ഖത്തർ: COVID-19 വാക്സിൻ നൽകുന്നതിനുള്ള മുൻഗണനാ വിഭാഗങ്ങളിൽ അധ്യാപകരെയും, വിദ്യാലയങ്ങളിലെ ജീവനക്കാരെയും ഉൾപ്പെടുത്തി

Qatar

രാജ്യത്തെ COVID-19 വാക്സിനേഷൻ നടപടികളുടെ ഭാഗമായി കുത്തിവെപ്പ് നൽകുന്നതിനുള്ള മുൻഗണനാ വിഭാഗങ്ങളിൽ മാറ്റങ്ങൾ വരുത്തിയതായി ഖത്തർ പൊതു ആരോഗ്യ മന്ത്രാലയം (MoPH) അറിയിച്ചു. നിലവിൽ രാജ്യത്ത് നടന്നു കൊണ്ടിരിക്കുന്ന ദേശീയ വാക്സിനേഷൻ യത്നം വിപുലീകരിക്കുന്നതിന്റെ ഭാഗമായി അധ്യാപകരെയും, വിദ്യാലയങ്ങളിലെ ജീവനക്കാരെയും മുൻഗണനാ വിഭാഗങ്ങളിൽ ഉൾപ്പെടുത്തിയതായി MoPH വ്യക്തമാക്കി.

ഫെബ്രുവരി 18-നാണ് MoPH ഇക്കാര്യം അറിയിച്ചത്. വിദ്യാലയങ്ങളിലെ കാര്യനിര്‍വാഹക ജീവനക്കാർക്കും, അധ്യാപകർക്കും വാക്സിൻ കുത്തിവെപ്പ് നൽകുന്നതിനായി ഒരു പ്രത്യേക വാക്സിനേഷൻ കേന്ദ്രം ഖത്തർ നാഷണൽ കൺവെൻഷൻ സെന്ററിൽ (QNCC) പ്രവർത്തനമാരംഭിച്ചതായും MoPH വ്യക്തമാക്കി.

പ്രൈമറി ഹെൽത്ത് കെയർ കോർപറേഷന്റെ (PHCC) നേതൃത്വത്തിലാണ് ഈ വാക്സിനേഷൻ കേന്ദ്രം തുറന്നിട്ടുള്ളത്. തിരക്കൊഴിവാക്കുന്നതിനും, സമൂഹ സുരക്ഷ ഉറപ്പാക്കുന്നതിനുമായി ഈ കേന്ദ്രത്തിൽ നിന്ന് വാക്സിൻ കുത്തിവെപ്പ് നൽകാൻ ഉദ്ദേശിക്കുന്നവർക്ക് മുൻ‌കൂർ അനുമതികൾ ഘട്ടം ഘട്ടമായി നൽകുമെന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്. കുത്തിവെപ്പ് നൽകുന്ന തീയ്യതി, സമയം എന്നിവ സംബന്ധിച്ച് അധ്യാപകർക്കും, വിദ്യാലയങ്ങളിലെ ജീവനക്കാർക്കും മന്ത്രാലയം SMS മുഖേന അറിയിപ്പ് നൽകുന്നതാണ്.