വിദേശ തീർത്ഥാടകരെ സ്വാഗതം ചെയ്യുന്നതിനുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ചതായി സൗദി ഹജ്ജ് മന്ത്രാലയം

GCC News

വിദേശ രാജ്യങ്ങളിൽ നിന്നുള്ള തീർത്ഥാടകരെ ഉംറ തീർത്ഥാടനത്തിൽ ഉൾപ്പെടുത്തുന്നതിനുള്ള തയ്യാറെടുപ്പുകൾ പൂർത്തിയായി വരുന്നതായി സൗദി ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു. വിദേശ തീർത്ഥാടകരെ ഉൾപ്പെടുത്തി തീർത്ഥാടനം വിപുലീകരിക്കുന്നതിനായി, 700-ൽ പരം ഉംറ സേവന സ്ഥാപനങ്ങൾ ആവശ്യമായ തയ്യാറെടുപ്പുകൾ നടത്തിയതായി സൗദിയിലെ ഒരു പ്രാദേശിക ടി വി ചാനലിന് നൽകിയ അഭിമുഖത്തിൽ ഹജ്ജ്, ഉംറ വകുപ്പ് ഡെപ്യൂട്ടി മന്ത്രി അബ്ദുൽ റഹ്മാൻ ഷംസ് വ്യക്തമാക്കി.

തടസ്സങ്ങളോ, സാങ്കേതിക പ്രശ്നങ്ങളോ, രോഗബാധയോ ഇല്ലാതെ ആഭ്യന്തര തീർത്ഥാടകരെ പങ്കെടുപ്പിച്ച് ഉംറ തീർത്ഥാടനത്തിന്റെ ആദ്യ ഘട്ടം പൂർത്തിയാക്കിയതും, രണ്ടാം ഘട്ടം ആരംഭിച്ചതും അധികൃതർക്ക് ആത്മവിശ്വാസം പകരുന്നതാണ്. ഒക്ടോബർ 4 മുതൽ ആരംഭിച്ച തീർത്ഥാടനത്തിന്റെ ആദ്യ ഘട്ടത്തിൽ ഒന്നേകാൽ ലക്ഷത്തോളം തീർത്ഥാടകർ പങ്കെടുത്തതായി ഹജ്ജ് മന്ത്രാലയം കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

ഉംറ തീർത്ഥാടനത്തിന്റെ രണ്ടാം ഘട്ടം ഒക്ടോബർ 18, ഞായറാഴ്ച്ച മുതൽ ആരംഭിച്ചിട്ടുണ്ട്. രണ്ടാം ഘട്ടത്തിൽ പ്രതിദിനം 15000 തീർത്ഥാടകർക്കാണ് ഉംറ അനുഷ്ഠിക്കുന്നതിന് അനുവാദം നൽകുന്നത്. ഇതോടൊപ്പം രണ്ടാം ഘട്ടത്തിൽ, മക്കയിലെ ഗ്രാൻഡ് മോസ്‌കിലേക്കും, പ്രവാചകന്റെ പള്ളിയിലേക്കും പ്രാർത്ഥനകൾക്കായി പ്രതിദിനം 40000 പേർക്ക് പ്രവേശനം അനുവദിച്ചിട്ടുണ്ട്. ആദ്യ രണ്ട് ഘട്ടങ്ങളിലും നിലവിൽ രാജ്യത്തിനകത്തുള്ള സൗദി പൗരന്മാർക്കും, പ്രവാസികൾക്കും മാത്രമാണ് തീർത്ഥാടനത്തിന് അനുമതി നൽകുന്നത്.

നവംബർ 1 മുതൽ ആരംഭിക്കുന്ന തീർത്ഥാടനത്തിന്റെ മൂന്നാം ഘട്ടത്തിൽ, രോഗസാധ്യത കുറഞ്ഞ രാജ്യങ്ങളിൽ നിന്നെത്തുന്ന വിദേശ തീർത്ഥാടകരെ കൂടി ഉൾപ്പെടുത്തി പ്രതിദിനം പരമാവധി 20000 തീർത്ഥാടകർക്ക് ഉംറ അനുഷ്ഠിക്കുന്നതിനുള്ള സേവനങ്ങൾ നൽകാനാണ് ഹജ്ജ്, ഉംറ വകുപ്പ് തയ്യാറെടുക്കുന്നത്. വിദേശ രാജ്യങ്ങളിൽ നിന്ന് ഉംറ തീർത്ഥാടനത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ഉംറ സേവനങ്ങൾ നൽകുന്നതിനായി മന്ത്രാലയം ചുമതലപ്പെടുത്തിയിട്ടുള്ള സ്ഥാപനങ്ങളിലൂടെ അനുവാദം നേടണമെന്ന് അബ്ദുൽ റഹ്മാൻ ഷംസ് വ്യക്തമാക്കി. വിദേശ തീർത്ഥാടകർക്ക് സംഘങ്ങളായി രാജ്യത്തേക്ക് പ്രവേശിക്കുന്നതിനാണ് അനുമതി നൽകുക എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഉംറ തീർത്ഥാടനത്തിനുള്ള സ്മാർട്ട് ആപ്പ് Eatmarna ആഭ്യന്തര തീർത്ഥാടകരുടെ ആവശ്യങ്ങൾക്കായുള്ളതാണെന്നും അദ്ദേഹം അറിയിച്ചു. വിദേശ തീർത്ഥാടകർക്ക് അനുമതി നൽകുന്നതിനുള്ള നടപടികൾ ഉംറ സേവന സ്ഥാപനങ്ങളുമായും, വിദേശ രാജ്യങ്ങളിലെ അവരുടെ അംഗീകൃത ഏജൻസികളുമായും ചേർന്ന് മന്ത്രാലയം ആരംഭിച്ചതായും അദ്ദേഹം വ്യക്തമാക്കി.