സിനിമാശാലകളിലും, പാർക്കുകളിലുമെത്തുന്നവർ പാലിക്കേണ്ട ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങൾ മസ്കറ്റ് മുൻസിപ്പാലിറ്റി പുറത്തിറക്കി

GCC News

ഒമാനിലെ വാണിജ്യ, വ്യവസായ മേഖലകളിൽ കൂടുതൽ ഇളവുകൾ അനുവദിക്കുന്നതിന്റെ ഭാഗമായി തുറക്കുന്ന സിനിമാശാലകളിലും, പാർക്കുകളിലുമെത്തുന്നവർ പാലിക്കേണ്ട ആരോഗ്യ സുരക്ഷാ മുൻകരുതൽ സംബന്ധിച്ച് മസ്കറ്റ് മുൻസിപ്പാലിറ്റി നിർദ്ദേശങ്ങൾ പുറത്തിറക്കി. രാജ്യത്തെ വിവിധ മേഖലകളിൽ കൂടുതൽ ഇളവുകൾ അനുവദിക്കുന്നതിന്റെ ഏഴാം ഘട്ടം കഴിഞ്ഞ ദിവസം സുപ്രീം കമ്മിറ്റി പ്രഖ്യാപിച്ചതിന്റെ പശ്ചാത്തലത്തിലാണ് മസ്കറ്റ് മുൻസിപ്പാലിറ്റി ഈ നിർദ്ദേശങ്ങൾ പുറത്തിറക്കിയത്.

  • മുഴുവൻ ജീവനക്കാർക്കും സുരക്ഷാ നടപടികൾ സംബന്ധിച്ചും, സമൂഹ അകലം, അണുനശീകരണം എന്നിവ സംബന്ധിച്ചും ബോധവത്കരണം നൽകേണ്ടതാണ്.
  • സമൂഹ അകലം ഉറപ്പാക്കുന്നതിനുള്ള അടയാളങ്ങൾ പതിക്കേണ്ടതാണ്.
  • കൈകൾ ശുചിയാക്കുന്നതിനുള്ള സാനിറ്റൈസറുകൾ ഒരുക്കേണ്ടതാണ്.
  • അമ്പത് ശതമാനം സന്ദർശകർക്കാണ് സിനിമാശാലകളിൽ പ്രവേശനം അനുവദിക്കുന്നത്.
  • ജീവനക്കാരുടെ ആരോഗ്യം കൃത്യമായ ഇടവേളകളിൽ പരിശോധിക്കേണ്ടതാണ്.
  • ടിക്കറ്റ് ബുക്കിങ്ങിനായുള്ള ക്യു സംവിധാനത്തിൽ സമൂഹ അകലം ഉറപ്പാക്കേണ്ടതാണ്.
  • തിരക്കൊഴിവാക്കുന്നതിനായി കഴിയുന്നതും ഡിജിറ്റൽ ടിക്കറ്റ് ബുക്കിങ്ങ് സംവിധാനങ്ങൾ പ്രോത്സാഹിപ്പിക്കേണ്ടതാണ്.
  • ബുക്കിങ്ങിനായി ടച്ച് സ്ക്രീൻ സംവിധാനങ്ങൾ ഒഴിവാക്കണം.
  • അണുനശീകരണം, ശുചീകരണം എന്നിവ കൃത്യമായി നടപ്പിലാക്കേണ്ടതാണ്.
  • സന്ദർശകരുടെ ശരീരോഷ്മാവ് പരിശോധിക്കേണ്ടതാണ്. 37 ഡിഗ്രിയിൽ കൂടുതൽ ശരീരോഷമാവ് പ്രകടമാക്കുന്നവർക്ക് പ്രവേശനം അനുവദിക്കരുത്.
  • മുഴുവൻ പേർക്കും മാസ്കുകൾ നിർബന്ധമാണ്.
  • പ്രധാന കവാടത്തിൽ തിരക്കൊഴിവാക്കേണ്ടതാണ്.
  • ഭക്ഷണപാനീയങ്ങൾ നൽകുന്നതിനായി ഒറ്റത്തവണ ഉപയോഗിക്കാവുന്ന പാത്രങ്ങൾ ഉപയോഗിക്കേണ്ടതാണ്.
  • വാതിൽ പിടികൾ, പടികൾ, ലിഫ്റ്റ്, ടിക്കറ്റ് കേന്ദ്രങ്ങൾ, ഭക്ഷണ കേന്ദ്രങ്ങൾ, സീറ്റുകൾ എന്നിവയെല്ലാം കൃത്യമായി അണുവിമുക്തമാക്കേണ്ടതാണ്.