യു എ ഇ: ഛിന്നഗ്രഹവലയത്തെക്കുറിച്ച് പഠിക്കുന്നത് ലക്ഷ്യമിട്ടുള്ള പദ്ധതി പ്രഖ്യാപിച്ചു

featured GCC News

ഛിന്നഗ്രഹവലയത്തെക്കുറിച്ച് പഠിക്കുന്നതിനായി ‘യു എ ഇ ആസ്റ്ററോയിഡ്‌ ബെൽറ്റ് എക്സ്പ്ലൊറേഷൻ പ്രോജക്റ്റ്’ എന്ന ഒരു ബഹിരാകാശ പര്യവേഷണ പദ്ധതിയ്ക്ക് യു എ ഇ രൂപം നൽകിയതായി ദുബായ് ഭരണാധികാരി H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അറിയിച്ചു. 2023 മെയ് 29, തിങ്കളാഴ്ച അബുദാബിയിലെ ഖസ്ർ അൽ വതനിൽ വെച്ച് നടന്ന ഒരു പ്രത്യേക ചടങ്ങിലാണ് ഈ പദ്ധതി സംബന്ധിച്ച വിവരങ്ങൾ പ്രഖ്യാപിച്ചത്.

ഈ പദ്ധതിയുടെ ഭാഗമായുള്ള ‘MBR Explorer’ എന്ന ശൂന്യാകാശവാഹനം 2028 മാർച്ചിൽ വിക്ഷേപണം ചെയ്യുന്നതാണെന്ന് യു എ ഇ സ്പേസ് ഏജൻസി അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. ഒന്നിലധികം ഛിന്നഗ്രഹങ്ങളെ സന്ദർശിക്കുകയും, അവയിൽ ലാൻഡ് ചെയ്യുകയും ചെയ്യുന്ന ലോകത്തെ ആദ്യ ബഹിരാകാശ ദൗത്യമായിരിക്കും ഇതെന്ന് യു എ ഇ സ്പേസ് ഏജൻസി അധികൃതർ ചൂണ്ടിക്കാട്ടി.

Cover Image: @HHShkMohd.

ചൊവ്വയ്ക്കും വ്യാഴത്തിനുമിടയിൽ സ്ഥിതി ചെയ്യുന്ന പ്രധാന ഛിന്നഗ്രഹവലയത്തെക്കുറിച്ച് പഠിക്കുന്നതിനാണ് ഈ ദൗത്യത്തിലൂടെ ലക്ഷ്യമിടുന്നത്. ഈ പദ്ധതിയുടെ ഭാഗമായി ഈ ശൂന്യാകാശവാഹനം ഹോപ് പ്രോബ് സഞ്ചരിച്ചതിനേക്കാൾ പത്തിരട്ടി ദൂരം സഞ്ചരിക്കുമെന്ന് ഷെയ്ഖ് മുഹമ്മദ് അറിയിച്ചു.

ഏതാണ്ട് ആറ് വർഷത്തെ തയ്യാറെടുപ്പിന് ശേഷമായിരുക്കും 2028-ൽ ഈ ശൂന്യാകാശവാഹനം വിക്ഷേപണം ചെയ്യുന്നത്. തുടർന്ന് ഈ ശൂന്യാകാശവാഹനം ഏഴ് വർഷത്തെ പര്യവേഷണ ദൗത്യത്തിൽ ഏർപ്പെടുന്നതാണ്.

ദൗത്യത്തിന്റെ ഭാഗമായി ഈ ശൂന്യാകാശവാഹനം ഏഴ് ഛിന്നഗ്രഹങ്ങളെ സന്ദർശിക്കുന്നതാണ്. 2034-ലായിരിക്കും ഈ ശൂന്യാകാശവാഹനം ഇതിലെ അവസാനത്തെ ഛിന്നഗ്രഹത്തിൽ ഇറങ്ങുന്നത്. ഛിന്നഗ്രഹങ്ങളിലെ ജല സാന്നിദ്ധ്യത്തെക്കുറിച്ച് ഈ ശൂന്യാകാശവാഹനം പഠനങ്ങൾ നടത്തുന്നതാണ്.

Cover Image: @HHShkMohd.