ഖത്തർ: ജനുവരി 3 മുതൽ വിനോദകേന്ദ്രങ്ങളിലും പാർക്കുകളിലും COVID-19 നിയന്ത്രണങ്ങളിൽ ഇളവ് അനുവദിക്കാൻ തീരുമാനം

GCC News

രാജ്യത്തെ വിനോദകേന്ദ്രങ്ങളിലും, പാർക്കുകളിലും ഏർപ്പെടുത്തിയിട്ടുള്ള COVID-19 നിയന്ത്രണങ്ങളിൽ ഇളവുകൾ അനുവദിക്കാൻ തീരുമാനിച്ചതായി ഖത്തർ മിനിസ്ട്രി ഓഫ് കോമേഴ്‌സ് ആൻഡ് ഇൻഡസ്ടറി അറിയിച്ചു. 2021 ജനുവരി 3, ഞയറാഴ്ച്ച മുതൽ ഈ തീരുമാനം പ്രാബല്യത്തിൽ വരുന്നതാണ്.

2020 ഡിസംബർ 31-ന് രാത്രിയാണ് വിനോദമേഖലയിലെ ഇളവുകൾ മന്ത്രാലയം പ്രഖ്യാപിച്ചത്. മൂന്ന് ഘട്ടങ്ങളിലായാണ് വിനോദമേഖലയിലെ പ്രവർത്തനങ്ങൾ പുനരാരംഭിക്കാനുള്ള ഈ തീരുമാനം നടപ്പിലാക്കുന്നതെന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്.

താഴെ പറയുന്ന മൂന്ന് ഘട്ടങ്ങളിലായാണ് വിനോദകേന്ദ്രങ്ങളിലും, പാർക്കുകളിലും ഇളവുകൾ നടപ്പിലാക്കുന്നത്:

  • ജനുവരി 3, 2021 മുതലുള്ള ഒന്നാം ഘട്ടം: തുറന്ന കളിസ്ഥലങ്ങൾ, തുറന്ന ഇടങ്ങളിലുള്ള കുട്ടികൾക്കായുള്ള കായികയിനങ്ങൾ, ബില്യാർഡ്‌സ്, ബൗളിംഗ് എന്നിവയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ പുനരാരംഭിക്കാം.
  • ജനുവരി 11, 2021 മുതലുള്ള രണ്ടാംഘട്ടം: ഇലക്ട്രോണിക് വിനോദങ്ങൾ, ട്രാംപോളിൻ എന്നിവ ആരംഭിക്കാം.
  • ജനുവരി 24, 2021 മുതലുള്ള മൂന്നാം ഘട്ടം: കാറ്റു നിറച്ചിട്ടുള്ള രീതിയിൽ തയ്യാറാക്കിയിട്ടുള്ള കുട്ടികൾക്കായുള്ള കളിയിടങ്ങൾ, കുട്ടികൾക്ക് കളിക്കുന്നതിനായി ബോളുകൾ നിറച്ചിട്ടുള്ള കളിയിടങ്ങൾ എന്നിവ തുറക്കാം.

പൊതു സമൂഹത്തിലെ സുരക്ഷ ഉറപ്പാക്കുന്നതിനായി താഴെ പറയുന്ന മുൻകരുതൽ നിർദ്ദേശങ്ങളോടെയാണ് ഇത്തരം പ്രവർത്തനങ്ങൾ പുനരാരംഭിക്കുന്നത്:

  • പ്രവർത്തനങ്ങൾ പുനരാരംഭിക്കുന്ന വിനോദകേന്ദ്രങ്ങളിലും, പാർക്കുകളിലും പരമാവധി ശേഷിയുടെ 50 ശതമാനം പേർക്കാണ് പ്രവേശനം അനുവദിക്കുന്നത്.
  • ഇത്തരം കേന്ദ്രങ്ങളിലെത്തുന്ന കുട്ടികൾ ഒഴികെയുള്ള മുഴുവൻ സന്ദർശകരുടെയും ‘EHTERAZ’ ആപ്പ് സ്റ്റാറ്റസ് പരിശോധിക്കുന്നതാണ്. ഈ ആപ്പിൽ ഗ്രീൻ സ്റ്റാറ്റസ് ഉള്ളവർക്ക് മാത്രമാണ് പ്രവേശനം അനുവദിക്കുന്നത്.
  • മാസ്കുകൾ ധരിക്കാത്തവർക്ക് പ്രവേശനം നൽകില്ല. സന്ദർശകർ ഇത്തരം കേന്ദ്രങ്ങളിൽ ചെലവിടുന്ന മുഴുവൻ സമയവും മാസ്കുകൾ ധരിക്കേണ്ടതാണ്. 10 വയസിനു താഴെ പ്രായമുള്ള കുട്ടികൾക്ക് ഇതിൽ ഇളവ് അനുവദിക്കുന്നതാണ്.
  • മുഴുവൻ സന്ദർശകരുടെയും ശരീരോഷ്മാവ് പരിശോധിക്കുന്നതാണ്. 38 ഡിഗ്രിയിൽ താഴെ ശരീരോഷ്മാവ് പ്രകടമാക്കുന്നവർക്ക് മാത്രമാണ് പ്രവേശനം അനുവദിക്കുന്നത്.
  • സന്ദർശകർ ചുരുങ്ങിയത് 2 മീറ്റർ എങ്കിലും സമൂഹ അകലം പാലിക്കുന്നു എന്ന് ഉറപ്പാക്കേണ്ടതാണ്.