അബുദാബി: എമിറേറ്റിലേക്ക് പ്രവേശിക്കുന്നവർക്കായി 18 COVID-19 ലേസർ DPI ടെസ്റ്റിംഗ് സ്റ്റേഷനുകൾ ആരംഭിച്ചു

GCC News

എമിറേറ്റിലേക്ക് പ്രവേശിക്കുന്നവർക്കായി 18 ഡ്രൈവ്-ത്രൂ COVID-19 ലേസർ DPI ടെസ്റ്റിംഗ് സ്റ്റേഷനുകൾ പുതിയതായി പ്രവർത്തനമാരംഭിച്ചതായി അബുദാബി എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റെർസ് കമ്മിറ്റി അറിയിച്ചു. ഖന്തൂത്ത് എത്തുന്നതിനു തൊട്ട് മുൻപായി അൽ ഫായ റോഡരികിലാണ് ഈ ലേസർ DPI ടെസ്റ്റിംഗ് സ്റ്റേഷനുകൾ ആരംഭിച്ചിട്ടുള്ളത്.

ഡിസംബർ 26, ശനിയാഴ്ച്ചയാണ് കമ്മിറ്റി ഇക്കാര്യം അറിയിച്ചത്. ഇതോടൊപ്പം ദുബായ് – അബുദാബി പ്രവേശനകവാടങ്ങളിൽ ട്രാഫിക്ക് തിരക്ക് നിയന്ത്രിക്കുന്നതിനും, പ്രവേശനം കൂടുതൽ സുഗമമാകുന്നതിനുമായി റോഡിൽ കൂടുതൽ വരികൾ തുറക്കാനും കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്.

അൽ ഫായയിൽ ആരംഭിച്ചിട്ടുള്ള ഈ 18 ഡ്രൈവ്-ത്രൂ COVID-19 ലേസർ DPI ടെസ്റ്റിംഗ് സ്റ്റേഷനുകൾ 24 മണിക്കൂറും പ്രവർത്തിക്കുന്നതാണ്. അൽ ഫായയിൽ സിഹ് ഷെയ്‌ബ്‌ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഈ സ്റ്റേഷനുകൾ റോഡിനു ഇരുവശത്തുമായി വരുന്ന രീതിയിലാണ് രൂപകൽപന ചെയ്തിട്ടുള്ളത്.

Photo: @admediaoffice

അബുദാബിയിലും, മറ്റു എമിറേറ്റുകളിലും നിലവിൽ പ്രവർത്തിക്കുന്ന ഇത്തരം കേന്ദ്രങ്ങളും, പുതിയതായി ആരംഭിച്ച പരിശോധനാ കേന്ദ്രങ്ങളും അബുദാബിയിലേക്ക് പ്രവേശിക്കുന്നതിന് നിർബന്ധമാക്കിയിട്ടുള്ള 72 മണിക്കൂറിനിടയിൽ ലഭിച്ച COVID-19 നെഗറ്റീവ് റിസൾട്ട് എന്ന മാനദണ്ഡം പാലിക്കുന്നത് സുഗമമാക്കാൻ യാത്രികരെ സഹായിക്കുന്നു.