യു എ ഇ: വിസ കാലാവധി അവസാനിച്ചവരോട് ഡിസംബർ 31 വരെയുള്ള പൊതുമാപ്പ് കാലാവധി പ്രയോജനപ്പെടുത്താൻ ICA നിർദ്ദേശം

GCC News

വിസ കാലാവധി അവസാനിച്ച ശേഷവും യു എ ഇയിൽ തുടരുന്നവരോട് 2020 ഡിസംബർ 31വരെയുള്ള പൊതുമാപ്പ് കാലാവധി പ്രയോജനപ്പെടുത്താൻ ഫെഡറൽ അതോറിറ്റി ഓഫ് ഐഡന്ററ്റി ആൻഡ് സിറ്റിസൺഷിപ്പ് (ICA) നിർദ്ദേശിച്ചു. ഡിസംബർ 3, വ്യാഴാഴ്ച്ചയാണ് ICA ഇത് സംബന്ധിച്ച അറിയിപ്പ് പുറത്തിറക്കിയത്.

മാർച്ച് 1-ന് മുൻപ് വിസ നിയമലംഘനങ്ങൾ വരുത്തിയവർക്ക് നൽകിയിട്ടുള്ള ഈ പൊതുമാപ്പ് കാലാവധി ഉപയോഗപ്പെടുത്തിക്കൊണ്ട് യു എ ഇയിൽ നിന്ന് മടങ്ങുന്നതിനുള്ള നടപടികളും ICA ഈ അറിയിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്. ഈ കാലാവധിയുടെ ആനുകൂല്യം പ്രയോജനപ്പെടുത്തുന്നവർക്ക് എല്ലാ പിഴതുകകളും ഒഴിവാക്കി കിട്ടുന്നതാണ്.

പൊതുമാപ്പ് കാലാവധി ഉപയോഗപ്പെടുത്തുന്നത് സംബന്ധിച്ച പൊതു നിർദ്ദേശങ്ങൾ:

  • മാർച്ച് 1-ന് മുൻപ് വരുത്തിയിട്ടുള്ള വിസ കാലാവധി ലംഘനങ്ങൾക്കാണ് ഈ ആനുകൂല്യം ലഭിക്കുന്നത്.
  • ഡിസംബർ 31-ന് മുൻപ് രാജ്യം വിടുന്നവർക്ക് മാത്രമാണ് ഈ ആനുകൂല്യം ലഭിക്കുന്നത്.
  • യു എ ഇയിലെ വിമാനത്താവളങ്ങളിലൂടെ മടങ്ങുന്നവർക്കാണ് ഈ ആനുകൂല്യം.
  • ഇത്തരം നിയമലംഘനം വരുത്തിയ വ്യക്തി ബിസിനസ് പാർട്ണർ അല്ലെങ്കിൽ നിക്ഷേപക പദവിയിൽ ഉള്ളവരാണെങ്കിൽ അവരുടെ സ്ഥാപനത്തിലെ നിയമപരമായ അധികാരം ഒഴിവാകുന്നതാണ്.
  • ഇത്തരത്തിൽ വിസ ലംഘനങ്ങൾ നടത്തിയവരുടെ ആശ്രിത വിസകളിലുള്ളവരും ഇവരോടൊപ്പം യു എ ഇയിൽ നിന്ന് മടങ്ങേണ്ടതാണ്.

800453 എന്ന ടോൾഫ്രീ നമ്പറിൽ നിന്ന് ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതാണ്.

സന്ദർശക വിസ ലംഘനങ്ങൾ നടത്തിയവർക്ക് ഡിസംബർ 31 വരെയുള്ള പൊതുമാപ്പ് കാലാവധി പ്രയോജനപ്പെടുത്തി യു എ ഇയിൽ നിന്ന് മടങ്ങുന്നതിനുള്ള നിർദ്ദേശങ്ങൾ:

  • 2020 ഡിസംബർ 31-ന് മുൻപുള്ള തീയതിയിൽ രാജ്യം വിടുന്നതിനായി വിമാന ടിക്കറ്റ് ബുക്ക് ചെയ്യുക.
  • വിമാന ടിക്കറ്റ്, പാസ്സ്‌പോർട്ട് എന്നിവയുമായി വിമാനത്താവളത്തിലെത്തുക.
  • അബുദാബി, ഷാർജ, റാസ് അൽ ഖൈമ അന്താരാഷ്ട്ര വിമാനത്താവളങ്ങളിലൂടെ മടങ്ങുന്നവർ വിമാന സമയത്തിന് 6 മണിക്കൂർ മുൻപ് എയർപോർട്ടിലെത്താൻ ശ്രദ്ധിക്കേണ്ടതാണ്.
  • ദുബായ് ഇന്റർനാഷണൽ എയർപോർട്ട്, അൽ മക്തൂം ഇന്റർനാഷണൽ എയർപോർട്ട് എന്നിവയിലൂടെ മടങ്ങുന്നവർ വിമാനസമയത്തിന് 48 മണിക്കൂർ മുൻപ് ദുബായ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി സെന്ററിൽ റിപ്പോർട്ട് ചെയ്യേണ്ടതാണ്.
  • ഈ നടപടികൾ പൂർത്തിയാക്കുന്നവരുടെ പിഴ തുകകൾ ഒഴിവാക്കുന്നതും, നടപടികൾ ഒഴിവാക്കുന്നതും, വിസിറ്റ് വിസ റദ്ദാക്കുന്നതുമാണ്.

റെസിഡെൻസി വിസ ലംഘനങ്ങൾ നടത്തിയവർക്ക് ഡിസംബർ 31 വരെയുള്ള പൊതുമാപ്പ് കാലാവധി പ്രയോജനപ്പെടുത്തി യു എ ഇയിൽ നിന്ന് മടങ്ങുന്നതിനുള്ള നിർദ്ദേശങ്ങൾ:

  • 2020 ഡിസംബർ 31-ന് മുൻപുള്ള തീയതിയിൽ രാജ്യം വിടുന്നതിനായി വിമാന ടിക്കറ്റ് ബുക്ക് ചെയ്യുക.
  • വിമാന ടിക്കറ്റ്, പാസ്സ്‌പോർട്ട് എന്നിവയുമായി വിമാനത്താവളത്തിലെത്തുക.
  • ഇത്തരക്കാർ വിമാന സമയത്തിന് 4 മണിക്കൂർ മുൻപ് എയർപോർട്ടിലെത്താൻ ശ്രദ്ധിക്കേണ്ടതാണ്.
  • ഈ നടപടികൾ പൂർത്തിയാക്കുന്നവരുടെ പിഴ തുകകൾ ഒഴിവാക്കുന്നതും, നടപടികൾ ഒഴിവാക്കുന്നതും, റെസിഡെൻസി വിസ റദ്ദാക്കുന്നതുമാണ്.