യു എ ഇ: സിനോഫോം COVID-19 വാക്സിൻ രാജ്യത്തുടനീളമുള്ള ആരോഗ്യ കേന്ദ്രങ്ങളിൽ ലഭ്യമാണെന്ന് ആരോഗ്യ മന്ത്രാലയം

GCC News

സിനോഫോം COVID-19 വാക്സിൻ രാജ്യത്തുടനീളമുള്ള ആരോഗ്യ കേന്ദ്രങ്ങളിൽ ലഭ്യമാണെന്ന് യു എ ഇ മിനിസ്ട്രി ഓഫ് ഹെൽത്ത് ആൻഡ് പ്രെവെൻഷൻ (MOHAP) അറിയിച്ചതായി എമിറേറ്റ്സ് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു. പതിനെട്ട് വയസ്സിനു മുകളിൽ പ്രായമായ എല്ലാ യു എ ഇ പൗരന്മാർക്കും, പ്രവാസികൾക്കും ഈ വാക്സിൻ ലഭ്യമാണെന്ന് MOHAP വ്യക്തമാക്കിയിട്ടുണ്ട്.

പൊതുസമൂഹത്തിന്റെ സുരക്ഷ മുൻനിർത്തി ലഭ്യമാക്കുന്ന ഈ വാക്സിൻ രോഗബാധയേൽക്കാൻ കൂടുതൽ സാധ്യതയുള്ള പ്രായമായവർ, വിട്ടുമാറാത്ത ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവർ എന്നീ വിഭാഗക്കാർക്ക് മുൻഗണനയോടെ ലഭിക്കുമെന്നും MOHAP അറിയിച്ചിട്ടുണ്ട്. മുതിർന്നവരുടെ ആരോഗ്യത്തിന് പ്രത്യേക പരിഗണന നൽകുന്നതായി സെന്റേഴ്സ് ആൻഡ് ഹെൽത്ത് ക്ലിനിക്‌സ് അണ്ടർ സെക്രട്ടറി ഡോ. ഹുസ്സയിൻ അബ്ദുൽ റഹ്മാൻ അൽ റന്ദ് വ്യക്തമാക്കി. തങ്ങളുടെ ആരോഗ്യ കേന്ദ്രങ്ങളിൽ ഈ വാക്സിൻ നൽകി തുടങ്ങിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.

രണ്ട് ഡോസുകളിലായാണ് ഈ വാക്സിൻ കുത്തിവെപ്പ് നൽകുന്നത്. പ്രാഥമിക ആരോഗ്യ പരിശോധനകൾക്ക് ശേഷം ആദ്യ ഡോസ് വാക്സിൻ നൽകുന്നതാണ്. തുടർന്ന് 21 മുതൽ 28 ദിവസങ്ങൾക്കുള്ളിൽ രണ്ടാം ഡോസ് കുത്തിവെപ്പ് നൽകുന്നതാണ്. ചൈനീസ് ഫാർമസ്യൂട്ടിക്കൽ കമ്പനിയായ സിനോഫാം ചൈന നാഷണൽ ബയോടെക് ഗ്രൂപ്പ് (CNBG) നിർമ്മിക്കുന്ന COVID-19 വാക്സിന് ഔദ്യോഗിക രജിസ്‌ട്രേഷൻ നൽകാൻ 2020 ഡിസംബർ ആദ്യ വാരത്തിൽ യു എ ഇ ആരോഗ്യ മന്ത്രാലയം തീരുമാനിച്ചിരുന്നു.

WAM