എമിറേറ്റിലെ വിവാഹ ഹാളുകൾ, ആഘോഷപരിപാടികൾ സംഘടിപ്പിക്കാൻ ഉപയോഗിക്കുന്ന ഹാളുകൾ മുതലായവ അടച്ചിടാൻ തീരുമാനിച്ചതായി റാസ് അൽ ഖൈമ ഇക്കണോമിക് ഡിപ്പാർട്മെന്റ് (RAKDED) അറിയിച്ചു. എമിറേറ്റിലെ കൊറോണ വൈറസ് വ്യാപനം തടയുന്നത് ലക്ഷ്യമിട്ടാണ് ഈ തീരുമാനം.
ഫെബ്രുവരി 10-ന് വൈകീട്ടാണ് അധികൃതർ ഇക്കാര്യം അറിയിച്ചത്. 2021 ഫെബ്രുവരി 10 മുതൽ മാർച്ച് 5 വരെയാണ് നിലവിൽ ഇത്തരം ഹാളുകൾ അടച്ചിടാൻ തീരുമാനിച്ചിട്ടുള്ളത്. സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം ആവശ്യമെങ്കിൽ ഈ തീരുമാനം നീട്ടാൻ സാധ്യതയുണ്ടെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.
കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി COVID-19 സുരക്ഷാ മുൻകരുതൽ നിർദ്ദേശങ്ങൾ കർശനമാക്കാൻ തീരുമാനിച്ചതായി റാസ് അൽ ഖൈമ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്സ് വകുപ്പ് ഫെബ്രുവരി 10-ന് അറിയിച്ചിരുന്നു. ഇതിന്റെ ഭാഗമായി എമിറേറ്റിലെ ഷോപ്പിംഗ് മാളുകളുടെ പ്രവർത്തനശേഷി 60 ശതമാനമാക്കി പരിമിതപ്പെടുത്തുന്നതുൾപ്പടെയുള്ള നടപടികൾ അധികൃതർ സ്വീകരിച്ചിട്ടുണ്ട്.