2021 മാർച്ച് 7, ഞായറാഴ്ച്ച മുതൽ രാജ്യവ്യാപകമായി രാത്രികാല കർഫ്യു ഏർപ്പെടുത്താൻ കുവൈറ്റ് കൗൺസിൽ ഓഫ് മിനിസ്റ്റേഴ്‌സ് തീരുമാനിച്ചു. മാർച്ച് ഏഴ് മുതൽ ഏപ്രിൽ 8 വരെ ഒരു മാസത്തേക്കാണ് നിലവിൽ ഭാഗിക കർഫ്യു തിരികെ ഏർപ്പെടുത്താൻ തീരുമാനിച്ചിട്ടുള്ളത്. ഈ കാലയളവിൽ ദിനവും വൈകീട്ട് 5 മണിമുതൽ പിറ്റേന്ന് രാവിലെ 5 വരെയാണ് കർഫ്യു ഏർപ്പെടുത്തുന്നത്.
കുവൈറ്റ് പ്രധാന മന്ത്രി H.H. ഷെയ്ഖ് സബാഹ് അൽ ഖാലിദ് അൽ ഹമദ് അൽ സബാഹ്‌യുടെ നേതൃത്വത്തിൽ മാർച്ച് 4-ന് വൈകീട്ട് ചേർന്ന കൗൺസിൽ ഓഫ് മിനിസ്റ്റേഴ്‌സ് യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനങ്ങൾ ഉണ്ടായത്. മാർച്ച് 4-ന് രാത്രി കുവൈറ്റ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം അറിയിച്ചത്.
രാജ്യത്തെ കൊറോണ വൈറസ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് രാത്രികാല നിയന്ത്രണങ്ങൾ ശക്തമാക്കാൻ അധികൃതർ തീരുമാനിച്ചത്. കുവൈറ്റിൽ COVID-19 രോഗബാധിതരുടെ എണ്ണം ഉയരുന്ന സാഹചര്യത്തിൽ കുവൈറ്റിലേക്കുള്ള യാത്രകൾ കഴിയുന്നതും ഒഴിവാക്കാൻ യു എസ് സെന്റർ ഫോർ ഡിസീസ് കൺട്രോൾ (US CDC) കഴിഞ്ഞ ദിവസം യാത്രികർക്ക് നിർദ്ദേശം നൽകിയിരുന്നു.
താഴെ പറയുന്ന തീരുമാനങ്ങളാണ് മാർച്ച് 4-ന് കുവൈറ്റ് കൗൺസിൽ ഓഫ് മിനിസ്റ്റേഴ്‌സ് യോഗത്തിൽ കൈകൊണ്ടിട്ടുള്ളത്:
- മാർച്ച് 7, 2021 ഞായറാഴ്ച്ച മുതൽ ഏപ്രിൽ 8, 2021 വരെ രാത്രി സമയങ്ങളിൽ കുവൈറ്റിലുടനീളം കർഫ്യു ഏർപ്പെടുത്തും. ദിനവും വൈകീട്ട് 5 മുതൽ പിറ്റേന്ന് രാവിലെ 5 വരെയാണ് കർഫ്യു ഏർപ്പെടുത്തുന്നത്. സാഹചര്യങ്ങൾ വിലയിരുത്തിയ ശേഷം ആവശ്യമെങ്കിൽ ഈ തീരുമാനം നീട്ടാവുന്നതാണ്.
- കർഫ്യു സമയങ്ങളിൽ നിയന്ത്രണങ്ങൾ ഉറപ്പാക്കുന്നതിനായി പൊലീസിന് കൂടെ നാഷണൽ ഗാർഡ് അംഗങ്ങളുടെ സഹായം ഉറപ്പാക്കും.
- കർഫ്യു നിലനിൽക്കുന്ന സമയങ്ങളിൽ പള്ളികളിലെ പ്രാർത്ഥനകളിൽ പങ്കെടുക്കുന്നതിന് മാത്രം വ്യക്തികൾക്ക് വീടുകൾക്ക് പുറത്തിറങ്ങി നടക്കാൻ അനുമതി നൽകിയിട്ടുണ്ട്.
- കർഫ്യു സമയങ്ങളിൽ ഫാർമസി, മെഡിക്കൽ സപ്ലൈ സ്റ്റോഴ്സ്, കോഓപ്പറേറ്റീവ് സ്റ്റോഴ്സ് മുതലായവ ഹോം ഡെലിവറി സേവനങ്ങൾ മാത്രം നൽകുന്ന രീതിയിൽ പ്രവർത്തിക്കും.
- എ സി, എലവേറ്റർ എന്നിവയുടെ അറ്റകുറ്റപ്പണികൾ നടത്തുന്ന ജീവനക്കാർക്ക് കർഫ്യു സമയത്ത് അടിയന്തിര ആവശ്യങ്ങൾക്ക് സഞ്ചരിക്കുന്നതിന് ഇളവ് നൽകും.
- കർഫ്യു ഏർപ്പെടുത്താത്ത, പകൽ 5 മുതൽ വൈകീട്ട് 5 വരെയുള്ള സമയങ്ങളിൽ റെസ്റ്ററന്റുകൾ, കഫെ തുടങ്ങിയ ഭക്ഷണശാലകളിൽ ഉപഭോക്താക്കൾക്ക് ഇരുന്ന് ഭക്ഷണം കഴിക്കുന്നതിന് അനുമതിയില്ല. പാർസൽ സേവനങ്ങൾ മാത്രമാണ് അനുവദിക്കുന്നത്.
- ടാക്സികളിൽ പരമാവധി രണ്ട് യാത്രികർക്ക് മാത്രം അനുമതി.
- പൊതു ഇടങ്ങൾ, പാർക്കുകൾ, ഗാർഡനുകൾ എന്നവിടങ്ങളിൽ പൊതുജനങ്ങൾക്ക് ഇരിക്കുന്നതിനുള്ള സൗകര്യങ്ങൾ അടച്ചിടുന്നതാണ്.
- വിദേശികൾക്ക് രാജ്യത്തേക്ക് പ്രവേശിക്കുന്നതിന് ഏർപ്പെടുത്തിയിട്ടുള്ള വിലക്കുകൾ ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ തുടരും.
പൊതുജനങ്ങളോട് ഈ നിർദ്ദേശങ്ങൾ കർശനമായി പാലിക്കാൻ കുവൈറ്റ് ക്യാബിനറ്റ് ആഹ്വാനം ചെയ്തിട്ടുണ്ട്. സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കാനും, ഒത്ത്ചേരലുകൾ ഒഴിവാക്കാനും ജനങ്ങളോട് അധികൃതർ ആവശ്യപ്പെട്ടു.