യു എ ഇ ആരോഗ്യ മന്ത്രാലയത്തിന്റെ മേൽനോട്ടത്തിൽ എമിറേറ്റിൽ നടന്ന് വന്നിരുന്ന റഷ്യൻ നിർമ്മിത COVID-19 വാക്സിനിന്റെ മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങളുടെ കുത്തിവെപ്പുകൾ നൽകുന്ന ഘട്ടം പൂർത്തിയായതായി അബുദാബി ഡിപ്പാർട്ട്മെന്റ് ഓഫ് ഹെൽത്ത് അറിയിച്ചു. മാർച്ച് 11-ന് രാവിലെയാണ് അബുദാബി മീഡിയ ഓഫീസ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
ഈ പരീക്ഷണത്തിന്റെ ഭാഗമായി 1000 സന്നദ്ധസേവകർ രണ്ട് ഡോസ് വാക്സിൻ കുത്തിവെപ്പ് സ്വീകരിച്ചതായി അധികൃതർ വ്യക്തമാക്കി. ഇതോടെ പരീക്ഷണങ്ങളുടെ കുത്തിവെപ്പ് നൽകുന്ന ഘട്ടം അവസാനിച്ചതായും അധികൃതർ കൂട്ടിച്ചേർത്തു.
നിലവിൽ ഈ പരീക്ഷണങ്ങൾ വാക്സിൻ സ്വീകരിച്ചവരുമായി ബന്ധപ്പെട്ടുള്ള വിവരങ്ങളുടെ ശാസ്ത്രീയ അപഗ്രഥന ഘട്ടത്തിലേക്ക് പ്രവേശിച്ചതായും അധികൃതർ അറിയിച്ചു. വാക്സിൻ സ്വീകരിച്ചവരിലെ രോഗപ്രതിരോധശേഷി 6 മാസത്തേക്ക് പഠനവിധേയമാക്കുന്നതാണ്. യു എ ഇയിലെ പരീക്ഷണങ്ങളുടെ ഭാഗമായി ശേഖരിക്കുന്ന വിവരങ്ങൾ ഈ വാക്സിനിന്റെ ആഗോളതലത്തിലുള്ള പരീക്ഷണത്തിൽ നിന്ന് ലഭ്യമായിട്ടുള്ള വിവരങ്ങളുമായി സംയോജിപ്പിച്ച ശേഷം ഏപ്രിൽ മാസത്തോടെ വാക്സിൻ സുരക്ഷ, ഫലപ്രാപ്തി തുടങ്ങിയവ സംബന്ധിച്ചുള്ള രേഖകൾ പുറത്ത് വിടുന്നതാണ്. ഈ വാക്സിൻ 91.6 ശതമാനം ഫലപ്രദമാണെന്നാണ് ഇതു വരെയുള്ള കണക്കുകൾ സൂചിപ്പിക്കുന്നത്.
മനുഷ്യരിൽ സാധാരണയായി കണ്ണുകളെയും, ശ്വാസകോശങ്ങളെയും ബാധിക്കുന്ന അഡിനോവൈറസുകളെ അടിസ്ഥാനമാക്കിയാണ് ഈ വാക്സിൻ നിർമ്മിക്കുന്നത്. റഷ്യയിലെ ഗമലേയ നാഷണൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടാണ് ഈ വാക്സിൻ തയ്യാറാക്കിയത്. റഷ്യൻ ഡയറക്റ്റ് ഇൻവെസ്റ്മെന്റ് ഫണ്ട് (RDIF), ‘Aurugulf’ ഹെൽത്ത് ഇൻവെസ്റ്മെന്റ് എന്നിവർ സംയുക്തമായാണ് ഈ വാക്സിൻ പരീക്ഷണങ്ങൾ യു എ ഇയിൽ നടപ്പിലാക്കിയത്.