യു എ ഇ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കാൻ അബുദാബി പോലീസ് ആഹ്വാനം ചെയ്തു

UAE

നാല്പത്തൊമ്പതാമത് ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി, ഡിസംബർ 1 മുതൽ തുടർച്ചയായുള്ള അവധി ദിനങ്ങളുടെ പശ്ചാത്തലത്തിൽ, ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങൾ വീഴ്ച്ച കൂടാതെ പാലിക്കാൻ അബുദാബി പോലീസ് ജനങ്ങളോട് ആഹ്വാനം ചെയ്തു. യു എ ഇ ദേശീയ ദിനത്തിന്റെ ഭാഗമായുള്ള ആഘോഷങ്ങൾ COVID-19 വ്യാപനം തടയുന്നതിന് പ്രാധാന്യം നൽകികൊണ്ടുള്ള രീതിയിൽ ആചരിക്കാൻ അധികൃതർ ആവശ്യപ്പെട്ടു.

കരിമരുന്നു പ്രയോഗങ്ങൾ കാണുന്ന വേളകളിലും, വാഹനങ്ങളിൽ സഞ്ചരിക്കുന്ന സമയങ്ങളിലും പരമാവധി ശ്രദ്ധ പുലർത്താനും ആരോഗ്യ സുരക്ഷ മുൻനിർത്തി ജാഗ്രത തുടരാനും പോലീസ് ജനങ്ങളെ ഓർമ്മപ്പെടുത്തി. സൈക്കിളുകളിലും മറ്റും സഞ്ചരിക്കുന്ന കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ പോലീസ് രക്ഷിതാക്കളോട് നിർദ്ദേശിച്ചു. റോഡുകളിലും മറ്റും അപകടങ്ങൾ ഉണ്ടാകാനുള്ള എല്ലാ സാധ്യതകളും ഒഴിവാക്കുന്നതിനായി പൊതു സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കാനും അബുദാബി പോലീസ് നിർദ്ദേശിച്ചിട്ടുണ്ട്.

വാഹനങ്ങൾ ഉപയോഗിക്കുന്നവർ ട്രാഫിക് നിയമങ്ങൾ പാലിക്കേണ്ടത് പരമ പ്രധാനമാണെന്ന് അബുദാബി പോലീസ് ചൂണ്ടിക്കാട്ടി. ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി വാഹനങ്ങളുടെ മേൽ കയറിനിന്ന് സഞ്ചരിക്കുന്നതും, അപകടകരമായ ഡ്രൈവിംഗ് രീതികളും, ട്രാഫിക് തടസങ്ങൾ സൃഷ്ടിക്കുന്ന രീതികളും ഒഴിവാക്കാനും പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.

വാഹനങ്ങൾ ഉപയോഗിക്കുന്നവർ മാസ്കുകൾ ധരിക്കണമെന്നും, പൊതു ഇടങ്ങളിൽ സമൂഹ അകലം പാലിക്കണമെന്നും പോലീസ് ആവശ്യപ്പെട്ടു. മറ്റുള്ളവർക്ക് ശല്യമാകുന്ന രീതിയിൽ ഉയർന്ന ശബ്ദത്തിൽ വാഹനങ്ങൾ ഉപയോഗിക്കുന്നത് ഒഴിവാക്കാനും അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്. മുൻകൂട്ടി പ്രത്യേക അനുമതി ഇല്ലാതെ എഞ്ചിനുകളിൽ മാറ്റങ്ങൾ വരുത്തുന്നത് കുറ്റകരമാണെന്നും പോലീസ് ഓർമ്മപ്പെടുത്തി.

വാഹനങ്ങളിൽ നിന്ന് സ്പ്രേ പോലുള്ള സാധനകൾ മറ്റുള്ളവരുടെ മേൽ പ്രയോഗിക്കുക, വാഹനങ്ങളുടെ മേലും ജനാലകളിലും സ്റ്റിക്കറുകൾ പതിക്കുക മുതലായ കാര്യങ്ങൾ ഒഴിവാക്കേണ്ടതാണ്. പരമാവധി ഒരു കാറിൽ മൂന്ന് യാത്രികർക്കാണ് അനുമതിയുള്ളതെന്നും അബുദാബി പോലീസ് കൂട്ടിച്ചേർത്തു.

ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി പാലിക്കേണ്ട ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങളും, പൊതുവായ സുരക്ഷാ മാനദണ്ഡങ്ങളും സംബന്ധിച്ച് അബുദാബി പോലീസ് നേരത്തെ അറിയിപ്പ് പുറത്തിറക്കിയിരുന്നു.