ഒമാനിലെ സുപ്രീം കമ്മിറ്റി നിർദ്ദേശിച്ചിട്ടുള്ള COVID-19 സുരക്ഷാ മുൻകരുതൽ നിർദ്ദേശങ്ങൾ ലംഘിച്ച 3 പേരുടെ വിവരങ്ങൾ, ഫോട്ടോ സഹിതം പബ്ലിക് പ്രോസിക്യൂഷൻ പുറത്തുവിട്ടു. 2021 ഫെബ്രുവരി 25-നാണ് പബ്ലിക് പ്രോസിക്യൂഷൻ ഇവരുടെ വിവരങ്ങൾ പുറത്ത് വിട്ടത്.
ഒമാനിലെ പൊതു സമൂഹത്തിന്റെ സുരക്ഷയ്ക്കായി ഏർപ്പെടുത്തിയിട്ടുള്ള മുൻകരുതൽ നിർദ്ദേശങ്ങൾ മറികടന്നതായി കണ്ടെത്തിയ ഇവർ മൂന്ന് പേരും ഒമാൻ പൗരന്മാരാണ്. പൊതു ഇടങ്ങളിൽ മാസ്കുകൾ ധരിക്കുന്നതിൽ വീഴ്ച്ച വരുത്തിയതിനും, ഇൻസ്റ്റിടൂഷണൽ ക്വാറന്റീൻ നടപടികൾ മറികടന്നതിനുമാണ് ഇവർക്കെതിരെ നിയമനടപടികൾ കൈകൊണ്ടിട്ടുള്ളത്. ഇവരെ അറസ്റ്റ് ചെയ്യുകയും, തുടർന്ന് കോടതികളിൽ ഹാജരാക്കുകയുമായിരുന്നു.
ഇവർക്കെതിരെ നോർത്ത് അൽ ബത്തിന, ദോഫാർ ഗവർണറേറ്റുകളിലെ കോടതികൾ ശിക്ഷാ നടപടികൾ കൈക്കൊണ്ട ശേഷമാണ് പ്രോസിക്യൂഷൻ ഇവരുടെ പേരും, മറ്റു വിവരങ്ങളും പങ്ക് വെച്ചത്. ഇവർക്ക് 3 മാസത്തെ തടവും, 1000 റിയാൽ പിഴയും ശിക്ഷയായി വിധിച്ചിട്ടുണ്ട്.