ഒമാൻ: വിദേശ യാത്രകൾക്കും, പൊതു ഇടങ്ങളിലേക്കുള്ള പ്രവേശനത്തിനും വാക്സിനേഷൻ നിർബന്ധമാക്കാൻ ആലോചിക്കുന്നതായി സുപ്രീം കമ്മിറ്റി

Oman

വിദേശത്ത് നിന്ന് ഒമാനിലേക്കും, തിരികെയുമുള്ള യാത്രകൾക്ക്, താമസിയാതെ COVID-19 വാക്സിനേഷൻ നിർബന്ധമാക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നതായി ഒമാൻ സുപ്രീം കമ്മിറ്റി അറിയിച്ചു. ഇതിന് പുറമെ രാജ്യത്തെ പൊതുഇടങ്ങളിലേക്കുള്ള പ്രവേശനം വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിവർക്ക് മാത്രമായി നിയന്ത്രിക്കുന്നതിനെ കുറിച്ചും ആലോചിച്ച് വരുന്നതായി കമ്മിറ്റി കൂട്ടിച്ചേർത്തു.

ജൂലൈ 29-ന് ഒമാൻ ആഭ്യന്തര വകുപ്പ് മന്ത്രി H.E. സയ്യിദ് ഫൈസൽ ബിൻ ഹമൗദ് അൽ ബുസൈദിയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് സുപ്രീം കമ്മിറ്റി ഇക്കാര്യം വ്യക്തമാക്കിയത്. ഒമാനിലെ പൊതു ഇടങ്ങൾ, സർക്കാർ സ്ഥാപനങ്ങൾ മുതലായ ഇടങ്ങളിലേക്ക് പ്രവേശനം അനുവദിക്കുന്നതിനും, വിദേശയാത്രകളുമായി ബന്ധപ്പെടുത്തിയും COVID-19 വാക്സിനേഷൻ നിർബന്ധമാക്കുന്നതിന്റെ നടപടിക്രമങ്ങളെക്കുറിച്ച് അധികൃതർ പഠിച്ച് വരികയാണെന്നും കമ്മിറ്റി അറിയിച്ചു.

അടുത്ത് തന്നെ ഈ തീരുമാനം നടപ്പിലാക്കുമെന്നും സുപ്രീം കമ്മിറ്റി കൂട്ടിച്ചേർത്തു. വാക്സിനേഷൻ നടപടികൾ വേഗത്തിൽ പൂർത്തിയാക്കാൻ ജനങ്ങളോട് കമ്മിറ്റി ആഹ്വാനം ചെയ്തിട്ടുണ്ട്.