അബുദാബി രാവിനെ ഗസല്‍ മഴയിൽ നനച്ച് കേരള സോഷ്യൽ സെന്റർ സംഘടിപ്പിച്ച ” ഹൃദയ് ഗീത്” ശ്രദ്ധേയമായി. പ്രശസ്ത ഗസൽ ഗായകരായ ടി. പി വിവേക്, സുജാത ഹരീഷ് കുമാർ എന്നിവർ ചേർന്നാണ് മധുര മനോഹര ഗാനങ്ങൾ ചേർത്തൊരുക്കിക്കൊണ്ട് “ഹൃദയ് ഗീത് ” അവതരിപ്പിച്ചത് .
“ചെറുപ്പത്തിൽ അന്ന് നമ്മൾ മണ്ണുവാരിക്കളിച്ചിലേ..”, പ്രാണ സഖി ഞാൻ വെറുമൊരു…”, “ഒരു പുഷ്പം മാത്രമെൻ പൂങ്കുലയിൽ നിർത്താം ഞാൻ.”…. തുടങ്ങിയ പ്രസിദ്ധ ഗാനങ്ങളൊക്കെ അവതരിപ്പിച്ചപ്പോൾ പ്രണയവും വിരഹവും സൗഹൃദവുമെല്ലാം ഇളംതെന്നലായി സദസ്സിൽ പരന്നൊഴുകി.
അബുദാബി കേരള സോഷ്യൽ സെന്റർ പ്രസിഡണ്ട് എ. കെ. ബീരാൻ കുട്ടി പരിപാടി ഉത്ഘാടനം ചെയ്തു .ലൈബ്രെറിയനും മീഡിയ കോർഡിനേറ്ററുമായ കെ. കെ ശ്രീവത്സൻ അതിഥികളെ പരിചയപ്പെടുത്തി. സെന്റർ പ്രസിഡണ്ട് എ. കെ ബീരാൻ കുട്ടി ഗസൽ ഗായകരായ ടി. പി വിവേക്, സുജാത ഹരീഷ് കുമാർ എന്നിവർക്ക് ഉപഹാരം സമ്മാനിച്ചു.
പ്രവാസി ഭാരതി റേഡിയോ എം. ഡി കെ. ചന്ദ്രസേനൻ ആശംസ അർപ്പിച്ചുകൊണ്ട് സംസാരിച്ചു. സെന്റർ കലാവിഭാഗം സെക്രെട്ടറി ഹാരിസ് സ്വാഗതവും അസിസ്റ്റന്റ് കലാവിഭാഗം സെക്രെട്ടറി അരുൺ കൃഷ്ണൻ നന്ദിയും പറഞ്ഞു.
നിരവധിപേരാണ് ഹൃദയ് ഗീത് ആസ്വദിക്കുവാൻ സെന്ററിൽ എത്തിച്ചേർന്നത് .