സൗദി: വ്യോമ ഗതാഗത മേഖലയിലെ 28 തൊഴിലുകളിൽ സ്വദേശിവത്കരണം നടപ്പിലാക്കുന്നു

GCC News

വ്യോമ ഗതാഗത മേഖലയിലെ 28 തൊഴിലുകളിൽ സ്വദേശിവത്കരണം നടപ്പിലാക്കുന്നതിനുള്ള പ്രാരംഭ നടപടികൾ സൗദി ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ ആരംഭിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ജനുവരി 19 ചൊവ്വാഴ്ച്ചയാണ് വ്യോമയാന വകുപ്പ് ഇതിനുള്ള നടപടികൾ ആരംഭിച്ചത്.

ഈ തീരുമാനത്തിലൂടെ അടുത്ത മൂന്ന് വർഷത്തിനിടയിൽ സൗദി പൗരന്മാർക്കിടയിൽ ഏതാണ്ട് 10000-ത്തോളം തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനാണ് ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ ലക്ഷ്യമിടുന്നത്. വ്യോമ ഗതാഗത മേഖലയിലെ പൈലറ്റ്, ഫ്ലൈറ്റ് അറ്റന്റന്റ്, എയർ ട്രാഫിക് കൺട്രോളർ, സൂപ്പർവൈസർ, ഫ്ലൈറ്റ് യാർഡ് കോഓർഡിനേറ്റർ, ഗ്രൗണ്ട് ഹാൻഡ്‌ലിംഗ് സേവനങ്ങൾ, കാർഗോ/ ലഗേജ് എന്നിവയുടെ മേൽനോട്ടം, ഫ്ലൈറ്റ് കാറ്ററിങ്ങ് തുടങ്ങിയ തൊഴിലുകളിലാണ് അതോറിറ്റി സ്വദേശിവത്കരണം നടപ്പിലാക്കാൻ ഉദ്ദേശിച്ചിട്ടുള്ളത്.

സൗദിയിലെ സിവിൽ വ്യോമയാന മേഖല ശക്തിപ്പെടുത്തുന്നതിന് ലക്ഷ്യമിടുന്ന സൗദി വിഷൻ 2030-യുടെ ഭാഗമായാണ് സ്വദേശിവത്കരണത്തിനുള്ള ഈ നടപടികൾ. ഈ തീരുമാനം നടപ്പിലാക്കുന്നതിനുള്ള പ്രാരംഭ നടപടികൾ ആരംഭിക്കാൻ രാജ്യത്തെ വ്യോമയാന മേഖലയിലെ വിവിധ സേവനദാതാക്കൾക്ക് അതോറിറ്റി അറിയിപ്പ് നൽകിയതായാണ് സൂചന.