ദുബായിലെ ഇന്ത്യൻ സമൂഹത്തിനായി സുരക്ഷാ അവബോധത്തിന്റെ പരിശീലനക്കളരിയൊരുക്കി

GCC News

വിവിധ തരത്തിലുള്ള കുറ്റകൃത്യങ്ങളെ കുറിച്ചുള്ള അവബോധമൊരുക്കുന്നതിനായി ദുബായ് പോലീസ് ഇന്ത്യൻ സമൂഹത്തിനായി പ്രത്യേക സുരക്ഷാ പരിശീലനക്കളരിയൊരുക്കി. ദുബായ് പോലീസ് ജനറൽ ഹെഡ്ക്വാട്ടേഴ്‌സും കോൺസുലേറ്റ് ജനറൽ ഓഫ് ഇന്ത്യയും സംയുക്തമായി സംഘടിപ്പിച്ച ഈ സുരക്ഷാ അവബോധ ക്ലാസ് ദുബായിലെ ഇന്ത്യൻ സമൂഹത്തിലെ യുവജനങ്ങൾക്കിടയിൽ സുരക്ഷയെക്കുറിച്ചുള്ള അറിവുകൾ വർദ്ധിപ്പിക്കുന്നതിനും സുരക്ഷയുടേതായ ഒരു പ്രബുദ്ധത ജീവിതത്തിന്റെ ഭാഗമാകുന്നതിനും മുൻഗണന കൊടുത്തുകൊണ്ടുള്ളതായിരുന്നു.

ദുബായ് പോലീസ് ഓഫീസേഴ്‌സ് ക്ലബിൽ വെച്ച് നടന്ന ഈ പരിശീലനക്കളരിയിൽ ദുബായ് പോലീസിലേയും ഇന്ത്യൻ കോൺസുലേറ്റിലെയും നിരവധി പ്രതിനിധികളും, ദുബായിലെ ഇന്ത്യൻ സമൂഹത്തിൽ നിന്നുള്ള 275 -ഓളം യുവ പ്രതിനിധികളും പങ്കെടുത്തു. ഈ പരിശീലനക്കളരിയിൽ സൈബർ കുറ്റകൃത്യങ്ങൾ, വിവിധ സാമ്പത്തിക തട്ടിപ്പുകൾ, ലഹരി പദാർത്ഥങ്ങളുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾ തുടങ്ങി നിരവധി വിഷയങ്ങളിൽ സുരക്ഷാ അവബോധ പ്രഭാഷണങ്ങൾ സംഘടിപ്പിച്ചിട്ടുണ്ടായിരുന്നു. ഇവകൂടാതെ ദുബായ് പോലീസിന്റെ നൂതനമായ വിവിധ പദ്ധതികളും സേവനങ്ങളും യുവജനങ്ങൾക്ക് പരിചയപ്പെടുത്തുന്ന പരിപാടികളും ഇതിൽ ഉണ്ടായിരുന്നു.