ഒമാൻ: മറ്റുള്ളവരുടെ സ്വകാര്യതയിലേക്ക് കടന്ന് കയറുന്നവർക്ക് 5000 റിയാൽ പിഴയും, തടവും ലഭിക്കുമെന്ന് പബ്ലിക് പ്രോസിക്യൂഷൻ

featured GCC News

മറ്റുള്ളവരുടെ സ്വകാര്യതയിലേക്ക് കടന്ന് കയറുന്നവർക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് ഒമാൻ പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി. ഇത്തരം പ്രവർത്തനങ്ങൾക്ക് പിടിക്കപ്പെടുന്നവർക്ക് 5000 റിയാൽ പിഴയും, 3 വർഷം വരെ തടവും ശിക്ഷയായി ലഭിക്കാമെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കി.

ഫെബ്രുവരി 23-നാണ് പബ്ലിക് പ്രോസിക്യൂഷൻ ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്. ഒരു വ്യക്തിയുടെ സ്വകാര്യതയിലേക്കോ, കുടുംബജീവിതത്തിലേക്കോ കടന്ന് കയറുന്നതിനായി അനുമതി കൂടാതെ ദൃശ്യങ്ങൾ പകർത്തുക, ഓൺലൈനിലൂടെ ദൃശ്യശ്രവ്യ രേഖകൾ പുറത്ത് വിടുക, അപവാദങ്ങളും, വ്യാജവാർത്തകളും പ്രചരിപ്പിക്കുക മുതലായ മുഴുവൻ പ്രവർത്തനങ്ങൾക്കും ഇത്തരം നിയമനടപടികൾ നേരിടേണ്ടി വരാമെന്ന് പ്രോസിക്യൂഷൻ ജനങ്ങളെ ഓർമ്മപ്പെടുത്തി.

അപമാനിക്കുന്നതിനായി മറ്റുള്ളവരെക്കുറിച്ച് അപഖ്യാതി പടർത്തുന്നതും, തെറ്റിദ്ധാരണ പടർത്തുന്ന കാര്യങ്ങൾ പ്രചരിപ്പിക്കുന്നതും കുറ്റകൃത്യമായി കണക്കാക്കുമെന്നും പ്രോസിക്യൂഷൻ കൂട്ടിച്ചേർത്തു. “ഇന്റർനെറ്റ്, കാമറയോട് കൂടിയ മൊബൈൽ ഫോൺ എന്നിവ ഉപയോഗപ്പെടുത്തി മറ്റുള്ളവരുടെ വ്യക്തിജീവിതത്തിലേക്കും, കുടുംബജീവിതത്തിലേക്കും കടന്ന് കയറി, അവരെക്കുറിച്ചുള്ള ദൃശ്യങ്ങൾ, വാർത്തകൾ, വിവരങ്ങൾ എന്നിവ പങ്കിടുന്നത്, ഇത്തരം വിവരങ്ങൾ സത്യമാണെങ്കിൽ കൂടി, രാജ്യത്ത് കുറ്റകൃത്യമായി കണക്കാക്കുന്നതാണ്. ഇത്തരം പ്രവർത്തനങ്ങൾക്ക് മൂന്ന് വർഷം വരെ തടവും, 5000 റിയാൽ പിഴയും ചുമത്താവുന്നതാണ്.”, പ്രോസിക്യൂഷൻ വ്യക്തത നൽകി.