രാജ്യത്തെ പ്രായമായവരോടും, വിട്ടുമാറാത്ത ആരോഗ്യ പ്രശ്നങ്ങളുള്ളവരോടും, അമിതവണ്ണമുള്ളവരോടും COVID-19 വാക്സിൻ സ്വീകരിക്കുന്നതിനുള്ള രജിസ്‌ട്രേഷൻ നടപടികൾ എത്രയും വേഗത്തിൽ പൂർത്തിയാക്കാൻ സൗദി ആരോഗ്യ മന്ത്രാലയം നിർദ്ദേശം നൽകി. ഫെബ്രുവരി 16-ന് നടന്ന പത്രസമ്മേളനത്തിൽ ആരോഗ്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് ഡോ. മുഹമ്മദ് അൽ അബ്ദെൽ അലിയാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.
രാജ്യത്തെ വാക്സിനേഷൻ യത്നത്തിന്റെ ഭാഗമായി നൽകിവരുന്ന വാക്സിനുകൾ ഫലപ്രദവും, സുരക്ഷിതവുമാണെന്ന് അദ്ദേഹം ആവർത്തിച്ചു. രാജ്യത്തെ വാക്സിനേഷൻ നടപടികളുടെ ഭാഗമായി, വാക്സിൻ സ്വീകരിച്ചവരിൽ ഗുരുതര പാർശ്വഫലങ്ങൾ കണ്ടതായും, വാക്സിൻ മൂലം മരണം സംഭവിച്ചതായും മറ്റും പ്രചരിക്കുന്ന വാർത്തകളെ അദ്ദേഹം പൂർണ്ണമായും തള്ളിക്കളഞ്ഞു. ഇത്തരം വാർത്തകൾ വ്യാജവും, തെറ്റിദ്ധാരണ പരത്തുന്നതിനായി നിർമ്മിക്കപ്പെട്ടവയുമാണെന്ന് അദ്ദേഹം വ്യക്തമാക്കി.
സൗദിയിലെ വാക്സിനേഷൻ നടപടികൾ സമൂഹത്തിലെ കൂടുതൽ പേരെ ഉൾപ്പെടുത്തുന്ന രീതിയിൽ വ്യാപിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വാക്സിനേഷൻ നടപടികൾ രാജ്യവ്യാപകമായി നടപ്പിലാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യത്തെ ജനങ്ങളോട് ജാഗ്രത തുടരാനും, COVID-19 പ്രതിരോധ മുൻകരുതൽ നിർദ്ദേശങ്ങൾ കർശനമായി പാലിക്കാനും അദ്ദേഹം ആവശ്യപ്പെട്ടു.