ്രവർത്തനങ്ങൾ തടയുന്നതിനും, പരിസ്ഥിതി സംരക്ഷണം ഉറപ്പാക്കുന്നതിനും നിയമങ്ങൾ കർശനമാണെന്ന് അധികൃതർ ജനങ്ങളെ ഓർമ്മപ്പെടുത്തി. സൗദി അറേബ്യ രൂപം നൽകിയിട്ടുള്ള വിഷൻ 2030 പദ്ധതിയിലൂടെ അടുത്ത 10 വർഷത്തിനിടയിൽ ലക്ഷ്യമിടുന്ന പരിസ്ഥിതി സുസ്ഥിരത ഉറപ്പാക്കുന്നതിന് ആവശ്യമായ നടപടികളുടെ ഭാഗമായാണ് പബ്ലിക് പ്രോസിക്യൂഷൻ ഇത്തരം ഒരു മുന്നറിയിപ്പ് നൽകിയത്.