ബഹ്‌റൈൻ: 400 ദിനാറിൽ കൂടുതൽ പ്രതിമാസ വരുമാനമുള്ള പ്രവാസികൾക്ക് മക്കളെ സ്പോൺസർ ചെയ്യുന്നതിന് അനുമതി

GCC News

ബഹ്‌റൈനിലെ പ്രവാസി ജീവനക്കാരുടെ റെസിഡൻസി പെർമിറ്റുകളും, എൻട്രി വിസകളും അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് ആഭ്യന്തര മന്ത്രാലയം ഏതാനം തീരുമാനങ്ങൾ കൈക്കൊണ്ടതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഈ തീരുമാനപ്രകാരം 400 ദിനാറിൽ കൂടുതൽ പ്രതിമാസ വരുമാനമുള്ള പ്രവാസികൾക്ക്, ഭാര്യ, 24 വയസ്സിന് താഴെ പ്രായമുള്ള മക്കൾ എന്നിവരെ സ്പോൺസർ ചെയ്യുന്നതിന് അനുമതി നൽകിയിട്ടുണ്ട്.

പ്രവാസി ജീവനക്കാർക്ക് രക്ഷിതാക്കളെയും, 24 വയസ്സിന് മുകളിൽ പ്രായമുള്ള മക്കളെയും സ്പോൺസർ ചെയ്യുന്നതിനായി പ്രതിമാസം 1000 ദിനാറിൽ കൂടുതൽ വരുമാനം ആവശ്യമാണെന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഇതിന് പുറമെ, സ്പോൺസർ ചെയ്യുന്ന പ്രവാസികൾക്ക് ബഹ്‌റൈനിൽ സാധുതയുള്ള ആരോഗ്യ ഇൻഷുറൻസ് നിർബന്ധമാണെന്നും മന്ത്രാലയം വ്യക്തമാക്കി.

നാഷണൽ പാസ്സ്പോർട്സ് ആൻഡ് റെസിഡൻസി അഫയേഴ്‌സ് (NPRA) വിഭാഗം ഈ തീരുമാനം നടപ്പിലാക്കുന്നതിനായി ഓരോ സ്‌പോൺസർഷിപ്പ് അപേക്ഷകളെയും സാഹചര്യം അനുസരിച്ച് പ്രത്യേകം പരിഗണിക്കുന്നതാണെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. അപേക്ഷകൾ സ്വീകരിക്കുന്നതും, തള്ളിക്കളയുന്നതും പൂർണ്ണമായും NPRA-യുടെ വിവേചനാധികാരത്തിനനുസരിച്ചായിരിക്കും.