ഒമാനിലേക്ക് പ്രവേശിക്കുന്ന വിദേശ യാത്രികർക്ക് ഇൻസ്റ്റിട്യൂഷണൽ ക്വാറന്റീനിനായി ഹോട്ടലുകൾ തിരഞ്ഞെടുക്കാമെന്ന് CAA

GCC News

വിദേശത്ത് നിന്ന് രാജ്യത്തേക്ക് പ്രവേശിക്കുന്ന വിദേശ യാത്രികർക്ക് ഇൻസ്റ്റിട്യൂഷണൽ ക്വാറന്റീനിനായി ഏത് ഹോട്ടൽ വേണമെങ്കിലും തിരഞ്ഞെടുക്കാവുന്നതാണെന്ന് ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റി (CAA) വ്യക്തമാക്കി. അല്ലെങ്കിൽ ബന്ധപ്പെട്ട അധികൃതർ ഇൻസ്റ്റിട്യൂഷണൽ ക്വാറന്റീനിനായി തയ്യാറാക്കിയിട്ടുള്ള ഹോട്ടലുകളുടെ പട്ടികയിൽ നിന്ന് യാത്രികർക്ക് തിരഞ്ഞെടുക്കാവുന്നതാണെന്നും CAA അറിയിച്ചിട്ടുണ്ട്.

രാജ്യത്തേക്ക് വിദേശത്ത് നിന്ന് പ്രവേശിക്കുന്ന മുഴുവൻ യാത്രികർക്കും ഇൻസ്റ്റിട്യൂഷണൽ ക്വാറന്റീൻ നിർബന്ധമാക്കുന്നതിന് തീരുമാനിച്ചതായി ഒമാനിലെ സുപ്രീം കമ്മിറ്റി ഫെബ്രുവരി 10-ന് അറിയിച്ച സാഹചര്യത്തിലാണ് CAA ഇക്കാര്യത്തിൽ വ്യക്തത നൽകിയത്. ഫെബ്രുവരി 11-ന് വൈകീട്ട് രാജ്യത്ത് നിന്ന് പ്രവർത്തിക്കുന്ന വിമാനകമ്പനികൾക്ക് CAA നൽകിയ ഔദ്യോഗിക അറിയിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

2021 ഫെബ്രുവരി 15, തിങ്കളാഴ്ച്ച ഉച്ചയ്ക്ക് 12 മണി മുതൽ ഒമാനിലേക്ക് പ്രവേശിക്കുന്ന മുഴുവൻ യാത്രികർക്കും ക്വാറന്റീൻ നടപടികൾക്കായി ചുരുങ്ങിയത് ഏഴ് ദിവസത്തെ മുൻകൂർ ഹോട്ടൽ ബുക്കിംഗ് നിർബന്ധമാണെന്ന് CAA അറിയിച്ചു. ഇത്തരം ഇൻസ്റ്റിട്യൂഷണൽ ക്വാറന്റീനിനായി വരുന്ന ചെലവുകൾ യാത്രികർ വഹിക്കേണ്ടതാണ്. 2021 ഫെബ്രുവരി 15, തിങ്കളാഴ്ച്ച ഉച്ചയ്ക്ക് 12 മണി മുതൽ ഒമാനിലേക്ക് പ്രവേശിക്കുന്ന എല്ലാ വിമാനസർവീസുകളിലും ഇത്തരം മുൻ‌കൂർ ഹോട്ടൽ ബുക്കിംഗ് ഉള്ള യാത്രികർക്ക് മാത്രമായിരിക്കും യാത്രാനുമതി ഉണ്ടായിരിക്കുക.

ഹോം ക്വാറന്റീൻ നിർദ്ദേശങ്ങൾ പാലിക്കുന്നതിൽ ജനങ്ങൾ പ്രകടമാക്കുന്ന വിമുഖത കണക്കിലെടുത്താണ് വിദേശത്ത് നിന്ന് പ്രവേശിക്കുന്ന മുഴുവൻ യാത്രികർക്കും ഇൻസ്റ്റിട്യൂഷണൽ ക്വാറന്റീൻ നിർബന്ധമാക്കുന്നതിന് സുപ്രീം കമ്മിറ്റി തീരുമാനിച്ചത്.

ഇത്തരം ഇൻസ്റ്റിട്യൂഷണൽ ക്വാറന്റീൻ നടപടികൾക്കായി ഏതാനം ഹോട്ടലുകൾ അധികൃതർ തിരഞ്ഞെടുത്തിട്ടുണ്ട്. യാത്രികർക്ക് വേണമെങ്കിൽ ഇത്തരം ഹോട്ടലുകളിലും മുൻ‌കൂർ ബുക്കിംഗ് ചെയ്യാവുന്നതാണ്.

ഇൻസ്റ്റിട്യൂഷണൽ ക്വാറന്റീനിനായി അധികൃതർ തിരഞ്ഞെടുത്തിട്ടുള്ള മസ്കറ്റ് ഗവർണറേറ്റിലെ ഹോട്ടലുകൾ:

  • Sheraton Hotel.
  • Ibis.
  • Swiss-Belinn Muscat.
  • Somerset Panorama Muscat.
  • Tulip Inn.
  • Secure Inn.

ഇൻസ്റ്റിട്യൂഷണൽ ക്വാറന്റീനിനായി അധികൃതർ തിരഞ്ഞെടുത്തിട്ടുള്ള മുസന്ദം ഗവർണറേറ്റിലെ ഹോട്ടലുകൾ:

  • Dibba Beach Hotel
  • Khasab Hotel

മറ്റു ഗവർണറേറ്റുകളിലെ ഹോട്ടലുകൾ:

  • ദോഫാർ – Alpha Hotel Salalah.
  • ബുറൈമി – Arena Hotel
  • നോർത്ത് അൽ ശർഖിയ – Al Diyar Hotel.
  • സൗത്ത് അൽ ശർഖിയ – Golden Rays Hotel.
  • നോർത്ത് അൽ ബത്തീന – Mecure Hotel Sohar.