സ്‌കൂൾ ബസുകളിൽ സുരക്ഷാ നിർദ്ദേശങ്ങൾ ഉറപ്പാക്കിയതായി ദുബായ് ടാക്സി കോർപറേഷൻ

GCC News

COVID-19 പ്രതിരോധത്തിന്റെ ഭാഗമായി, സ്‌കൂൾ ബസുകളിൽ ആരോഗ്യ സുരക്ഷാ മുൻകരുതൽ നടപടികൾ ഉറപ്പാക്കിയതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റിയുടെ കീഴിലുള്ള ദുബായ് ടാക്സി കോർപറേഷൻ (DTC) അറിയിച്ചു. ശിശിരകാല അവധിയ്ക്ക് ശേഷം സ്‌കൂളുകൾ തുറക്കുന്ന പശ്ചാത്തലത്തിലാണ്, വിദ്യാർത്ഥികളുടെ സുരക്ഷ മുൻനിർത്തി DTC ഇക്കാര്യം വ്യക്തമാക്കിയത്.

വിദ്യാർത്ഥികളെ വിദ്യാലയങ്ങളിലേക്കെത്തിക്കുന്നതിനായി ഉപയോഗിക്കുന്ന ബസുകളിലും, മറ്റു അത്തരം വാഹനങ്ങളിലും, വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും, വൈറസ് വ്യാപനം തടയുന്നതിനും ആവശ്യമായ മുഴുവൻ നടപടികളും കർശനമായി നടപ്പിലാക്കുമെന്ന് DTC അറിയിച്ചിട്ടുണ്ട്. ആഗോളതലത്തിലും, എമിറേറ്റിലും നിലവിലുള്ള വൈറസ് സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം, COVID-19 പ്രതിരോധത്തിനായി ഏറ്റവും മികച്ചതും, നൂതനവുമായ മുൻകരുതൽ നടപടികളാണ് കൈക്കൊള്ളുന്നതെന്ന് DTC വ്യക്തമാക്കി.

വീടുകളിൽ നിന്ന് വിദ്യാലയങ്ങളിലേക്കും, തിരികെയുമുള്ള വിദ്യാർത്ഥികളുടെ യാത്ര സുരക്ഷിതവും, ആസ്വാദ്യകരവുമായ അനുഭവമാക്കുന്നതിനാണ് തങ്ങൾ ശ്രമിക്കുന്നതെന്ന് DTC കൂട്ടിച്ചേർത്തു. ഇത്തരം വിട്ടുവീഴ്ച്ചയില്ലാത്ത സുരക്ഷാ നടപടികൾ രക്ഷിതാക്കളിൽ തങ്ങളുടെ കുട്ടികളുടെ സുരക്ഷയെക്കുറിച്ച് ആത്മവിശ്വാസം ഉയർത്തുന്നതിനും, അനാവശ്യ ആശങ്കകൾ അകറ്റുന്നതിനും സഹായിക്കുമെന്നും DTC വ്യക്തമാക്കി.

വിദ്യാർത്ഥികളുമായുള്ള ഓരോ യാത്രകൾക്ക് മുൻപും, ശേഷവും മുഴുവൻ വാഹനങ്ങളിലും കൃത്യമായി അണുനശീകരണത്തിനുള്ള സംവിധാനങ്ങൾ ഉറപ്പാക്കിയിട്ടുണ്ടെന്ന് DTC അറിയിച്ചു. സുരക്ഷ മുൻനിർത്തി, ഓരോ വാഹനങ്ങളിലും പരമാവധി ശേഷിയുടെ 50 ശതമാനം വിദ്യാർത്ഥികളെ മാത്രമാണ് നിലവിൽ അനുവാദിക്കുന്നത്. ഇത് സമൂഹ അകലം ഉറപ്പാക്കുന്നതിന് സഹായകമാണെന്ന് DTC വ്യക്തമാക്കി.

വാഹനങ്ങളിലേക്ക് പ്രവേശനം നൽകുന്നതിന് മുൻപായി ഓരോ വിദ്യാർത്ഥിയുടെയും ശരീരോഷ്മാവ് പരിശോധിക്കുന്നതുൾപ്പടെയുള്ള മുൻകരുതൽ നടപടികളും ഉറപ്പാക്കുന്നതാണെന്നും DTC അറിയിച്ചു. വാഹനങ്ങളിലെ ഡ്രൈവർമാർക്കും, മേല്‍നോട്ടക്കാർക്കും COVID-19 രോഗബാധയെക്കുറിച്ചും, പ്രതിരോധ നടപടികളെക്കുറിച്ചും കൃത്യമായ ബോധവത്കരണം നൽകിയിട്ടുണ്ടെന്നും, ഇത് സുരക്ഷ ഉറപ്പാക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നതായും DTC കൂട്ടിച്ചേർത്തു.