യു എ ഇ: സ്വദേശിവത്കരണ നടപടികൾ വിപുലീകരിക്കാൻ തീരുമാനം; അമ്പത് ജീവനക്കാരിൽ താഴെയുള്ള സ്വകാര്യ സ്ഥാപനങ്ങളിലും ബാധകമാക്കും

featured GCC News

രാജ്യത്തെ സ്വകാര്യ മേഖലയിൽ നടപ്പിലാക്കുന്ന സ്വദേശിവത്കരണ നടപടികൾ വിപുലീകരിക്കാൻ തീരുമാനിച്ചതായി യു എ ഇ മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്‌സസ് ആൻഡ് എമിറേറ്റൈസേഷൻ അറിയിച്ചു. 2023 ജൂലൈ 11-ന് യു എ ഇ സർക്കാർ മീഡിയ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്.

ഈ തീരുമാന പ്രകാരം യു എ ഇയിലെ അമ്പത് ജീവനക്കാരിൽ താഴെയുള്ള സ്വകാര്യ സ്ഥാപനങ്ങളിലും സ്വദേശിവത്കരണ നടപടികൾ ബാധകമാക്കുന്നതിന് എമിറേറ്റൈസേഷൻ മന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്. രാജ്യത്തെ 20 മുതൽ 49 വരെ ജീവനക്കാർക്ക് തൊഴിൽ നൽകുന്ന സ്വകാര്യ സ്ഥപാനങ്ങൾ ഇതോടെ സ്വദേശിവത്കരണത്തിന്റെ പരിധിയിൽ വരുന്നതാണ്.

പ്രധാനമായും 14 തൊഴിൽ മേഖലകളെയാണ് ഈ പദ്ധതിയുടെ വിപുലീകരണത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് മന്ത്രാലയം അറിയിച്ചു. റിയൽ എസ്റ്റേറ്റ്, ഫിനാൻസ്, ഇൻഷുറൻസ്, ഇൻഫർമേഷൻ ആൻഡ് കമ്മ്യൂണിക്കേഷൻ, പ്രൊഫഷണൽ സേവനങ്ങൾ, ടെക്നിക്കൽ സേവനങ്ങൾ, കൺസ്ട്രക്ഷൻ മുതലായവ ഇതിൽ ഉൾപ്പെടുന്നു.

വിദ്യാഭ്യാസം, ഹ്യൂമൻ ഹെൽത്ത് ആൻഡ് സോഷ്യൽ വർക്, ആർട്സ്, വിനോദം, മൈനിങ്ങ് മുതലായ പ്രവർത്തനങ്ങളും ഇതിന്റെ പരിധിയിൽ വരുന്നതാണ്. സ്വദേശിവത്കരണ നടപടികൾ ത്വരിതപ്പെടുത്തുന്നതിനും, കൂടുതൽ യു എ ഇ പൗരന്മാർക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും ഈ തീരുമാനം ലക്ഷ്യമിടുന്നു.

ഈ തീരുമാനം നടപ്പിലാക്കുന്നതിൽ വീഴ്ച വരുത്തുന്ന സ്ഥാപനങ്ങൾക്കെതിരെ പിഴ ഉൾപ്പടെയുള്ള നിയമനടപടികൾ ഉണ്ടാകുന്നതാണ്. 2024 വർഷത്തിലേക്ക് ആവശ്യമായ എമിറേറ്റൈസേഷൻ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ വീഴ്ച വരുത്തുന്ന സ്ഥാപനങ്ങൾക്ക് 96000 ദിർഹം പിഴ ചുമത്തുന്നതാണ്. 2025-ലേക്ക് ആവശ്യമായ എമിറേറ്റൈസേഷൻ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ വീഴ്ച വരുത്തുന്ന സ്ഥാപനങ്ങളുടെ പിഴ 108000 ദിർഹമായി ഉയരുന്നതാണ്.

Cover Image: Dubai Media Office.