അബുദാബി ഡിപ്പാർട്മെന്റ് ഓഫ് ഹെൽത്ത്, അബുദാബി പബ്ലിക് ഹെൽത്ത് സെന്റർ എന്നിവരുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന സൗജന്യ COVID-19 വാക്സിനേഷൻ പ്രചാരണ പരിപാടികൾക്ക് എമിറേറ്റിൽ തുടക്കമായി. ‘വാക്സിൻ സ്വീകരിക്കൂ’ എന്ന ആശയം പ്രചരിപ്പിക്കുന്ന ഈ പ്രചാരണ പരിപാടിയുടെ ഭാഗമായി എമിറേറ്റിലെ മുഴുവൻ പൗരമാർക്കും, പ്രവാസികൾക്കും വാക്സിൻ കുത്തിവെപ്പ് സൗജന്യമായി ലഭ്യമാക്കുന്നതാണ്.
ഓരോരുത്തരും വാക്സിൻ സ്വീകരിക്കുന്നതിലൂടെ സമൂഹത്തിലെ മുഴുവൻ പേരുടെയും സുരക്ഷ ഉറപ്പാക്കാമെന്ന് ഈ പ്രചാരണ പരിപാടി വിളംബരം ചെയ്യുന്നു. എമിറേറ്റിൽ നടപ്പിലാക്കിയ തീവ്ര COVID-19 ടെസ്റ്റിംഗ് നടപടികളും, കർശനമായ ആരോഗ്യ സുരക്ഷാ മുൻകരുതൽ നിർദ്ദേശങ്ങളും എമിറേറ്റിലെ രോഗവ്യാപനത്തെ പിടിച്ച് കെട്ടാൻ ഏറെ സഹായകമായിരുന്നു. നിലവിൽ 0.39 മാത്രമാണ് എമിറേറ്റിലെ രോഗബാധയുടെ നിരക്ക്.
“COVID-19 മഹാമാരി ലോകം മുഴുവൻ വലിയ രീതിയിലുള്ള പ്രതിസന്ധികളാണ് സൃഷ്ടിച്ചത്. 2021-ലേക്ക് നമ്മൾ പ്രവേശിച്ച ഈ അവസരത്തിൽ എമിറേറ്റിൽ നിലവിലുള്ള സുരക്ഷ നിലനിർത്തുന്നതിനായി COVID-19 വാക്സിനുകൾ ലഭ്യമാണ്. കർശനമായ സുരക്ഷാ പരിശോധനകൾക്ക് ശേഷമാണ് ഈ വാക്സിനുകൾക്ക് അനുമതി നൽകിയിട്ടുള്ളത്. പൊതുസമൂഹത്തിന്റെ സുരക്ഷ മുൻനിർത്തി എല്ലാവരും വാക്സിൻ കുത്തിവെപ്പ് സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.”, ഡിപ്പാർട്മെന്റ് ഓഫ് ഹെൽത്ത് ചെയർമാൻ ഡോ. ഷെയ്ഖ് അബ്ദുല്ല ബിൻ മുഹമ്മദ് അൽ ഹമീദ് അഭിപ്രായപ്പെട്ടു.
“നിലവിൽ അംഗീകാരം നൽകിയിട്ടുള്ള വാക്സിൻ സുരക്ഷിതവും, ഫലപ്രദവുമാണ്. ജീവിത രീതികൾ പഴയ നിലയിലേക്ക് മടക്കികൊണ്ടുവരുന്നതിനായി എല്ലാവരും വാക്സിൻ കുത്തിവെപ്പ് എടുക്കുമെന്നാണ് കരുതുന്നത്.”, ഡിപ്പാർട്മെന്റ് ഓഫ് ഹെൽത്ത് അണ്ടർ സെക്രട്ടറി ഡോ. ജമാൽ മുഹമ്മദ് അൽ കാബി അറിയിച്ചു. “COVID-19-നിൽ നിന്ന് സുരക്ഷ ലഭിക്കുന്നതിനായുള്ള ഏറ്റവും ഫലപ്രദവും, എളുപ്പവുമുള്ള മാർഗമാണ് വാക്സിൻ കുത്തിവെപ്പ്. നമ്മുടെ ലോകചരിത്രത്തിൽ ആഗോള തലത്തിൽ പല വൈറസുകളിൽ നിന്നും ദശലക്ഷക്കണക്കിനാളുകളെ രക്ഷിക്കുന്നതിൽ വാക്സിനുകൾ വലിയ പങ്ക് വഹിച്ചിട്ടുണ്ട്.”, അബുദാബി പബ്ലിക് ഹെൽത്ത് സെന്റർ ഡയറക്ടർ ജനറൽ മറ്റർ സയീദ് അൽ നുഐമി അഭിപ്രായപ്പെട്ടു.