നിലവിലെ സാഹചര്യങ്ങൾ കണക്കിലെടുത്ത്, 2021 ഫെബ്രുവരി 1, തിങ്കളാഴ്ച്ച മുതൽ രാജ്യത്തിനകത്ത് നിന്ന് എമിറേറ്റിലേക്ക് പ്രവേശിക്കുന്നതിനുള്ള മാനദണ്ഡങ്ങളിൽ മാറ്റങ്ങൾ വരുത്താൻ തീരുമാനിച്ചതായി അബുദാബി എമെർജൻസീസ്, ക്രൈസിസ് ആൻഡ് ഡിസാസ്റ്റെർസ് കമ്മിറ്റി അറിയിച്ചു. ജനുവരി 30, ശനിയാഴ്ച്ചയാണ് കമ്മിറ്റി ഈ തീരുമാനം അറിയിച്ചത്.
മറ്റു എമിറേറ്റുകളിൽ നിന്ന് അബുദാബിയിലേക്ക് പ്രവേശിക്കുന്ന മുഴുവൻ യു എ ഇ പൗരന്മാർക്കും, യു എ ഇ നിവാസികൾക്കും ഈ പ്രവേശന സുരക്ഷാ നിർദ്ദേശങ്ങൾ ബാധകമാണ്. COVID-19 വ്യാപനം തടയുന്നതിനും, ആരോഗ്യ സുരക്ഷ വർദ്ധിപ്പിക്കുന്നതിനും ലക്ഷ്യമിട്ടാണ് മാനദണ്ഡങ്ങളിൽ ഈ മാറ്റങ്ങൾ വരുത്തുന്നത്. ഈ തീരുമാന പ്രകാരം ഫെബ്രുവരി ഒന്ന് മുതൽ എമിറേറ്റിലേക്ക് COVID-19 PCR റിസൾട്ടുമായി പ്രവേശിക്കുന്നവർക്കും, DPI ടെസ്റ്റ് റിസൾട്ടുമായി പ്രവേശിക്കുന്നവർക്കും വെവ്വേറെ നിർദ്ദേശങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
ഫെബ്രുവരി 1 മുതൽ COVID-19 PCR നെഗറ്റീവ് റിസൾട്ടുമായി അബുദാബിയിലേക്ക് പ്രവേശിക്കുന്നവർക്കുള്ള മാനദണ്ഡങ്ങൾ:
- അബുദാബിയിലെത്തുന്നതിനു മുൻപ് 48 മണിക്കൂറിനുള്ളിൽ നേടിയ COVID-19 PCR നെഗറ്റീവ് റിസൾട്ട് ഉപയോഗിച്ച് എമിറേറ്റിലേക്ക് പ്രവേശിക്കാവുന്നതാണ്.
- എമിറേറ്റിലേക്ക് പ്രവേശിച്ച ശേഷം നാല് ദിവസത്തിൽ കൂടുതൽ തങ്ങുന്നവർക്ക് നാലാം ദിവസത്തിൽ വീണ്ടും COVID-19 PCR ടെസ്റ്റ് നിർബന്ധമാക്കിയിട്ടുണ്ട്. എമിറേറ്റിൽ പ്രവേശിച്ച ശേഷം 8 ദിവസത്തിൽ കൂടുതൽ തുടർച്ചയായി തുടരുന്നവർ എട്ടാം ദിനം വീണ്ടും ഒരു COVID-19 PCR ടെസ്റ്റ് കൂടി നടത്തേണ്ടതാണ്. നാലാം ദിനത്തിൽ നിർബന്ധമായിട്ടുള്ള ടെസ്റ്റിന് പുറമെയാണിത്. അബുദാബിയിലേക്ക് പ്രവേശിച്ച ദിവസം ഒന്നാം ദിനം എന്ന രീതിയിലാണ് ഈ ദിനങ്ങൾ കണക്കാക്കുന്നത്.
ഫെബ്രുവരി 1 മുതൽ DPI നെഗറ്റീവ് റിസൾട്ടുമായി അബുദാബിയിലേക്ക് പ്രവേശിക്കുന്നവർക്കുള്ള മാനദണ്ഡങ്ങൾ:
- അബുദാബിയിലെത്തുന്നതിനു മുൻപ് 24 മണിക്കൂറിനുള്ളിൽ നേടിയ DPI നെഗറ്റീവ് റിസൾട്ട് ഉപയോഗിച്ച് എമിറേറ്റിലേക്ക് പ്രവേശിക്കാവുന്നതാണ്.
- DPI നെഗറ്റീവ് റിസൾട്ട് ഉപയോഗിച്ച് എമിറേറ്റിലേക്ക് പ്രവേശിച്ച ശേഷം 48 മണിക്കൂറോ, അതിൽ കൂടുതലോ അബുദാബിയിൽ തങ്ങുന്നവർക്ക് മൂന്നാം ദിവസത്തിൽ ഒരു COVID-19 PCR ടെസ്റ്റ് നിർബന്ധമാക്കിയിട്ടുണ്ട്. ഇത്തരത്തിൽ എമിറേറ്റിൽ പ്രവേശിച്ച ശേഷം ഏഴോ, അതിൽ കൂടുതലോ തുടർച്ചയായി തുടരുന്നവർ ഏഴാം ദിനം വീണ്ടും ഒരു COVID-19 PCR ടെസ്റ്റ് കൂടി നടത്തേണ്ടതാണ്. മൂന്നാം ദിനത്തിൽ നിർബന്ധമായിട്ടുള്ള ടെസ്റ്റിന് പുറമെയാണിത്. അബുദാബിയിലേക്ക് പ്രവേശിച്ച ദിവസം ഒന്നാം ദിനം എന്ന രീതിയിലാണ് ഈ ദിനങ്ങൾ കണക്കാക്കുന്നത്.
- DPI നെഗറ്റീവ് റിസൾട്ട് ഉപയോഗിച്ച് എമിറേറ്റിലേക്ക് പ്രവേശിച്ച ഒരു വ്യക്തിയ്ക്ക് തുടർച്ചയായി വീണ്ടും എമിറേറ്റിലേക്ക് പ്രവേശിക്കുന്നതിന് DPI റിസൾട്ട് ഉപയോഗിക്കാൻ അനുമതി ഉണ്ടായിരിക്കില്ല.
ഇത്തരത്തിൽ ടെസ്റ്റുകൾ നടത്താതെ എമിറേറ്റിലേക്ക് പ്രവേശിക്കാൻ ശ്രമിക്കുന്നത് നിയമലംഘനമായി കണക്കാക്കുമെന്നും കമ്മിറ്റി വ്യക്തമാക്കിയിട്ടുണ്ട്. ദേശീയ വാക്സിനേഷൻ പ്രോഗ്രാമിന്റെയും, വാക്സിൻ ക്ലിനിക്കൽ ട്രയലിന്റെയും ഭാഗമായിട്ടുള്ളവർക്ക് (അൽഹൊസൻ ആപ്പിൽ ഇത് വ്യക്തമാക്കുന്ന ഗോൾഡൻ സ്റ്റാർ അല്ലെങ്കിൽ E ചിഹ്നം നിർബന്ധം) മാത്രമാണ് ഈ നടപടികളിൽ ഇളവ് അനുവദിക്കുന്നത്.
എമിറേറ്റിലെ ദേശീയ വാക്സിനേഷൻ പ്രോഗ്രാമിന്റെയും, വാക്സിൻ ക്ലിനിക്കൽ ട്രയലിന്റെയും ഭാഗമായി COVID-19 വാക്സിൻ കുത്തിവെപ്പ് സ്വീകരിച്ചവർക്കുള്ള പുതുക്കിയ പരിശോധനാ മാനദണ്ഡങ്ങളും കമ്മിറ്റി പ്രഖ്യാപിച്ചിട്ടുണ്ട്. എമിറേറ്റിലെ ദേശീയ വാക്സിനേഷൻ പ്രോഗ്രാമിന്റെയും, വാക്സിൻ ക്ലിനിക്കൽ ട്രയലിന്റെയും ഭാഗമായി അബുദാബിയിൽ നിലവിൽ രണ്ട് തരത്തിലാണ് ജനങ്ങൾ വാക്സിൻ കുത്തിവെപ്പ് സ്വീകരിച്ചിട്ടുള്ളത്. ഈ രണ്ട് വിഭാഗങ്ങൾക്കും ബാധകമാക്കിയിട്ടുള്ള പരിശോധനാ മാനദണ്ഡങ്ങൾ കമ്മിറ്റി പ്രത്യേകം അറിയിച്ചിട്ടുണ്ട്.
എമിറേറ്റിലെ ദേശീയ വാക്സിനേഷൻ പ്രോഗ്രാമിന്റെ ഭാഗമായി വാക്സിൻ കുത്തിവെപ്പ് സ്വീകരിച്ചവർക്കുള്ള നിർദ്ദേശങ്ങൾ:
ഇത്തരക്കാർക്ക് അൽഹൊസൻ ആപ്പിൽ ഇത് വ്യക്തമാക്കുന്ന E ചിഹ്നം ഉണ്ടായിരിക്കുന്നതാണ്. രണ്ടാം ഡോസ് വാക്സിൻ കുത്തിവെപ്പ് സ്വീകരിച്ച് 28 ദിവസങ്ങൾക്ക് ശേഷം നടത്തുന്ന PCR പരിശോധയ്ക്ക് ശേഷമാണ് ഇവർക്ക് അൽഹൊസൻ ആപ്പിൽ ഇത് വ്യക്തമാക്കുന്ന E ചിഹ്നം ലഭിക്കുന്നത്.
ഇവർക്ക് നിശ്ചിതസമയമനുസരിച്ച് വീണ്ടും പ്രത്യേക COVID-19 പരിശോധനകൾ നടത്തേണ്ടതില്ല. എന്നാൽ അൽഹൊസൻ ആപ്പിലെ സ്റ്റാറ്റസ് നിലനിർത്തുന്നതിനായി ഓരോ ഏഴു ദിവസങ്ങൾ കൂടുമ്പോഴും PCR പരിശോധന നടത്തേണ്ടതാണ്. ഇത്തരക്കാർക്ക് അബുദാബിയിലേക്ക് പ്രവേശിക്കുന്നതിന് അൽഹൊസൻ ആപ്പിലെ സ്റ്റാറ്റസ് നിലനിർത്തേണ്ടതാണ്.
എമിറേറ്റിലെ വാക്സിൻ ക്ലിനിക്കൽ ട്രയലിന്റെ ഭാഗമായി വാക്സിൻ കുത്തിവെപ്പ് സ്വീകരിച്ചവർക്കുള്ള നിർദ്ദേശങ്ങൾ:
ഇത്തരക്കാർക്ക് അൽഹൊസൻ ആപ്പിൽ ഇത് വ്യക്തമാക്കുന്ന ഗോൾഡൻ സ്റ്റാർ ചിഹ്നം ഉണ്ടായിരിക്കുന്നതാണ്. വാക്സിൻ ക്ലിനിക്കൽ ട്രയലിന്റെ ഭാഗമായി എല്ലാ ഡോസ് വാക്സിൻ കുത്തിവെപ്പുകളും സ്വീകരിച്ച ശേഷം നടത്തുന്ന PCR പരിശോധയ്ക്ക് ശേഷമാണ് ഇവർക്ക് അൽഹൊസൻ ആപ്പിൽ ഇത് വ്യക്തമാക്കുന്ന ഗോൾഡൻ സ്റ്റാർ ചിഹ്നം ലഭിക്കുന്നത്.
ഇവർക്ക് ക്ലിനിക്കൽ ട്രയലിന്റെ ഭാഗമായി നിശ്ചയിച്ചിട്ടുള്ള പ്രത്യേക പരിശോധനകൾ നിർബന്ധമാണ്. അൽഹൊസൻ ആപ്പിലെ സ്റ്റാറ്റസ് നിലനിർത്തുന്നതിനായി ഓരോ ഏഴു ദിവസങ്ങൾ കൂടുമ്പോഴും PCR പരിശോധന നടത്തേണ്ടതാണ്. ഇത്തരക്കാർക്ക് അബുദാബിയിലേക്ക് പ്രവേശിക്കുന്നതിന് അൽഹൊസൻ ആപ്പിലെ സ്റ്റാറ്റസ് നിലനിർത്തേണ്ടതാണ്.
വാക്സിൻ കുത്തിവെപ്പ് സ്വീകരിച്ചവർക്കുള്ള യാത്രാ നിർദ്ദേശങ്ങൾ:
വിദേശ യാത്രയ്ക്ക് ശേഷം ഗ്രീൻ പട്ടികയിൽ പെടുന്ന രാജ്യങ്ങളിൽ നിന്ന് മടങ്ങിയെത്തുന്നവർക്ക് യു എ ഇയിൽ പ്രവേശിച്ച ഉടൻ ഒരു PCR ടെസ്റ്റ് നിർബന്ധമാണ്. ഇതിന് ശേഷം ആറാം ദിനത്തിൽ മറ്റൊരു PCR ടെസ്റ്റ് നടത്തേണ്ടതാണ്. ഗ്രീൻ പട്ടികയിൽ പെടുന്ന രാജ്യങ്ങളിൽ നിന്ന് മടങ്ങിയെത്തുന്നവർക്ക് ക്വാറന്റീൻ നടപടികൾ ഒഴിവാക്കിയിട്ടുണ്ട്. മറ്റു രാജ്യങ്ങളിൽ നിന്ന് മടങ്ങുന്നവർക്ക് യു എ ഇയിൽ പ്രവേശിച്ച ഉടനെയും, എട്ടാം ദിനത്തിലും PCR ടെസ്റ്റ് നിർബന്ധമാണ്. ഇവർക്ക് 10 ദിവസത്തെ ക്വാറന്റീൻ നിർബന്ധമാണ്.
വാക്സിൻ കുത്തിവെപ്പ് സ്വീകരിച്ചവർ COVID-19 രോഗബാധിതരുമായി സമ്പർക്കത്തിനിടയായാൽ പാലിക്കേണ്ട മാനദണ്ഡങ്ങൾ:
COVID-19 രോഗബാധ സ്ഥിരീകരിച്ച ഒരാളുമായി വാക്സിൻ കുത്തിവെപ്പ് സ്വീകരിച്ചവർ സമ്പർക്കത്തിനിടയാകുന്ന സാഹചര്യത്തിൽ ഇവർ അഞ്ച് ദിവസം ക്വാറന്റീനിൽ തുടരേണ്ടതും, നാലാം ദിവസം PCR ടെസ്റ്റ് നടത്തേണ്ടതുമാണ്. ഈ ടെസ്റ്റ് നെഗറ്റീവ് ആണെങ്കിൽ ക്വാറന്റീൻ അവസാനിപ്പിക്കാവുന്നതാണ്.