COVID-19 വാക്സിനുകളുടെ പാര്‍ശ്വഫലങ്ങളെ കുറിച്ച് പ്രചരിക്കുന്ന കിംവദന്തികൾ തള്ളിക്കൊണ്ട് സൗദി ആരോഗ്യ മന്ത്രാലയം

GCC News

രാജ്യത്ത് ഔദ്യോഗിക രജിസ്‌ട്രേഷൻ നൽകിയിട്ടുള്ള COVID-19 വാക്സിൻ ഫലപ്രദവും, സുരക്ഷിതവുമാണെന്ന് സൗദി ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു. ഫൈസർ, ബയോ എൻ ടെക് (BioNTech) എന്നീ കമ്പനികൾ സംയുക്തമായി നിർമ്മിക്കുന്ന COVID-19 വാക്സിൻ ഇറക്കുമതി ചെയ്യുന്നതിനും ഉപയോഗിക്കുന്നതിനും അനുമതി നൽകുന്നതിനായുള്ള ഔദ്യോഗിക രജിസ്‌ട്രേഷൻ നൽകാൻ സൗദിയിലെ ആരോഗ്യ വകുപ്പുകൾ കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു.

സൗദിയിലെ ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി ഫൈസർ വാക്സിനു ഔദ്യോഗിക രജിസ്‌ട്രേഷൻ നൽകിയതിനെത്തുടർന്ന് COVID-19 വാക്സിനുകളുടെ തീവ്രമായ പാര്‍ശ്വഫലങ്ങളെക്കുറിച്ച് സമൂഹ മാധ്യമങ്ങളിലൂടെയും മറ്റും നിരവധി സന്ദേശങ്ങൾ പ്രചരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് സൗദി ആരോഗ്യ മന്ത്രാലയം ഫൈസർ വാക്സിൻ ഉപയോഗിക്കുന്നതിന് മുൻപായി നടപ്പിലാക്കിയിട്ടുള്ള സുരക്ഷാ അവലോകനങ്ങളെ കുറിച്ച് വ്യക്തത നൽകിയത്.

ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി ഈ വാക്സിൻ സംബന്ധിച്ച വിവരങ്ങളും, പരീക്ഷണ ഫലങ്ങളും സമഗ്രമായി വിശകലനം ചെയ്ത ശേഷമാണ് ഈ അംഗീകാരം നൽകിയതെന്നും, പൊതു സമൂഹത്തിന്റെ സംരക്ഷണം ഉറപ്പാക്കുന്നതിനായി വാക്സിന്റെ സുരക്ഷ, സഫലത തുടങ്ങിയ നിരവധി ഘടകങ്ങൾ സംബന്ധിച്ച കണക്കുകൾ വിശകലനം ചെയ്ത ശേഷമാണ് അതോറിറ്റി ഈ അംഗീകാരം നൽകിയിട്ടുള്ളതെന്നും മന്ത്രാലയം വ്യക്തമാക്കി.

COVID-19 വാക്സിനുകളുടെ പാര്‍ശ്വഫലങ്ങളെക്കുറിച്ച് സമൂഹ മാധ്യമങ്ങളിലൂടെയും മറ്റും പ്രചരിക്കുന്ന വിവരങ്ങൾ ശാസ്ത്രീയ അടിത്തറയില്ലാത്തതാണെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു. ഈ വാക്സിൻ കുത്തിവെപ്പുകളുടെ ഫലമായി ചിലരിൽ തലവേദന, ക്ഷീണം, കൈകളിലെ വേദന, കുത്തിവെപ്പ് സ്വീകരിച്ച സ്ഥലത്ത് ഉണ്ടാകുന്ന വേദന എന്നിവ ഉണ്ടാകാമെന്നും, ഇവ ചെറിയ രീതിയിൽ മാത്രമാണെന്നും മന്ത്രാലയം വ്യക്തമാക്കി.

അതേസമയം സൗദിയിൽ അനുമതി നൽകിയിട്ടുള്ള ഫൈസർ വാക്സിൻ കുത്തിവെപ്പ് എല്ലാവർക്കും നിർബന്ധമല്ലെന്ന് സൗദിയിലെ ആരോഗ്യ രംഗത്തെ ഉന്നതരെ ഉദ്ധരിച്ച് കൊണ്ട് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വാക്സിൻ സംബന്ധമായ ആശങ്കകൾ സ്വാഭാവികമാണെന്നും ഈ റിപ്പോർട്ടിൽ പറയുന്നു.

രാജ്യത്തെ പൊതു സമൂഹത്തിൽ ഈ വാക്സിൻ നൽകുന്നതിനുള്ള പ്രാരംഭ നടപടികൾ ഈ മാസം അവസാനം മുതൽ ആരംഭിക്കുമെന്നാണ് നിലവിൽ ലഭിക്കുന്ന സൂചന.